Top

‘മുത്തശ്ശിയെ കാണാന്‍ പോയി, അതിലെന്താണ് തെറ്റ്?’; രാഹുലിന്റെ വിദേശയാത്രയെക്കുറിച്ച് കെസി വേണുഗോപാല്‍; ‘ബിജെപി തരംതാണ രാഷ്ട്രീയം പയറ്റുന്നു’

എല്ലാവര്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് യാത്രകള്‍ നടത്താന്‍ അവകാശമുണ്ട്. ബിജെപി തരംതാണ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും അവര്‍ രാഹുല്‍ഗാന്ധിയെ മനപൂര്‍വ്വം ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

28 Dec 2020 2:08 AM GMT

‘മുത്തശ്ശിയെ കാണാന്‍ പോയി, അതിലെന്താണ് തെറ്റ്?’; രാഹുലിന്റെ വിദേശയാത്രയെക്കുറിച്ച് കെസി വേണുഗോപാല്‍; ‘ബിജെപി തരംതാണ രാഷ്ട്രീയം പയറ്റുന്നു’
X

കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ രാഹുല്‍ഗാന്ധി വിദേശയാത്ര പോയത് ചൂണ്ടി ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി കെസി വേണുഗോപാല്‍ എംപി. രാഹുല്‍ മുത്തശ്ശിയെ കാണാന്‍ പോയതാണെന്നും അതില്‍ ഇപ്പോള്‍ എന്താണ് തെറ്റെന്നും കെസി ചോദിച്ചു. എല്ലാവര്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് യാത്രകള്‍ നടത്താന്‍ അവകാശമുണ്ട്. ബിജെപി തരംതാണ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും അവര്‍ രാഹുല്‍ഗാന്ധിയെ മനപൂര്‍വ്വം ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം.

കര്‍ഷകസമരം കത്തിപ്പടരുന്ന സമയത്ത് രാഹുല്‍ വിദേശത്ത് പുതുവത്സരമാഘോഷിക്കാന്‍ പോകുകയാണെന്ന് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെ രാഹുലിന്റെ വിദേശയാത്ര വിവാദമായിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ച രാഹുല്‍ ഗാന്ധി സ്വകാര്യ ആവശ്യത്തിന് വിദേശത്തേക്ക് തിരിച്ചതാണ് സമ്മിശ്ര പ്രതികരണങ്ങളും അഭ്യൂഹങ്ങളും ഉയര്‍ത്തിവിട്ടത്. രാഹുല്‍ സ്വകാര്യ സന്ദര്‍ശനത്തിന് വിദേശത്ത് പോയെന്ന് സൂചിപ്പിച്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രാഹുല്‍ ഏത് രാജ്യത്തേക്കാണ് പോകുന്നതെന്ന് പറയാതിരുന്നതിനാല്‍ പലവിധ കഥകളാണ് രാജ്യമെമ്പാടും പ്രചരിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങള്‍, കര്‍ഷകപ്രതിഷേധം എന്നിവ കത്തിപ്പടരുന്ന ഒരു ഘട്ടത്തില്‍ത്തന്നെ രാഹുല്‍ രാജ്യം വിട്ട് പോയതിന് കോണ്‍ഗ്രസിനകത്തുനിന്ന് തന്നെ വിമര്‍ശനങ്ങളും മുറുമുറുപ്പും ഉയരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപകദിനം കൂടിയായ ഈ ദിവസത്തില്‍ രാഹുല്‍പോയത് പാര്‍ട്ടിയെ വിഷമഘട്ടത്തിലാക്കിയിട്ടുണ്ട്.

എന്നാല്‍ പര്യടനത്തിനിടയില്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് സ്ഥാപകദിനം ഓര്‍മ്മിപ്പിച്ച് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ഒരു വീഡിയോയ്ക്കൊപ്പം കോണ്‍ഗ്രസ് വരു കാലത്തും പ്രതിജ്ഞകള്‍ പാലിക്കുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഈ അവസരത്തില്‍ പുതുവര്‍ഷമാഘോഷിക്കാന്‍ രാഹുല്‍ യാത്രപോകുന്നത് രാഷ്ട്രീയത്തെ അദ്ദേഹം ഗൗരവമായല്ല കാണുന്നതെന്നതിന്റെ തെളിവാണെന്ന് ബിജെപി അനുഭാവികള്‍ സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തുന്നുണ്ട്.

Next Story