Top

‘രാഹുല്‍ വൈദേശിക മനോഭാവം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്, ദേശീയവാദികളുടെ പക്കല്‍ ട്യൂഷന് പോകണം’; വീണ്ടും ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് എംഎല്‍എ സുരേന്ദ്ര സിംഗ്

5 Oct 2020 6:50 AM GMT

‘രാഹുല്‍ വൈദേശിക മനോഭാവം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്, ദേശീയവാദികളുടെ പക്കല്‍ ട്യൂഷന് പോകണം’; വീണ്ടും ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്
X

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് എംഎല്‍എ സുരേന്ദ്ര സിംഗ്. രാഹുല്‍ വൈദേശിക മനോഭാവം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്, ഭാരതീയ സംസ്‌കാരത്തെ അംഗീകരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു. പ്രമുഖ വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവെയാണ് സിംഗ് ഈ ആരോപണം ഉന്നയിച്ചത്.

‘ദേശിയതയെന്താണെന്നറിയണമെങ്കില്‍ അദ്ദേഹം ദേശീയവാദികളുടെ പക്കല്‍ ട്യൂഷന് പോകണം. ഭാരതീയ സംസ്‌കാരം എന്താണെന്ന് മനസ്സിലാക്കാന്‍ രാഹുലിന് കഴിയില്ല. രാഹുലിന്റെയും പ്രിയങ്കയുടെയും ദ്വന്ദ്വ വ്യക്തിത്വം ഹാത്രസിലേക്കുള്ള യാത്രാമധ്യേ കണ്ടതാണ്. യാത്രയ്ക്കിടയില്‍ സന്തോഷിച്ച് ചിരിച്ചിരുന്നവര്‍, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കേറിച്ചെന്നത് നിറകണ്ണുകളുമായാണ്. ഇതിലൂടെ തന്നെ എല്ലാം വ്യക്തമാണ്’, സുരേന്ദ്ര സിംഗ് പറഞ്ഞു.

ബലാത്സംഗം ഇല്ലാതാകാന്‍ പെണ്‍കുട്ടികള്‍ക്ക് സംസ്‌കാരം പഠിപ്പിച്ചുകൊടുക്കണമെന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ന് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി എത്തിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ ബിജെപിയുടെ വൃത്തികെട്ട പുരുഷമേധാവിത്വ ചിന്തയുടെ ഭാഗമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുശേഷമാണ് രാഹുലിനും പ്രയങ്കയ്ക്കുമെതിരെ വിമര്‍ശനവുമായി സുരേന്ദ്ര സിംഗ് രംഗത്തെത്തിയത്.

പുരുഷന്‍മാര്‍ ബലാത്സംഗം ചെയ്യും. പക്ഷേ, പെണ്‍കുട്ടികള്‍ സംസ്‌കാരം പഠിക്കണമെന്നായിരുന്നു എംഎല്‍ംഎയുടെ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു രാഹുലില്‍റെ ട്വീറ്റ്.

യുപിയിലെ ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവന.

യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. ഇതിന് മുന്‍പും സുരേന്ദ്ര സിംഗ് ഇത്തരത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. വിഭജനസമയത്തുതന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്നും ഗോഡ്സെ തീവ്രവാദിയല്ലെന്നുമടക്കമുള്ള സുരേന്ദ്ര സിംഗിന്റെ പരാമര്‍ശങ്ങള്‍ മുന്‍പും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.

Next Story