Top

‘രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അന്തകനായി മാറുന്നു’; കേന്ദ്രത്തെ തുടര്‍ച്ചയായി കടന്നാക്രമിക്കുന്നെന്ന് നിര്‍മ്മലാ സീതാരാമന്‍

ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാനും അപമാനിക്കാനും വേണ്ടിയുള്ള പ്രചരണങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നതായും ധനമന്ത്രി കുറ്റപ്പെടുത്തി.

13 Feb 2021 5:00 AM GMT

‘രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അന്തകനായി മാറുന്നു’; കേന്ദ്രത്തെ തുടര്‍ച്ചയായി കടന്നാക്രമിക്കുന്നെന്ന് നിര്‍മ്മലാ സീതാരാമന്‍
X

ഇന്ത്യയുടെ ഭരണഘടനാസ്ഥാപനങ്ങളെയൊക്കെ നിരന്തരം കടന്നാക്രമിക്കുന്ന രാഹുല്‍ഗാന്ധി ഇന്ത്യയുടെ അന്തകനായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാജ്യത്തിലെ സാധാരണ ജനങ്ങളെ തീരെ പരിഗണിക്കാതെ മോദി സര്‍ക്കാര്‍ അവരുടെ മൈത്രീ മുതലാളിത്ത മുഖം പുറത്തെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായായിരുന്നു നിര്‍മ്മല സീതാരാമന്റെ ആക്ഷേപം.

പല വിഷയങ്ങളിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിയ്ക്ക് സര്‍ക്കാരില്‍ നിന്നും അതിന്റെ മറുപടിയോ വിശദീകരണമോ കേള്‍ക്കാനുള്ള ക്ഷമയില്ലെന്നും നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി. ജനാധിപത്യത്തിലും പാര്‍ലമെന്ററി വ്യവസ്ഥയിലുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശ്വാസം അസ്തമിച്ചെന്നും നിര്‍മ്മല സീതാരാമന്‍ ആഞ്ഞടിച്ചു. ജനങ്ങള്‍ ഈ പ്രവണത മനസിലാക്കണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകപ്രക്ഷോഭം ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ രാഹുല്‍ഗാന്ധിയ്ക്ക് നേരെ നിര്‍മ്മല അതേ നാണയത്തില്‍ തിരിച്ചടിച്ചു. കാര്‍ഷികമേഖലയ ഈ വിധത്തില്‍ പരിഷ്‌കരിക്കണമെന്ന് പറഞ്ഞ മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെക്കുറിച്ചോ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ രാഹുല്‍ ഗാന്ധിയ്ക്ക് യാതൊന്നും പറയാനില്ലെന്നും നിര്‍മ്മല പരിഹസിച്ചു.

‘നാം രണ്ട് നമ്മുക്ക് രണ്ട്’ എന്ന വാചകം പോലെ സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ കുടുംബത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. ‘അളിയന്‍’ കര്‍ഷകരില്‍ നിന്നും പിടിച്ചെടുത്ത ഭൂമി അവര്‍ക്ക് തന്നെ തിരിച്ചുനല്‍കാന്‍ രാഹുല്‍ ഗാന്ധി മുന്‍കൈയ്യെടുക്കുമെന്ന് കൂടി ഞാന്‍ പ്രതീക്ഷിക്കുന്നു. രാഹുലിനെതിരെയുള്ള നിര്‍മ്മലാ സീതാരാമന്റെ വ്യക്തിപരമായ വിര്‍ശനങ്ങള്‍ ഇങ്ങനെ. ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാനും അപമാനിക്കാനും വേണ്ടിയുള്ള പ്രചരണങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നതായും ധനമന്ത്രി കുറ്റപ്പെടുത്തി.

Next Story