Top

‘കര്‍ഷക സമരത്തിനൊപ്പമുള്ളവര്‍ക്ക് നേരെയെല്ലാം മോദിയുടെ റെയ്ഡ്; പുതിയ ഹാഷ്ടാഗുമായി രാഹുല്‍ഗാന്ധി’; തപ്‌സിയ്ക്കും അനുരാഗ് കശ്യപിനും പിന്തുണ

കേന്ദ്ര ഏജന്‍സികളും മാധ്യമങ്ങളും സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും രാഹുല്‍ ആഞ്ഞടിച്ചു.

4 March 2021 1:58 AM GMT

‘കര്‍ഷക സമരത്തിനൊപ്പമുള്ളവര്‍ക്ക് നേരെയെല്ലാം മോദിയുടെ റെയ്ഡ്; പുതിയ ഹാഷ്ടാഗുമായി രാഹുല്‍ഗാന്ധി’; തപ്‌സിയ്ക്കും അനുരാഗ് കശ്യപിനും പിന്തുണ
X

നടി തപ്‌സി പന്നുവിന്റേയും സംവിധായകന്‍ അനുരാഗ് കശ്യപിന്റേയും വീടുകളില്‍ ആദായനികുതി റെയ്ഡ് നടക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷക സമരത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കെതിരെയാണ് മോദി സര്‍ക്കാര്‍ റെയ്ഡ് നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി ഒരു ട്വീറ്റിലൂടെ പറഞ്ഞു. മോഡിറെയ്ഡ്‌സ് പ്രോഫാര്‍മേര്‍സ് എന്ന ഹാഷ് ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്.

ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, മുതലായ കേന്ദ്രഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുല്‍ ട്വീറ്റിലൂടെ ആരോപിക്കുന്നു. കേന്ദ്ര ഏജന്‍സികളും മാധ്യമങ്ങളും സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും രാഹുല്‍ ആഞ്ഞടിച്ചു.

കഴിഞ്ഞ ദിവസമാണ് തപ്‌സി പന്നു, അനുരാഗ് കശ്യപ്, വികാസ് ബാല്‍, നിര്‍മാതാവ് മധു മന്ദേന തുടങ്ങിയവരുടെ വീടുകളിൽ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നത്. ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. അനുരാഗ് കശ്യപ്, വികാസ് ബാല്‍, മധു മന്ദേന തുടങ്ങിയവര്‍ ഒരുമിച്ചതാണ് 2011 ല്‍ ഫാന്റം ഫിലിംസ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. വികാസ് ബാലിനെതിരായ ലൈംഗികാരോപണത്തെം തുടര്‍ന്ന് കമ്പനി പിന്നീട് പിരിച്ചുവിടുകയായിരുന്നു.

തപ്‌സി, പന്നുവും അനുരാഗ് കശ്യപും കേന്ദ്രത്തിനെതിരെ പരസ്യമായി വിവിധ വിഷയങ്ങളില്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ചെയ്ത ട്വീറ്റ് വിവാദമായപ്പോള്‍ റിഹാനയ്ക്ക് പിന്തുണയറിയിച്ചു കൊണ്ട് തപ്‌സി രംഗത്തെത്തിയത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. ഒരു ട്വീറ്റുകൊണ്ട് നിങ്ങളുടെ ഐക്യം തകര്‍ന്നുപോകുന്നെങ്കില്‍ സ്വന്തം മൂല്യബോധമാണ് പരിശോധിക്കേണ്ടത് എന്നായിരുന്നു റിഹാനയെ പിന്തുണച്ച് കൊണ്ട് തപ്‌സി പ്രതികരിച്ചത്.

Next Story