‘പ്രത്യുല്‍പ്പാദന തോത് ഹിന്ദുക്കള്‍ക്ക് 1.3, മുസ്ലീങ്ങള്‍ക്ക് 2.6, ഇത് പ്രശ്‌നമാകുമോ എന്ന ഭയമാണ് അടിസ്ഥാനവിഷയം’; സ്ഥലപ്പേര് ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഈശ്വര്‍
വാര്‍ത്ത വളരെ പെട്ടെന്ന് പ്രചരിക്കപ്പെടുകയും പങ്കുവെക്കപ്പെടുന്നതും ഹിന്ദുസമൂഹം അനുഭവിക്കുന്ന ചില ആത്മീയ ശൂന്യതയുടെ പ്രശ്‌നം കൊണ്ടാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
29 Jun 2021 9:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലപേരുകള്‍ മാറ്റാന്‍ കേരളം പദ്ധതിയൊരുക്കുന്നു എന്ന പ്രചരണത്തിന് ബിജെപി മാപ്പുപറയണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. പേര് മാറ്റത്തിന് ശ്രമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിശദീകരിച്ചതോടെ വിഷയം അവസാനിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. വാര്‍ത്ത വന്നയുടന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം പെട്ടെന്ന് സ്വാഭാവികമായി പ്രതികരണമറിയിക്കുകയായിരുന്നു. ഇതിനെ ബിജെപിയുടെ എന്തെങ്കിലും ഗൂഢാലോചനയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത വളരെ പെട്ടെന്ന് പ്രചരിക്കപ്പെടുകയും പങ്കുവെക്കപ്പെടുന്നതും ഹിന്ദുസമൂഹം അനുഭവിക്കുന്ന ചില ആത്മീയ ശൂന്യതയുടെ പ്രശ്‌നം കൊണ്ടാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ഇത് ഈ വിഷയത്തിന്റെ മാത്രം സവിശേഷതയൊന്നുമല്ല. 2.6 ശതമാനം പ്രത്യുല്‍പ്പാദന തോത് മുസ്ലീം വിഭാഗത്തിനും 1.3 ശതമാനം പ്രത്യുല്‍പ്പാദന തോത് ഹിന്ദുവിഭാഗത്തിനുമെന്നത് ഭാവിയില്‍ പ്രശ്‌നമുണ്ടായേക്കുമോ എന്ന ഭയമാണ് അടിസ്ഥാന വിഷയം. അതാണ് ഹലാല്‍ വിവാദമായും ഡാന്‍സ് ജിഹാദ് ആരോപണമായുമെല്ലാം പുറത്തുവരുന്നത്. അത് ഹിന്ദു അനുഭവിക്കുന്ന ആത്മീയ ശൂന്യതയുടെ പ്രശ്‌നമാണ്. അത് നികത്താന്‍ ഒരു അപരനെ അവര്‍ക്ക് ആവശ്യമുണ്ട്. ഇത് ഒരു ലിബറല്‍ വിഭാഗം പറയുന്നതുപോലെ ആര്‍എസ്എസ് പ്രചരിപ്പിക്കുന്നതൊന്നുമല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.മീഡിയ വണ്‍ ടിവിയിലെ പ്രത്യേക ചര്‍ച്ച പരിപാടിക്കിടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശങ്ങള്‍.
അതിര്‍ത്തിയിലുള്ള ഏതെങ്കിലും ഒരു ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചന പോലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അയച്ചതായി പ്രചരിക്കുന്ന കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയൊരു കത്ത് ഉണ്ടായിരുന്നെങ്കില്‍ സാധാരണ ഗതിയില്‍ ഇതിനികം അത് തന്റെ പക്കല്‍ എത്തുമായിരുന്നു എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. നമ്മുടെ നാട്ടില്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമായിട്ടായിരിക്കണം ഒരു കഴമ്പുമില്ലാത്ത ഈ വാര്‍ത്ത പ്രചരിക്കുന്നത്. ഇല്ലാത്ത ഒരു കാര്യം എങ്ങനെ വാര്‍ത്തയാക്കി എടുക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണ്ണാടക- കേരള അതിര്‍ത്തി ഗ്രാമങ്ങളിലെ കന്നഡ ഭാഷയിലുള്ള സ്ഥലപേരുകള്‍ മലയാള വത്കരിക്കാന്‍ കേരളം നീക്കം നടത്തുന്നതായി ആയിരുന്നു അഭ്യൂഹങ്ങള്‍. നേരത്തെ ഈ പ്രചരണം തള്ളി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു ഐഎഎസും പ്രതികരിച്ചിരുന്നു. പചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തനിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്നും അറിയിച്ചിരുന്നു.
പേരുമാറ്റാനുള്ള നീക്കം കന്നഡ ഭാഷയ്ക്കെതിരായ ആക്രമണമാണെന്ന് ആരോപിച്ച് കര്‍ണ്ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്മെന്റ് അതോറിറ്റി രംഗത്തുവന്നതോടെയായിരുന്നു വിവാദങ്ങള്‍ ആരംഭിച്ചത്. പിന്നീട് കന്നട വികസന സമിതിയും വിഷയം ഏറ്റെടുത്തിരുന്നു. കേരളത്തിലെ ബിജെപി നേതൃത്വവും വിഷയം ഏറ്റെടുത്തിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികത്തനിമയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം.