‘സവര്‍ണ ഹിന്ദു അഭിഭാഷകനെ തന്നെ നിയമിക്കണം; രാഷ്ട്രീയം പറഞ്ഞാല്‍ ഭര്‍ത്താവ് ജയിലില്‍ തന്നെ കിടക്കും’; സിദ്ധീഖ് കാപ്പന്റെ ഭാര്യയോട് രാഹുല്‍ ഈശ്വര്‍
സിദ്ധീഖ് കാപ്പന് വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ മോചനം ഇനിയും വൈകുമെന്ന് രാഹുല്‍ ഈശ്വര്‍. രാഷ്ട്രീയം പറയാന്‍ നിന്നാല്‍ ഭര്‍ത്താവ് ജയിലില്‍ തന്നെ കിടക്കുമെന്ന് രാഹുല്‍ ഈശ്വര്‍ സിദ്ധീഖ് കാപ്പന്റെ ഭാര്യയോടൊണ് പറഞ്ഞത്. ഇതിനൊപ്പം മുസ്ലീം ദളിത് വിഭാഗങ്ങള്‍ക്ക് എതിരെയാണ് സവര്‍ണഹിന്ദുകള്‍ എന്ന ആംഗിള്‍ വിടണമെന്നും രാഹുല്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ മൂന്നു മണി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഈശ്വര്‍ പറഞ്ഞത്: ”ഒരു രാഷ്ട്രീയ പാര്‍ട്ടിയും നിങ്ങളെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. നല്ല ബിജെപിക്കാരുണ്ട്. അവര്‍ പിന്തുണച്ചാല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് കുട […]

സിദ്ധീഖ് കാപ്പന് വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ മോചനം ഇനിയും വൈകുമെന്ന് രാഹുല്‍ ഈശ്വര്‍. രാഷ്ട്രീയം പറയാന്‍ നിന്നാല്‍ ഭര്‍ത്താവ് ജയിലില്‍ തന്നെ കിടക്കുമെന്ന് രാഹുല്‍ ഈശ്വര്‍ സിദ്ധീഖ് കാപ്പന്റെ ഭാര്യയോടൊണ് പറഞ്ഞത്. ഇതിനൊപ്പം മുസ്ലീം ദളിത് വിഭാഗങ്ങള്‍ക്ക് എതിരെയാണ് സവര്‍ണഹിന്ദുകള്‍ എന്ന ആംഗിള്‍ വിടണമെന്നും രാഹുല്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ മൂന്നു മണി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഈശ്വര്‍ പറഞ്ഞത്:
”ഒരു രാഷ്ട്രീയ പാര്‍ട്ടിയും നിങ്ങളെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. നല്ല ബിജെപിക്കാരുണ്ട്. അവര്‍ പിന്തുണച്ചാല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് കുട പിടിക്കുന്നൂയെന്നോ, ദേശീയതയില്‍ വെള്ളം ചേര്ക്കുന്നൂയെന്ന ആരോപണം വരും. സിദ്ധീഖ് കാപ്പനോടും അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ഐഡിയോളജിയോടും എതിര്‍പ്പുള്ള വ്യക്തിയാണ് ഞാന്‍. 124 എ, 153 എ, 295 ഇതിലാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഒരു ദളിത് പെണ്‍കുട്ടി കൊലപ്പെട്ടു, ഇതോടെ രാജ്യത്തെ ദളിതുകള്‍ സേഫ് അല്ലെന്നും അതിന് ഉത്തരവാദി സവര്‍ണരും ബ്രാഹ്മണരുമാണെന്നാണ് ഇവര്‍ സംഭവത്തിലൂടെ വിവരിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ ആളുകള്‍ നിങ്ങള്‍ സഹായിക്കില്ല. അവിടങ്ങളില്‍ കൂടുതലും ഞങ്ങളുടെ സമുദായത്തിലെ ആള്‍ക്കാരാണ്. അതായത് സവര്‍ണ ഹിന്ദുക്കളും ബ്രാഹ്മണരും. അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത് മഅദനിയെ പോലെ വര്‍ഷങ്ങള്‍ കടന്നുപോകും. ഡോക്ടര്‍ കഫീല്‍ ഖാനെ പോലെയുള്ള ഒരാള്‍ പോലും ആറു മാസം ജയിലില്‍ കിടന്നു.”
”സിദ്ധീഖ് കാപ്പന്റെ മോചനത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യമെന്നത്, പറ്റുമെങ്കില്‍ ഒരു സവര്‍ണ ഹിന്ദു സമുദായത്തിലെ ഒരു അഭിഭാഷകനെ തന്നെ നിങ്ങള്‍ നിയമിക്കണം. പ്രായോഗികമായി നോക്കിയാല്‍ അത് ഗുണകരമാണ്. രാഷ്ട്രീയം പറയാന്‍ നിന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ജയിലില്‍ തന്നെ കിടക്കും. ഇതുതന്നെയാണ് നമ്മുടെ രാജ്യത്തിന്റെ ഏത് കാലത്തേയും അവസ്ഥ.”
”നമ്മുടെ സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തിന്റെ ക്രമസമാധാനപ്രശ്നങ്ങളില് ഇടപെടാന്‍ പരിമിതികളുണ്ട്. ഇതൊരു മനുഷ്യത്വപരമായ സംഭവമായി കാണണമെങ്കില്‍ സ്വന്തം ഭര്‍ത്താവിന് വേണ്ടി ഫൈറ്റ് ചെയ്യണം. അതില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ നിങ്ങള്‍ക്ക് തന്നെയാണ് പ്രശ്നം. സുപ്രീംകോടതിയില്‍ സ്വാധീനമുള്ള അഭിഭാഷകനെ തന്നെ കാണണം. കപില്‍ സിബലിനെ പോലെയുള്ളവരെ കിട്ടുകയാണെങ്കില്‍ നല്ലതാണ്. അതോടൊപ്പം മുസ്ലീം ദളിത് വിഭാഗങ്ങള്‍ക്ക് എതിരെയാണ് സവര്‍ണഹിന്ദുകള്‍ എന്ന ആംഗിളും വിടണം.”
അതേസമയം, സിദ്ധീഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് കത്തുനല്‍കി.
സിദ്ധീഖ് കാപ്പന്റെ നിലവിലെ സ്ഥിതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത് വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രി വിഷയത്തില്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും തികഞ്ഞ അവഗണനയാണ് കാപ്പന്റെ വിഷയത്തില്‍ ഉണ്ടായതെന്നും റെയ്ഹാനത്ത് പറഞ്ഞു. ചങ്ങലയ്ക്ക് കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കുന്നത് ബോട്ടിലിലാണ്. എനിക്ക് വയ്യ, മുഖമാകെ വേദനയാണ്. മുറിവ് കൊണ്ട് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു. കൂടുതലെന്തെങ്കിലും പറയുന്നതിനു മുമ്പ് ഫോണ്‍ കട്ടായെന്നും റെയ്ഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
റെയ്ഹാനത്തിന്റെ വാക്കുകള്‍,
”മുഖ്യമന്ത്രി ഇതുവരെയായിട്ട് ഒന്നും മിണ്ടിയിട്ടില്ല. അല്ലെങ്കില്‍ അതിനൊരു കാരണം പറയണം. എന്താണ് സിദ്ദിഖ് കാപ്പന് ചെയ്ത ഇത്ര വലിയ തെറ്റെന്ന് എന്നോട് പറയാം. ഞാന്‍ നിരന്തരം ചോദിക്കുന്നില്ലേ. മുഖ്യമന്ത്രിക്കെന്താ പേടിയാണോ. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ അദ്ദേഹം മാധ്യമപ്രവര്‍ത്തകനാണെന്ന്. ഒമ്പത് വര്‍ഷമായിട്ട് ഡല്‍ഹിയില്‍ വര്‍ക് ചെയ്യുന്നില്ലേ. നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലായിരിക്കും. പക്ഷെ ഒരു കത്ത് അയക്കുമ്പോഴേക്കും മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിക്കുമോ. ഇപ്പോള്‍ ചികിത്സയാണ് പ്രധാനം. ഒരാള്‍ ഇങ്ങനെയൊരു അവസ്ഥയിലാണെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ട കടമയില്ലേ. ഇലക്ഷനൊക്കെ കഴിഞ്ഞില്ലേ? ഇനിയെങ്കിലും എന്തെങ്കിലും പറഞ്ഞു കൂടേ. മറ്റുള്ളവരുടെ വോട്ട് കിട്ടില്ല എന്ന പേടിയാണെങ്കില്‍ ഇനി മുഖ്യമന്ത്രിക്ക് സംസാരിച്ചൂ കൂടേ. വോട്ടൊക്കെ പെട്ടിയിലായല്ലോ.”
”മുഖ്യമന്ത്രി ഇനിയെങ്കിലും ഇടപെടുമെന്നാണ് പ്രതീക്ഷ. ഇത്തരമൊരു സാഹചര്യത്തില്‍ കാപ്പന്റെ ജീവനാണ് പ്രധാനം. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടല്ല ഇനി നടപടി വേണ്ടത്. ഇദ്ദേഹത്തിന് ടോയ്ലറ്റില് പോവേണ്ടേ. ജീവനാണ്. ഒരു ജീവന് പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഒരുപാട് മരണങ്ങളും കൊലകളും നടക്കുന്നത് കൊണ്ട് ഇതാര്‍ക്കും ഒരു വിഷയമായിരിക്കില്ല. പക്ഷെ എനിക്കും എന്റെ കുടുംബത്തിനും മക്കള്‍ക്കും അതൊരു വിഷയമാണ്. കോടതി നടപടികളില്‍ മുഖ്യമന്ത്രിക്ക് ഇടപെടാന്‍ പറ്റുന്നുണ്ടാവില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടാം. സിദ്ദിഖ് കാപ്പന്റെ ആരോഗ്യ മുഖ്യമന്ത്രിക്ക് സംരക്ഷിക്കാന്‍ പറ്റുമെന്ന് ഉറപ്പാണ്. അത് ഏത് പൊട്ടനും മനസ്സിലാക്കാവുന്ന വിഷയമാണ്. ഇത്രയും കാലമായിട്ട് ഞാന്‍ മര്യാദ വിട്ട് സംസാരിച്ചിട്ടില്ല. പക്ഷെ ഇപ്പോ എന്നെക്കൊണ്ട് പിടിച്ചിട്ട് കിട്ടാതായി. ഞാനൊരു സ്ത്രീയാണ്. അദ്ദേഹത്തിന്രെ ഭാര്യയാണ്. ഞാന്‍ എങ്ങനെയാണ് ഇപ്പോള്‍ കഴിയുന്ന അവസ്ഥ എന്നത് നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അനുഭവിക്കണം അപ്പോഴേ അറിയുകയുള്ളൂ”.