റബിന്‍സ്: ടണ്‍ കണക്കിന് സ്വര്‍ണം കടത്തി റെക്കോഡിട്ട സ്മഗ്ലര്‍; ട്രയല്‍ റണ്‍ നേരിട്ട് നടത്തിയ ആസൂത്രകന്‍

ആര് അരുണ്‍ രാജ്
തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ റബിന്‍സ് ഹമീദ് സ്വര്‍ണ്ണക്കടത്തില്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയവരില്‍ പ്രമുഖനാണ്. സ്വര്‍ണം രൂപമാറ്റം വരുത്തി ഇലക്ട്രോണിക്സ് സാധനങ്ങളില്‍ ഉള്‍പ്പെടെ ഒളിപ്പിച്ച് നയതന്ത്ര പാഴ്സലിലൂടെ കടത്താനുള്ള പദ്ധതിയുടെ ആസൂത്രകനും ഈ മൂവാറ്റുപുഴ സ്വദേശി തന്നെ. ഹോളിവുഡ് സിനിമകളെ വെല്ലുന്നതും ഷെര്ല ഹോംസ് കഥകളെ അനുസ്മരിപ്പിക്കുന്നതുമായ കള്ളക്കടത്ത് മാര്‍ഗങ്ങളും 42 കാരനായ റബിന്‍സ് ഇതിനോടകം പരീക്ഷിച്ചു കഴിഞ്ഞു. കേരളത്തില്‍ പിടിക്കപ്പെട്ടതും പിടിക്കപ്പെടാതെ പോയതുമായ ഭൂരിഭാഗവും സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ റബിന്സന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘങ്ങള്‍ പറയുന്നത്.
2015 മെയ് 24ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ദുബായ്- കൊച്ചി സ്പൈസ് ജെറ്റ് വിമാനത്തിലെ സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് കേരളം ഞെട്ടിയത്. വിമാനത്തില്‍ വന്ന സലീം മേലേത്ത് മക്കാത്ത് എന്ന ക്യാരിയറില്‍ നിന്നും 8 കിലോ സ്വര്‍ണ്ണമാണ് എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം പിടിച്ചെടുത്തത്. പക്ഷെ, അതിനു പിന്നിലെ വഴികള്‍ തേടിപ്പോയ ഉദ്യോഗസ്ഥരെ അമ്പരിപ്പിക്കുവാന്‍ പോന്നതായിരുന്നു റബിന്സന്റെ കള്ളക്കടത്ത് ശൃഖല.
2013ല്‍ സ്വര്‍ണ്ണക്കടത്തിന് തുടക്കം കുറിച്ച റബിന്‍സണിന്റെ പിന്നീടുള്ള യാത്രകള്‍ എല്ലാം യുഎഇ കേന്ദ്രീകരിച്ച് ആയിരുന്നു. റബിന്സന്റെ സഹായത്തോടെ 2015 വരെ കേരളത്തിലേക്ക് സി എ നൗഷാദ് എന്ന വ്യക്തി മാത്രം കടത്തിയത് 1928 കിലോ ഗ്രാം സ്വര്‍ണ്ണമാണെന്ന് കസ്റ്റംസ് രേഖകളില്‍ വ്യക്തമാണ്. സ്വര്‍ണ്ണത്തിന്റെ അന്നത്തെ വിപണി മൂല്യം 454 കോടി 4 ലക്ഷത്തില്‍ 28000 രൂപയായിരുന്നു. നിലവില്‍ ഇതുവരെ ഒരു വ്യക്തിയുടെ നിയന്ത്രണത്തില്‍ കടത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണക്കടത്തും ഇതു തന്നെ.

പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിേ്രഗഷന് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന ജെബിന് കെ ബഷീറെന്ന പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയായിരുന്നു പിന്നീട് റബിന്സണിന്റെയും കൂട്ടരുടേയും സ്വര്‍ണ്ണക്കടത്ത്. 1500 കിലോ സ്വര്‍ണ്ണം രബിന്‍ കെ ബഷീര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ മാത്രം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് എത്തിക്കുവാനും ഈ സംഘത്തിന് കഴിഞ്ഞു. പദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയതാകട്ടെ റബിന്‍സ് അഹമ്മദും. ആദ്യഘട്ടത്തില്‍ 500 കിലോ സ്വര്‍ണ്ണം ഇത്തരത്തില്‍ നേരിട്ട് കൊണ്ടുവന്ന് റബിന്‍സ് ട്രയല്‍ റണ്‍ നടത്തുകയും ചെയ്തിരുന്നു.
റബിന്‍സ് അഹമ്മദിനെ പ്രതിയാക്കാന്‍ കസ്റ്റംസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സമന്‍സ് അയച്ചിട്ടും റബിന്സണ് ഹാജരായില്ല. പീന്നീട് കസ്റ്റംസ് ആക്ട് 124 പ്രകാരം ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടും ഫലമുണ്ടായില്ല. വിദേശത്തേക്ക് പോയ റബിന്‍സനെ കേസിന്റെ ഒരു ഘട്ടത്തില്‍ പോലും അറസ്റ്റ് ചെയ്യുവാന്‍ കസ്റ്റംസിന് കഴിഞ്ഞതുമില്ല. പിന്നീട് കുറ്റപത്രം അടക്കം കേസില്‍ സമര്‍പ്പിച്ച് പ്രതികളോട് പിഴ അടയ്ക്കാന്‍ വിധിച്ചെങ്കിലും നിലവില്‍ ഒരു പ്രതികള്‍ പോലും തന്നെ പിഴ അടച്ചിട്ടില്ലായെന്നതാണ് വാസ്തവം.
തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം എത്തിക്കാനുള്ള പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ചതും റബിന്സണ് തന്നെ. കെ ടി റമീസിന്റെ ടാന്‍സാനിയ യാത്രയില്‍ റബിന്‍സും ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ടാന്‍സാനിയയിലെ ആയുധ വില്പന കേന്ദ്രത്തില്‍ തോക്കേന്തി നില്ക്കുന്ന ഫോട്ടോ ലഭിച്ചുവെന്നും എന്‍ഐഎ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വര്‍ഷങ്ങളായി വിദേശത്ത് ഇരുന്ന് സ്വര്‍ണ്ണക്കടത്തിന്റെ പുതിയ വഴികള്‍ തേടിയ റബിന്‍സനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് അന്വേഷണ ഏജന്‍സികളുടെ വിജയം കൂടിയാണ്. റബിന്സണിലൂടെ സ്വര്‍ണ്ണക്കടത്തിന്റെ പല രഹസ്യങ്ങളും കണ്ടെത്താന്‍ കഴിയുമെന്ന് അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചു പറയുന്നു.