‘സൂര്യപുത്ര മഹാവീര്‍ കര്‍ണ്ണ’; മൊയ്തീന് ശേഷം ആര് എസ് വിമല്‍ ചിത്രം, ടീസര്‍ എത്തി

ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സൂര്യപുത്ര മഹാവീര്‍ കര്‍ണ്ണ’യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. വിക്രം നായകനാവുന്ന ചിത്രം തമിഴ്, തെലുങ്കു, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ സുരേഷ് ഗോപിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. മഹാഭാരതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന് വിമല്‍ തന്റെ ഫേസ്ബുക്കില്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തില്‍ കര്ണ്ണനായാണ് വിക്രം വേഷമിടുന്നത്. സുരേഷ് ഗോപി ദുര്യോധനനും. നിലവില്‍ രണ്ട് കഥാപാത്രങ്ങളുടെ മാത്രം വിവരമാണ് പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തിലെ കൂടുതല്‍ അഭിനേതാക്കളുടെ വിവരങ്ങള്‍ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് പുറത്തുവരുമെന്നാണ് സൂചന.
ആര് എസ് വിമലും ബി ജയമേഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. തിരക്കഥ വിമലാണ് ഒരുക്കിയത്. കെ കെ സെന്തില്‍ കുമാര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ എ ശ്രീകര്‍ പ്രസാദാണ്. എ ആര് റഹ്മാനാണ് സംഗീത സംവിധാനം. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
2016 ജനുവരിയിലാണ് വിമല്‍ ആദ്യമായി കര്ണ്ണന് പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമായി തീരുമാനിച്ച ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറങ്ങിയിരുന്നു. കുന്നപ്പിള്ളി പ്രൊഡക്ഷന്‍സും, കാവ്യ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 60 കോടിക്ക് മുകളില്‍ ചിത്രത്തിന്റെ ബജറ്റ് എത്തിയപ്പോള്‍ കുന്നപ്പിള്ളി പിന്മാറുകയായിരുന്നു.
2018ല്‍ വീണ്ടും വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി വിമല്‍ പ്രഖ്യാപിച്ചു. നിലവില്‍ യുനൈറ്റഡ് ഫിലിം കിങ്ഡം എന്ന ന്യൂയോര്‍ക്ക് പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ പരിപാടികള്‍ 2019 ഫെബ്രുവരിയിലാണ് ആരംഭിച്ചത്.