Top

‘രമേശ് ചെന്നിത്തല എഴുതി തള്ളാന്‍ പറ്റിയ വ്യക്തിയല്ല’; പ്രതിപക്ഷ നേതാവിന്റെ റോള്‍ അത്ഭുതകരമായി നിരവേറ്റിയെന്ന് ആര്‍ ചന്ദ്രശേഖരന്‍

പ്രതിപക്ഷ നേതാവിന്റെ റോള്‍ അത്ഭുതകരമായി നിര്‍വഹിച്ച വ്യക്തിയാണ് രമേശ് ചെന്നിത്തല’, ചന്ദ്രശേഖരന്‍ പറഞ്ഞു.

18 Jan 2021 10:38 PM GMT

‘രമേശ് ചെന്നിത്തല എഴുതി തള്ളാന്‍ പറ്റിയ വ്യക്തിയല്ല’;  പ്രതിപക്ഷ നേതാവിന്റെ റോള്‍ അത്ഭുതകരമായി നിരവേറ്റിയെന്ന് ആര്‍ ചന്ദ്രശേഖരന്‍
X

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുത്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അനുകൂല നിലപാടുമായി ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തി. അങ്ങനെ എഴുതി തള്ളാന്‍ കഴിയുന്ന വ്യക്തയല്ല രമേശ് ചെന്നിത്തലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയായിരുന്നു ആര്‍ ചന്ദ്രശേഖരന്റെ പ്രതികരണം.

‘കഴിഞ്ഞ ഒരു വര്‍ഷമായുള്ള രമേശ് ചെന്നിത്തലയുടെ നേതൃത്വം എടുത്ത് പറയേണ്ടതാണ്. ഇടത് പക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തരം എതിര്‍ക്കുന്നതില്‍ കെ കരുണാകരന്‍ കഴിഞ്ഞാല്‍ ശക്തമായ നിലപാടെടുത്ത പ്രതിപക്ഷ നേതാവാണ് ചെന്നിത്തല. അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം ലഭിക്കണം. പ്രതിപക്ഷ നേതാവിന്റെ റോള്‍ അത്ഭുതകരമായി നിര്‍വഹിച്ച വ്യക്തിയാണ് രമേശ് ചെന്നിത്തല’, ചന്ദ്രശേഖരന്‍ പറഞ്ഞു.

മാത്രമല്ല, തൊഴിലാളികളുടെ ശക്തിയും അവരുടെ വോട്ടുശേഷിയും അറിയാതെയുള്ള പ്രവര്‍ത്തനം കൊണ്ടാണ് കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടി വരുന്നതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അത് സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത്‌ കോണ്‍ഗ്രസാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

സംസ്ഥാനത്തിലെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്ക് പ്രധാന പദവി നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഈ തവണ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അദ്ധ്യക്ഷനായാണ് ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവ്. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി എം സുധീരന്‍ ഉള്‍പ്പെടെ പത്തുപേരാണ് സമിതിയില്‍ ഉണ്ടാവുക.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ചുമതലയും ഈ സമതിക്കാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെയും ഘടക കക്ഷികളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിക്ക് പ്രധാന പദവി നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. നേരത്തെ ഉമ്മന്‍ചാണ്ടിക്ക് യുഡിഎഫ് ചെയര്‍മാന്‍ പദവി നല്‍കാനായിരുന്നു ഹൈക്കമാന്‍ഡ് ആലോചിച്ചത്. പക്ഷേ നിലവിലുള്ള ചെയര്‍മാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനിച്ചത്.

Next Story