‘യുജിസി നിയമപ്രകാരം പ്രൊഫസറല്ല, ഗമകൂട്ടാന്‍ കളവുപറയരുത്’; മന്ത്രി ആര് ബിന്ദുവിനെതിരെ ബി ഗോപാലകൃഷ്ണന്
സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്ക്കോ മന്ത്രിക്കോ യു.ജി.സി ഇളവ് കൊടുത്തതായി ഇതുവരെ തനിക്ക് അറിവില്ലെന്നും ഗോപാലകൃഷ്ണന് പരിഹസിച്ചു.
21 May 2021 6:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉന്നതവിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആര് ബിന്ദു പേരിനൊപ്പം പ്രൊഫസര്‍ എന്ന് ചേര്‍ത്തതിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്. യുജിസി നിയമപ്രകാരം ബിന്ദു പ്രൊഫസര്‍ അല്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. നോക്കി വായിച്ചതായതിനാല് നാക്കുപിഴയാകാന്‍ വഴിയില്ലെന്നും മന്ത്രി ഗമകൂട്ടാന്‍ കളവുപറയരുതെന്നും ഗോപാലകൃഷ്ണന് പ്രസ്താവനയിലൂടെ പറഞ്ഞു.
പ്രൊഫസര്‍ എന്ന് സത്യപ്രതിജ്ഞയില്‍ എഴുതിയ കാര്യത്തെക്കുറിച്ച് കേള്‍ക്കുന്നവര്‍ക്ക് അറിയില്ലെങ്കിലും മന്ത്രിക്ക് സ്വന്തം കാര്യത്തെക്കുറിച്ച് ധാരണയുണ്ടാകുമല്ലോ എന്നാണ് ഗോപാലകൃഷ്ണന് ചോദിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്ക്കോ മന്ത്രിക്കോ യു.ജി.സി ഇളവ് കൊടുത്തതായി ഇതുവരെ തനിക്ക് അറിവില്ലെന്നും ഗോപാലകൃഷ്ണന് പരിഹസിച്ചു. സാധാരണ നാട്ടുംപുറത്ത് സംസാരിക്കുന്ന പോലെയാണൊ ഭരണഘടനപരമായ പദവി വഹിക്കാന്‍ വേണ്ടി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് എന്ന് ചോദിച്ച ഗോപാലകൃഷ്ണന് സംഭവത്തില്‍ മന്ത്രി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നതെന്ന് ഗോപാലകൃഷ്ണന് ഓര്‍മ്മിപ്പിച്ചു. തന്റെ സ്ഥാനവും പദവിയും മന്ത്രി മറക്കരുതെന്നും സത്യസന്ധമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടതെന്നും ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. കേരള വര്‍മ്മ കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും സ്വയം വിരമിക്കലിന് അപേക്ഷ നല്കിയ ശേഷമാണ് ആര് ബിന്ദു തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. വിരമിക്കാന്‍ രണ്ട് വര്‍ഷം ബിന്ദുവിന് ബാക്കിയുണ്ടായിരുന്നു.
- TAGS:
- B Gopalakrishnan
- R Bindhu