Top

‘കേരളത്തില്‍ 30 വര്‍ഷത്തേക്ക് പ്രതീക്ഷിക്കേണ്ട’; ഈ ‘ഗ്യാങ്’ മാറാതെ ബിജെപിക്ക് രക്ഷയില്ലെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപിയെ നയിക്കുന്നതെങ്കില്‍ അടുത്ത 30 വര്‍ഷത്തേക്ക് കേരളത്തില്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആ ഗ്യാങ് മാറാതെ പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ബാലശങ്കര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുരേന്ദ്രന്‍ ജനകീയനായ നേതാവല്ല. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ നേതൃത്വമാണിതെന്നും ബാലശങ്കര്‍ വ്യക്തമാക്കി. ബാലശങ്കര്‍ പറഞ്ഞത് ഇങ്ങനെ: ”ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ […]

16 March 2021 4:37 AM GMT

‘കേരളത്തില്‍ 30 വര്‍ഷത്തേക്ക് പ്രതീക്ഷിക്കേണ്ട’; ഈ ‘ഗ്യാങ്’ മാറാതെ ബിജെപിക്ക് രക്ഷയില്ലെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍
X

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപിയെ നയിക്കുന്നതെങ്കില്‍ അടുത്ത 30 വര്‍ഷത്തേക്ക് കേരളത്തില്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആ ഗ്യാങ് മാറാതെ പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ബാലശങ്കര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുരേന്ദ്രന്‍ ജനകീയനായ നേതാവല്ല. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ നേതൃത്വമാണിതെന്നും ബാലശങ്കര്‍ വ്യക്തമാക്കി.

ബാലശങ്കര്‍ പറഞ്ഞത് ഇങ്ങനെ: ”ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത മുപ്പത് കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ഗ്യാങ്ങ് മാറാതെ രക്ഷയില്ല. ഒരു ഫ്രഷ് എയര്‍, അല്ലെങ്കില്‍ ന്യൂ തിങ്കിങ് ഉണ്ടെങ്കിലേ ബിജെപിക്ക് വളരാനാവുകയുള്ളു. സുരേന്ദ്രന്‍ കോന്നിയിലും തിരുവനന്തപുരത്തുമാണ് മത്സരിക്കുന്നതെങ്കില്‍ മനസിലാക്കാം. മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല. പിന്നെ, അങ്ങനെ ജനകീയനായ നേതാവാണെങ്കില്‍ മനസിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥിയാണ്. നരേന്ദ്ര മോദിയൊന്നുമല്ലല്ലോ ഈ മത്സരിക്കുന്നത്. ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബിജെപി ഒരു സീറ്റില്‍ പോലും വിജയിക്കരുതെന്ന നിര്‍ബ്ബന്ധബുദ്ധി. അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി പ്രചരണം നടത്തുക പോലും വിഷമകരമാണ്. ഹെലികോപ്ടറെടുത്ത് പ്രചരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയ നേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത്.”

ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ബാലശങ്കര്‍ നടത്തിയത്. ”ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോള്‍ ബി.ജെ.പി നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെ നോക്കൂ. ബി.ജെ.പിക്ക് ഒരു ശബ്ദം കൊടുക്കാന്‍ പോലും കഴിവില്ലാത്ത സ്ഥാനാര്‍ത്ഥികള്‍. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബിജെപി കളഞ്ഞുകുളിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഐഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്.”

താന്‍ സ്ഥാനാര്‍ത്ഥിയാവുന്നതില്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പൂര്‍ണ പിന്തുണയുണ്ടായിരുന്നെന്നും ബാലശങ്കര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. അവിടുത്തെ സിപിഐഎം സ്ഥാനാര്‍ത്ഥിയോട് ചോദിച്ചാല്‍ അത് വ്യക്തമാവും. താന്‍ മത്സരരംഗത്തില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന് വലിയ ആശ്വാസമായി. ആറന്മുളയില്‍ വീണ ജോര്‍ജും വലിയ ആശ്വാസത്തിലാണെന്നും ബാലശങ്കര്‍ പറഞ്ഞു. എന്‍എസ്എസിനും വെള്ളാപ്പള്ളി നടേശനും ക്രിസ്ത്യന്‍ സമൂഹത്തിനും സ്വീകാര്യമായ സ്ഥാനാര്‍ത്ഥിയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തില്‍ വരണമെങ്കില്‍ നായര്‍-ക്രിസ്ത്യന്‍-ഈഴവ കോമ്പിനേഷനിലൂടെ മാത്രമേ സാധിക്കൂ. ഇതിനുള്ള അവസരമായിരുന്നു ചെങ്ങന്നൂരില്‍ ഉണ്ടായിരുന്നത്. തിരുവതാംകൂറില്‍ ബിജെപിക്ക് ഒരു സീറ്റ് പിടിച്ചാല്‍ പിന്നെ കളിമാറുമെന്നും ബാലശങ്കര്‍ ചൂണ്ടിക്കാട്ടി.

Next Story