NEW ZEALAND VS AUSTRALIA

‘നിങ്ങള്‍ നാല് ദിവസം വൈകിപ്പോയി’; കോണ്‍വേയുടെ ഇന്നിംഗ്‌സിന് കൈയ്യടിച്ച് ആര്‍ അശ്വിന്‍

ഓസീസിനെതിരായ ആദ്യ ടി20യില്‍ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച ന്യൂസിലന്‍ഡ് മധ്യനിര താരം ഡെവോണ്‍ കോണ്‍വെയ്ക്ക് കൈയ്യടിച്ച് രവിചന്ദ്ര അശ്വിന്‍. മഹത്തായ ഇന്നിംഗസ്, എന്നാല്‍ നാല് ദിവസം വൈകിപ്പോയെന്നും ആര്‍. അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഐപിഎല്‍ താരലേലത്തില്‍ കോണ്‍വെയും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ ഫ്രാഞ്ചൈസികളൊന്നും തെരഞ്ഞെടുത്തില്ല.

മൂന്നിന് 19 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് കോണ്‍വെയുടെ രക്ഷാപ്രവര്‍ത്തനമാണ്. 59 പന്തില്‍ 99 റണ്‍സടിച്ച് കോണ്‍വേ പുറത്താവാതെ നിന്നു. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ക്രിക്കറ്റ് ലോകം ഒന്നാകെ താരത്തിന് കൈയ്യടിക്കുകയാണ്. ന്യൂസിലന്‍ഡ് കുപ്പായത്തില്‍ ഇതുവരെ ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള കോണ്‍വെ ഇതിനോടകം വലിയ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.

50(40), 69(51), 91(58), 93(63), 99(59) എന്നിങ്ങനെയാണ് കോണ്‍വെയുടെ അവസാന അഞ്ച് ടി20 ഇന്നിങ്സുകള്‍. റണ്‍ ശരാശരിയിലും കളി മികവിലും താരം മിന്നിയിരുന്നെങ്കിലും ഐപിഎല്ലിന് തെരഞ്ഞെടുക്കപ്പെട്ടില്ല. ഇക്കാര്യമാണ് അശ്വിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മത്സരത്തില്‍ ഓസീസിന് വേണ്ടി മിച്ചല്‍ മാര്‍ഷ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. 33 മാര്‍ഷ് 45 റണ്‍സെടുത്തു. സ്‌കോര്‍ ന്യൂസിലാന്‍ഡ് 184-5(20), ആസ്‌ട്രേലിയ 131-10(17.3)

Latest News