
കൊവിഡ് മരണങ്ങള് വര്‍ധിച്ചതോടെ സംസ്ഥാനത്ത് ശ്മശാനങ്ങളിലും തിരക്ക് കൂടുകയാണ്. തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുക്ക് ചെയ്ത് കാത്തിരുന്നാലാണ് സംസ്കാരം നടത്താന്‍ സാധിക്കുന്നത്. കൊവിഡ് വ്യാപനം ഗുരുതരമായതോടെ മരണസംഖ്യ വർധിക്കുന്നുണ്ട്.
തിരുവനന്തപുരം ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമാവുകയാണ്. മാറനെല്ലൂരിലും പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തിലും സമാന സ്ഥിതി തന്നെയാണ് തുടരുന്നത്. ദിനവും ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്.
അതേസമയം പ്രതിസന്ധി ഉടന്‍പരിഹരിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞു. മൃതദേഹങ്ങള്‍ പൂര്‍ണ ആദരവോടെ തന്നെ ശ്മശാനങ്ങളില്‍ സംസ്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കഴക്കൂട്ടത്ത് പുതിയ ശ്മാശനത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മേയര്‍ പറഞ്ഞു.
പ്രതിദിനം 15 മൃതദേഹങ്ങളാണ് കോഴിക്കോട് നഗരത്തിലെ ശ്മശാനത്തില്‍ എത്തുന്നത്. വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ ദിവസം ശരാശരി 17 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നുണ്ട്. ഇതിനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.
തൃശൂരിലെ ലാലൂര്‍ ശ്മശാനത്തില്‍ ദിവസം 8 മുതല്‍ 10 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നു. എണ്ണം കൂടിയാല്‍ കാത്തിരിക്കേണ്ട സ്ഥിതി വരും എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് .