‘ഉവൈസിയുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്, പക്ഷെ’; അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പവന് ഖേര
എഐഎംഐഎമ്മിനോടും എംപിയും നേതാവുമായ അസദുദ്ദീന്‍ ഉവൈസിയോടും വിയോജിപ്പുകളുണ്ടെങ്കിലും രാജ്യസ്നേഹത്തിന്റെ പേരില്‍ അവരെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേര. ഉവൈസിയുടെ വോട്ടര്‍മാര്‍ ഇന്ത്യക്കാരല്ലെന്ന ബിജെപി ദേശീയ വക്താവ് സുധാന്‍ഷു ത്രിവേദിയുടെ പരാമര്‍ശം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. ട്വിറ്ററില്‍ ഉവൈസിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പവന് ഖേരയുടെ ട്വീറ്റ്. അസദുദ്ദീന്‍ ഉവൈസി സാഹിബിന്റെ രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുകളുണ്ട്. ബിജെപി/ആര്‍എസ്എസ് രാഷ്ട്രീയത്തോട് എന്ന പോലെ തന്നെ. പക്ഷെ, അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് […]

എഐഎംഐഎമ്മിനോടും എംപിയും നേതാവുമായ അസദുദ്ദീന്‍ ഉവൈസിയോടും വിയോജിപ്പുകളുണ്ടെങ്കിലും രാജ്യസ്നേഹത്തിന്റെ പേരില്‍ അവരെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേര. ഉവൈസിയുടെ വോട്ടര്‍മാര്‍ ഇന്ത്യക്കാരല്ലെന്ന ബിജെപി ദേശീയ വക്താവ് സുധാന്‍ഷു ത്രിവേദിയുടെ പരാമര്‍ശം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. ട്വിറ്ററില്‍ ഉവൈസിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പവന് ഖേരയുടെ ട്വീറ്റ്.
അസദുദ്ദീന്‍ ഉവൈസി സാഹിബിന്റെ രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുകളുണ്ട്. ബിജെപി/ആര്‍എസ്എസ് രാഷ്ട്രീയത്തോട് എന്ന പോലെ തന്നെ. പക്ഷെ, അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിച്ചുകൊടുക്കില്ല.
പവന് ഖേര
ബിജെപി വക്താവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു. തന്റെ ദേശ സ്നേഹം തെളിയിക്കാന്‍ ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉവൈസി തിരിച്ചടിച്ചു. ആജ് തക് ചാനലിലെ ഹൈദരാബാദ് കോര്പറേഷന് തെരഞ്ഞെടുപ്പ് ഫല ചര്‍ച്ചയ്ക്കിടെയായിരുന്നു ഉവൈസിയുടെ പ്രതികരണം. പാനലിലുണ്ടായിരുന്ന സുദാന്‍ഷു ത്രിവേദി ഹൈദരാബാദില്‍ ബിജെപി നടത്തിയത് സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് അവകാശപ്പെട്ടു. ഉവൈസിയുടെ വോട്ടര്‍മാര്‍ ഇന്ത്യക്കാരല്ലെന്നും മുസ്ലീങ്ങള്‍ ജിന്നയുടെ ആശയങ്ങള്‍ പിന്തുടര്ന്ന് മുസ്ലീംലീഗിനും പാകിസ്താന് രൂപീകരണത്തിനും വേണ്ടി വോട്ട് ചെയ്ത് ഇന്ത്യയില്‍ തുടര്‍ന്നെന്നും ബിജെപി വക്താവ് പറഞ്ഞു. ഉവൈസിയുടെ മറുപടിയിങ്ങനെ.
ഞാന്‍ മരിച്ചാലും എനിക്ക് ശേഷമുള്ള 10 തലമുറയോട് നിങ്ങള്‍ രാജ്യസ്നേഹം തെളിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. പോയി പണി നോക്ക്. ബിജെപിക്കാരില്‍ നിന്ന് എനിക്ക് രാജ്യസഭാ സര്‍ട്ടിഫിക്കറ്റ് വേണ്ട. അവരുടെ സര്‍ട്ടിഫിക്കറ്റിന് എന്റെ ഷൂസിനടിയിലാണ് സ്ഥാനം. എന്റെ കൂറ് ഇന്ത്യയോടാണ്. എന്നും അങ്ങനെയായിരിക്കും.
അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസ് 55 സീറ്റുകളിലാണ് വിജയിച്ചത്. എ ഐഎംഐഎം 44 സീറ്റില്‍ വിജയിച്ചു. 48 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 4 സീറ്റുകള്‍ മാത്രമാണ് ബിജെപിയ്ക്കുണ്ടായിരുന്നത്.