Top

ഖത്തർ ലോകകപ്പ്: മത്സരങ്ങൾ നിയന്ത്രിക്കാൻ ഇത്തവണ വനിത റഫറിമാർ

യുവേഫ ചാമ്പ്യൻസ്​ ലീഗ്, ​യൂറോപ്യൻ ക്വാളിഫിയർ മത്സരങ്ങൾ, ഫ്രഞ്ച്​ ലീഗ്​ വൺ മത്സരങ്ങളും നിയന്ത്രിച്ച്​ ശ്രദ്ധനേടിയ റഫറിയാണ്​ ഫ്രാൻസിൽ നിന്നുള്ള സ്​റ്റെഫാനി ഫ്രപ്പാർട്ട്​.

19 May 2022 8:30 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തർ ലോകകപ്പ്: മത്സരങ്ങൾ നിയന്ത്രിക്കാൻ ഇത്തവണ വനിത റഫറിമാർ
X

ദോഹ: ഫിഫ ലോകകപ്പ് മത്സരത്തിന് പുതു ചരിത്രമെഴുതി റഫറിമാരുടെ പാനലിൽ ഇടം പിടിച്ച് വനിത റഫറിമാർ. 36 റഫറിമാരും, 69 അസിസ്റ്റന്റ് റഫറിമാർ, 24 വീഡിയോ മാച്ച് ഒഫീഷ്യൽസ് എന്നിവരടങ്ങുന്ന പട്ടിക ഫിഫ പുറത്തുവിട്ടു. ഇതിൽ ആറു പേർ വനിതകളാണ്. സ്റ്റെഫാനി ഫ്രാപ്പാർട് (ഫ്രാൻസ്), സലിമ മുകൻസാങ്ക (റുവാണ്ട), യോഷിമി യമാഷിത (ജപ്പാൻ) എന്നീ വനിതകളാണ് റഫറികളായി തെരഞ്ഞെടുക്കപ്പെട്ടത്. അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് പേർ വനിതകളാണ്.

ബ്രസീലിന്‍റെ ​​നെവുസ ബാക്​, അമേരിക്കയുടെ കാതറിൻ നെസ്​ബിറ്റ്​, മെക്സികോയുടെ കാരൻ ഡയാസ്​ മെദിന എന്നിവരാണ്​ അസിസ്റ്റന്‍റ്​ റഫറിമാരുടെ പട്ടികയിൽ ഇടം നേടിയ വനിതകൾ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ റഫറിമാരായി എത്തുന്നത്.

യുവേഫ ചാമ്പ്യൻസ്​ ലീഗ്, ​യൂറോപ്യൻ ക്വാളിഫിയർ മത്സരങ്ങൾ, ഫ്രഞ്ച്​ ലീഗ്​ വൺ മത്സരങ്ങളും നിയന്ത്രിച്ച്​ ശ്രദ്ധനേടിയ റഫറിയാണ്​ ഫ്രാൻസിൽ നിന്നുള്ള സ്​റ്റെഫാനി ഫ്രപ്പാർട്ട്​. കഴിഞ്ഞ ആഫ്രിക്കൻ നാഷൻസ്​ ഫുട്ബോൾ മത്സരം നിയന്ത്രിച്ചാണ്​ റുവാണ്ടയിൽ നിന്നുളള സലിമ മുകൻസാങ്ക ലോകശ്രദ്ധ നേടിയത്​. എഎഫ്​സി ചാമ്പ്യൻസ്​ ലീഗ്​ മത്സരങ്ങൾ നിയന്ത്രിച്ചു കൊണ്ടാണ് ജപ്പാനിൽ നിന്നുള്ള യോഷിമി യമാഷിത മുൻ നിര റഫറിമാർക്കിടയിൽ ഇടം നേടിയത്.

ജൂനിയർ, സീനിയർ ഫുട്ബോൾ മത്സരങ്ങളിൽ വനിത റഫറിമാരെ നിർത്തി പരീക്ഷിച്ച് വിജയിച്ചതാണ് ലോ​കകപ്പ് മത്സരങ്ങളിലും വനിത റഫറിമാരെ നിർത്താൻ കാരണമായതെന്ന് ഫിഫ റഫറി കമ്മിറ്റി ചെയര്‍മാന്‍ പിയര്‍ല്യുയി കൊളിന വ്യക്തമാക്കി. മികച്ച പ്രകടനമാണ് തെരഞ്ഞെടുക്കപ്പെട്ട വനിത റഫറിമാർ നടത്തിയതെന്നും പിയര്‍ല്യുയി പറഞ്ഞു. നവംബർ 21ന് തുടങ്ങുന്ന ലോകകപ്പ് ഫുട്ബോൾ മത്സരം ഡിസംബർ 18നാണ് അവസാനിക്കുക.

STORY HIGHLIGHTS: Women Referees to Officiate Qatar World Cup 2022 Matches

Next Story