യാത്രക്കാർ 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുത്; മുന്നറിയിപ്പുമായി ഖത്തർ
യാത്രക്കാരന് ഡിക്ലറേഷന്‍ അപേക്ഷ നല്കാതിരുന്നാലോ തെറ്റായ വിവരങ്ങള്‍ നല്കിയാലോ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി
9 Jun 2022 8:39 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: രാജ്യത്ത് പ്രവേശികുന്നവര്ക്കും പുറത്തുപോകുന്നവര്‍ക്കും 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുതെന്ന് അറിയിപ്പ്. ഈ തുകക്ക് കൂടുതല്‍ മൂല്യമുള്ള കറന്‍സിയുടെ സാധനങ്ങളുമുണ്ടെങ്കില്‍ വെളിപ്പെടുത്തുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്കി. എയര്‍ലൈനുകളോട് യാത്രക്കാര്‍ക്ക് വിവരം നല്‍കാനും അറിയിപ്പില്‍ പറയുന്നുണ്ട്.
50,000 ത്തില്‍ അധികം മൂല്യമുള്ള ഖത്തരി റിയാല്‍ അല്ലെങ്കില്‍ തത്തുല്യമായ വിദേശ കറന്‍സികള്‍, വജ്രം, മരതകം, മാണിക്യം തുടങ്ങിയ അമൂല്യമായ കല്ലുകള്‍, സ്വര്‍ണം, വെള്ളി, മൂല്യമേറിയ ലോഹങ്ങള്‍, ബാങ്ക് ചെക്കുകള്‍, ഒപ്പുവച്ച പ്രോമിസറി നോട്ടുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ കൈവശമുള്ളവര്‍ അക്കാര്യം അധികൃതരെ അറിയിക്കണം. രാജ്യത്തേക്ക് കൊണ്ടുവരികയോ പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യാവുന്നതില്‍ കൂടുതലുണ്ടെങ്കില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി സ്വീകരിക്കണം.
കൂടാതെ അറൈവല്‍ അല്ലെങ്കില്‍ ഡിപ്പാര്‍ച്ചറിലെ ഇമിഗ്രേഷന്‍ ഹാളില്‍ നിന്നു ലഭിക്കുന്ന ഡിക്ലറേഷന്‍ അപേക്ഷ പൂരിപ്പിച്ച് കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണം. ഇതോടൊപ്പം മൂല്യം കാണിക്കുന്ന ബില്‍, ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും ഇതോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. യാത്രക്കാരന് ഡിക്ലറേഷന്‍ അപേക്ഷ നല്കാതിരുന്നാലോ തെറ്റായ വിവരങ്ങള്‍ നല്കിയാലോ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കുകയും എയര്‍ലൈനുകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുമാണ്.
Story Highlights: Visitors to Qatar should not carry more than 50,000 riyals
- TAGS:
- Qatar
- Expatriate