രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തറിലെത്തി
ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
4 Jun 2022 10:46 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തറിലെത്തി. ഉപരാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് രാജ്യത്തെത്തിയത്. ഇന്നലെ രാത്രി ദോഹയിലെത്തിയ അദ്ദേഹത്തെ ഖത്തര്‍ ഭരണകൂടത്തില്‍ നിന്നുള്ള ഉന്നതതല സംഘം സ്വീകരിച്ചു. വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്.
മേയ് 30 ന് ആരംഭിച്ച യാത്ര ആഫ്രിക്കന്‍ രാജ്യങ്ങളായ ഗാബോണ്‍, സെനഗള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഖത്തറില്‍ എത്തിയത്. ഖത്തറിൽ നിന്നും അദ്ദേഹം ജൂണ്‍ ഏഴിന് മടങ്ങും. ഇന്ത്യയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതിന് കൂടിയാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനം.
ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഖത്തറിലെ ഇന്ത്യന്‍ വ്യാപാര പ്രമുഖര്‍, ഉന്നത വ്യക്തികള്‍, കമ്യൂണിറ്റി നേതാക്കള്‍ എന്നിവരുമായും ചര്‍ച്ച നടത്തും. ഖത്തറിലെ ഇന്ത്യന്‍ പൗര സമൂഹവും ഉപരാഷ്ട്രപതിക്ക് സ്വീകരണം ഒരുക്കിയിരുന്നു. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, പാര്‍ലമെന്റ് അംഗങ്ങളായ സുശീല്‍ കുമാര്‍ മോദി, വിജയ്പാല്‍ സിങ് തോമര്‍, പി. രവീന്ദ്രനാഥ് എന്നിവരും രാഷ്ട്രപതിയെ അനുഗമിക്കാനുണ്ടായിരുന്നു.
Story Highlights: Vice President Venkaiah Naidu arrives in Qatar