തനിമ ഖത്തർ 'വായനാ ചലഞ്ച്'; വിജയികൾക്ക് ഉപഹാരം നൽകി
4 July 2022 7:07 AM GMT
റിപ്പോർട്ടർ മിഡില് ഈസ്റ്റ്

ദോഹ: വായനാദിനം പ്രമാണിച്ച് തനിമ ഖത്തർ ആവിഷ്കരിച്ച "വായനാ ചലഞ്ച്" വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. വായനാ ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടി ഐസിസി പ്രസിഡണ്ട് പി എൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരി ഷീലാ ടോമി, റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ എന്നിവർ ബഷീർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
ചിത്ര ശിവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് സ്വാലിഹ് ഫാജിസ്, റൈഹാന അബ്ദു റഫീഖ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. നഈം അഹ്മദ്, ഫെമി ഗഫൂർ, ഷാമിന ഹിശാം എന്നിവർക്കാണ് മൂന്നാം സ്ഥാനം. രജിസ്റ്റർ ചെയ്ത നൂറോളം പേരിൽ 60 പേരാണ് ജൂൺ 20 മുതൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന വായനാ ചലഞ്ചിൽ അണിനിരന്നത്. വായനയിലെ ക്രമവും നൈരന്തര്യവും, കൂടുതൽ പേജുകൾ, തെരഞ്ഞെടുത്ത വിഷയങ്ങൾ എന്നീ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ പെർഫോർമൻസ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട 27 പേരിൽ നിന്നാണ് അവാർഡിനർഹരായ മികച്ച ആറ് വായനക്കാരെ കണ്ടെത്തിയത്.
പുതു വായന" എന്ന തലക്കെട്ടിൽ ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സംസാരിച്ചു. റേഡിയോ മലയാളം ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ആർ ജെ രതീഷ് വിജയികളെ പ്രഖ്യാപിച്ചത്. പിഎൻ ബാബുരാജ്, ഷീലാടോമി, ഹുസൈൻ കടന്നമണ്ണ, അൻവർ ഹുസൈൻ, ആർ ജെ രതീഷ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു .
ചിത്ര ശിവൻ, ഷാമിന ഹിശാം, യാസർ അറഫാത്ത്, നഈം അഹ്മദ്, അമീൻ അന്നാര, ഫൈസൽ അബൂബക്കർ എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. റയ്യാൻ സി ഐ സി ഹാളിൽ നടന്ന പരിപാടിയിൽ തനിമ ഖത്തർ ഡയറക്ടർ ആർ എസ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ അഹ്മദ് ശാഫി സ്വാഗതവും ജനറൽ സെക്രട്ടറി ശറഫുദ്ധീൻ ബാവ നന്ദിയും പറഞ്ഞു.
STORY HIGHLIGHTS: Thanima Qatar Reading Challenge