Top

ഖത്ത‍ർ ലോകകപ്പ് ; എല്ലാ ദിവസവും ദുബായിൽ നിന്ന് ഖത്തറിലേക്ക് പ്രത്യേക വിമാന സർവീസുകൾ

ദിവസവും ദുബായിൽ നിന്ന് ഖത്തറിലേക്കും തിരിച്ചും 30 സര്‍വീസുകള്‍ വരെയുണ്ടാവും.

1 Jun 2022 12:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്ത‍ർ ലോകകപ്പ് ; എല്ലാ ദിവസവും ദുബായിൽ നിന്ന് ഖത്തറിലേക്ക് പ്രത്യേക വിമാന സർവീസുകൾ
X

ദുബായ്: ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബായിൽ നിന്ന് ദോഹയിലക്ക് വിമാന സർവീസുകള്‍ നടത്തുമെന്ന് ഫ്ലൈ ദുബായ് . ദിവസവും ദുബായിൽ നിന്ന് ഖത്തറിലേക്കും തിരിച്ചും 30 സര്‍വീസുകള്‍ വരെയുണ്ടാവും.

ഖത്തർ എയർവേയ്സുമായും മറ്റ് ജി സി സി രാജ്യങ്ങളിലെ എയർലൈനുകളുമായും സഹകരിച്ചാണ് ഷട്ടിൽ സർവീസുകൾ നടത്തുകയെന്ന് ഫ്ലൈ ദുബായ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഗെയ്ത് അൽ ഗെയ്ത് പറഞ്ഞു.

ഓരോ ദിവസത്തെയും മത്സരം കണ്ടതിന് ശേഷം അന്ന് തന്നെ തിരിച്ചു വരാൻ കഴിയുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഫുട്ബോൾ മൽസരങ്ങൾ കാണുന്നതിനൊപ്പം ഇരു രാജ്യങ്ങളിലേയും കാഴ്ചകൾ കാണാനുമുള്ള അവസരമാണിത്. ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവർക്ക് ദുബായിൽ സ്വതന്ത്രമായി സഞ്ചരിച്ച് അവിടത്തെ ആതിഥേയത്വം സ്വീകരിക്കാവുന്നതാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവർക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്നും ഗെയ്ത് കൂട്ടിച്ചേ‍ർത്തു.

മത്സര ദിവസങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടുമായി ഇക്കണോമിക് ക്ലാസിൽ 258 ഡോളറും ബിസിനസ് ക്ലാസിന് 998 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. വിമാനത്തിൽ നിന്ന് ലഭിക്കുന്ന ലഘു ഭക്ഷ്യ പദാർഥങ്ങളുടെ വില, വിമാനത്താവളത്തിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള സൗജന്യ യാത്രാ സൗകര്യം എന്നിവ ഇതിൽ ഉൾപ്പെടും. മത്സരങ്ങൾ തുടങ്ങുന്നതിന് നാല് മണിക്കൂർ മുമ്പ് ദോഹയിലെത്തുന്ന വിധത്തിലാണ് വിമാന സ‍ർവീസ് ക്രമീകരിച്ചിരിക്കുന്നത്.

കൂടാതെ ഹയ്യാ കാർഡിനായി (ഫാൻ ഐഡി) മുൻകൂർ രജിസ്റ്റർ ചെയ്യേണ്ടതുമുണ്ട്. എല്ലാ ദിവസവും വിമാനത്തിൽ യാത്ര ചെയ്യുന്നതിനും ഖത്തറിൽ പ്രവേശിക്കുന്നതിനും ഇത് ആവശ്യമാണ്. ദുബായ് വേൾഡ് സെൻട്രലിൽ നിന്ന് സർവീസ് നടത്തുന്ന ഈ ഷട്ടിൽ വിമാനങ്ങൾ ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവർക്ക് വേണ്ടി മാത്രമായിരിക്കും. ഈ വിമാനങ്ങൾക്ക് പ്രത്യേകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്. സാധാരണഗതിയിൽ കണക്ഷൻ വിമാനങ്ങൾക്ക് ബുക്ക് ചെയ്യുന്ന നടപടിക്രമമല്ല ഇതിന്. ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ഷട്ടിൽ സർവീസിന് ഉപയോഗപ്പെടുത്തുക.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദോഹ ഹമദ് ഇന്റർ നാഷണൽ എയർപോർട്ടിലേക്കുള്ള പതിവ് സർവീസുകൾ ലോകകപ്പ് കാലയളവിലും ഉണ്ടാവും. മത്സര ദിവസങ്ങളിലെ ഷട്ടിൽ സർവീസ് സംബന്ധിച്ച വിവരങ്ങൾ https://www.flydubai.com/en/plan/match-day-shuttle-flights-to-doha എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്. ഹയ്യാ കാർഡിനെ സംബന്ധിച്ച വിശദാംശങ്ങൾ https://hayya.qatar2022.qa/ എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്. ഷട്ടിൽ സർവീസുകൾക്ക് ബുക്ക് ചെയ്യേണ്ടത് flydubai.com എന്ന വെബ്‍സൈറ്റിലാണ്.

story highlights: Qatar World Cup; Daily flights from Dubai to Qatar

Next Story