Top

അൽഅഖ്സ മസ്ജിദിലെ റെയ്ഡിൽ വിശ്വാസികൾക്ക് നേരെ ഇസ്രയേൽ ആക്രമണം; ഫലസ്തീനിനെ പിന്തുണച്ച് ഖത്തർ

അക്രമത്തിൽ 158 ഫലസ്തീനിയൻ പൗരന്മാർക്ക് പരുക്കേറ്റിരുന്നു.

15 April 2022 9:48 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അൽഅഖ്സ മസ്ജിദിലെ റെയ്ഡിൽ വിശ്വാസികൾക്ക് നേരെ ഇസ്രയേൽ ആക്രമണം; ഫലസ്തീനിനെ പിന്തുണച്ച് ഖത്തർ
X

ദോഹ: അൽ അഖ്സ പളളിയിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെ വിശ്വാസികളെ ആക്രമിച്ചതിന്റെ അടിസ്ഥാനത്തിൽ ഫലസ്തീനിന് പിന്തുണയറിയിച്ച് ഖത്തർ. ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ച് പിന്തുണയറിയിച്ചു. വെളളിയാഴ്ച രാവിലെ ആരാധന നടത്തുന്ന വിശ്വാസികൾക്ക് നേരെയാണ് ഇസ്രയേൽ സേനയുടെ ആക്രമണമുണ്ടായത്. അക്രമത്തിൽ 158 ഫലസ്തീനിയൻ പൗരന്മാർക്ക് പരുക്കേറ്റിരുന്നു.

ഹമാസിന്റെ രാഷ്ട്രീയ കാര്യ മേധാവി ഇസ്മയില്‍ ഹനിയ്യയുമായും ഖത്തർ അമീർ ഫോണിൽ സംസാരിച്ചു. ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ പ്രവര്‍ത്തനങ്ങളെ ഖത്തർ പിന്തുണക്കും. കിഴക്കന്‍ ഖുദ്സ് തലസ്ഥാനമായുള്ള സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീന്റെ പ്രഖ്യാപിത ലക്ഷ്യത്തെക്കുറിച്ചും അമീർ സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. ഫലസ്തീനിലെ അധിനിവേശത്തിൽ നിന്നും ഇസ്രയേൽ പിൻമാറണമെന്നും സംഘർഷം കുറക്കുന്നതിനുളള നടപടികൾ ഉണ്ടാവണമെന്നും ഖത്തർ അമീർ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ പ്രാർത്ഥനകൾക്കായി ആയിരക്കണക്കിന് വിശ്വാസികൾ പള്ളിയിലെത്തിയിരുന്നു. ഇതിനിടെയാണ് ഇസ്രായേൽ സേന റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ സേന വിശ്വാസികൾക്ക് നേരെ കണ്ണീർ വാതകവും ​ഗ്രനേഡും പ്രയോ​ഗിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിൽ ജനങ്ങൾ തിരിച്ച് സേനക്ക് നേരെ കല്ലെറിയുന്നതും കാണുന്നുണ്ട്. പരുക്കേറ്റ ഭൂരിഭാഗം പേരെയും ആശുപത്രികളിലേക്ക് മാറ്റിയതായി ഫലസ്തീൻ റെഡ് ക്രസന്റ് എമർജൻസി സർവീസ് അറിയിച്ചു.



STORY HIGHLIGHTS: Qatar support Palestine in the Israeli attack on worshipers in Al-Aqsa Mosque

Next Story