Top

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഖത്തറിലും നിരോധനം; നവംബര്‍ 15 മുതല്‍ പ്രാബല്യത്തിൽ വരും

നവംബര്‍ 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക

24 Jun 2022 9:35 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഖത്തറിലും നിരോധനം; നവംബര്‍ 15 മുതല്‍ പ്രാബല്യത്തിൽ വരും
X

ദോഹ: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. നവംബര്‍ 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക. മുനിസിപ്പാലിറ്റി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ക്കളിലുള്ള ഒരുപാട് തവണ ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍, ബയോഡീഗ്രേഡബിള്‍ ബാഗുകള്‍, പേപ്പര്‍ അല്ലെങ്കില്‍ നെയ്ത തുണി കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍, മറ്റ് ബയോഡീഗ്രേഡബിള്‍ മെറ്റീരിയലുകള്‍ എന്നിവയാണ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ഉപയോഗിക്കാനാവുക.

പ്ലാസ്റ്റിക് ബാഗുകള്‍ അവയുടെ വിഭാഗമനുസരിച്ച് അവ നശിക്കുന്നതോ പുനരുപയോഗിക്കാവുന്നതോ പുനരുപയോഗിക്കാനാവത്തതോ ആണെന്ന് സൂചിപ്പിക്കുന്ന ചിഹ്നം അച്ചടിക്കാനുള്ള നിര്‍ദേശവും മന്ത്രാലയം വ്യക്തമാക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ വലിച്ചെറിയുന്നതിനോ റീസൈക്കിള്‍ ചെയ്യുന്നതിനോ മുമ്പ് പാക്കേജിംഗ് മെറ്റീരിയലായി ഒരിക്കല്‍ ഉപയോഗിക്കാനാവുന്നതാണ്. ഒന്നിലധികം ഉപയോഗങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ബാഗുകള്‍ 40നും 60നും ഇടയില്‍ മൈക്രോണായിരിക്കും. ഇത് കട്ടിയുള്ളതും, പലതവണ പാക്കേജിംഗ് മെറ്റീരിയലായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതോ തുണികൊണ്ടുള്ളതോ ആയ ബാഗുകളാവും.

സമ്മേളനത്തില്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ നിയമകാര്യ ഡയറക്ടര്‍ അഹമ്മദ് യൂസഫ് അല്‍ ഇമാദി, വേസ്റ്റ് റീസൈക്ലിംഗ് ആന്‍ഡ് ട്രീറ്റ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഹമദ് ജാസിം അല്‍ ബഹര്‍, അല്‍ വക്റ മുനിസിപ്പാലിറ്റി ഡയറക്ടര്‍ എഞ്ചിനിയര്‍ മുഹമ്മദ് ഹസന്‍ അല്‍ നുഐമി എന്നിവര്‍ പങ്കെടുത്തു.

STORY HIGHLIGHTS: Disposable single use plastic bags ban in Qatar from November 15


Next Story