ഖത്തറിൽ പിങ്ക് ജലാശയം; വൈറലായി ദൃശ്യങ്ങൾ
16 Nov 2021 8:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഖത്തറിന്റെ വടക്കൻ മേഖലയിൽ കണ്ടെത്തിയ പിങ്ക് ജലാശയം സമൂഹ മാധ്യമങ്ങളിൽ കൗതുകമാവുന്നു. പിങ്ക് ജലാശയത്തിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫോട്ടോകൾ പ്രചരിച്ചതോടെ നിരവധി പേരാണ് ജലാശയം കാണാൻ വരുന്നത്. അതേസമയം വെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണമെന്തെന്ന് മനസ്സിലാക്കാൻ പ്രകൃതി മന്ത്രാലയത്തിൽ നിന്നും അധികൃതരെത്തി വെള്ളത്തിന്റെ സാമ്പിൾ എടുത്തിട്ടുണ്ട്.
മുഹമ്മദ് അബ്ദുൾ മുഹ്സിൻ അൽ ഫയദ് എന്ന ട്വിറ്റർ യൂസർ ഖത്തർ അധികൃതരെ ടാഗ് ചെയ്തുകൊണ്ട് പിങ്ക് ജലത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് അധികൃതരെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചത്. ഉടനടിയുള്ള നടപടിക്ക് ട്വിറ്റർ യൂസർ അധികൃതരോട് നന്ദിയും പറഞ്ഞു.
വെള്ളത്തിലെ ബാക്ടീരിയകളും ആൽഗകളും കാരണമാണ് നിറ വെത്യാസമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മഴ കുറയുമ്പോൾ വെള്ളത്തിന്റെ താപനില കൂടുകയും ഉപ്പിന്റെ അംശം വർധിക്കുകയും ചെയ്യുന്നു. ഉപ്പുവെള്ളത്തിൽ വളരുന്ന ബാക്ടീരിയകളും ആൽഗകളും ഇതുമൂലം പെട്ടന്ന് വളരുകയും അവ പിങ്ക് നിറത്തിലുള്ള വസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് നിറം മാറ്റത്തിന് കാരണമെന്നാണ് ഇവർ പറയുന്നത്.