Top

വിമത പ്രവര്‍ത്തനത്തിന് താക്കീത്, ഇന്‍കാസ് ഖത്തര്‍ പുന:സംഘടിപ്പിച്ച് കെപിസിസി; സമീര്‍ ഏറാമലക്ക് രണ്ടാമൂഴം

സമീര്‍ എറാമല പ്രസിഡണ്ടായി തുടരും

20 May 2022 5:30 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വിമത പ്രവര്‍ത്തനത്തിന് താക്കീത്, ഇന്‍കാസ് ഖത്തര്‍ പുന:സംഘടിപ്പിച്ച് കെപിസിസി; സമീര്‍ ഏറാമലക്ക് രണ്ടാമൂഴം
X

ദോഹ: ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചത്.

സമീര്‍ ഏറാമല പ്രസിഡണ്ടായി തുടരും. പ്രളയാനന്തരവും കോവിഡ് കാലത്തും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിനും വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗവുമായാണ് സമീര്‍ ഏറാമലക്ക് തന്നെ വീണ്ടും ഖത്തര്‍ ഇന്‍കാസിനെ നയിക്കാനുള്ള ചുമതല നല്‍കിയത്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ശ്രീജിത്ത് എസ് നായരും ട്രഷററായി ജോര്‍ജ് അഗസ്റ്റിനെയും ശ്രീ സിദ്ധീഖ് പുറായില്‍ അഡൈ്വസറി ബോഡ് ചെയര്‍മാനായും മുഹമ്മദലി പൊന്നാനി , അന്‍വര്‍ സാദത്ത് എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡണ്ടായും അതോടൊപ്പം 3 വൈസ് പ്രസിഡന്റ് മാരെയും 5 ജനറല്‍ സെക്രട്ടറിമാരെയും 8 സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി കെപിസിസി പ്രഖ്യാപിച്ചത്. എല്ലാ ജില്ലകളിലേയും പ്രാതിനിധ്യവും അതോടൊപ്പം പ്രവര്‍ത്തന പരിചയമുള്ളവരെയും പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയതാണ് പുതിയ കമ്മറ്റി.

സംഘടനാ രംഗത്തു അച്ചടക്കം പാലിച്ചു കൊണ്ട് കോണ്‍ഗ്രസ് കമ്മിറ്റി അഖിലേന്ത്യാ തലത്തില്‍ കഷ്ടപ്പാടുകള്‍ സഹിക്കുമ്പോള്‍ അതിലൊരു ബിന്ദുവാകാന്‍ സാധിക്കണമെന്നും അതോടൊപ്പം പുതിയ കമ്മിറ്റിയെ അംഗീകരിച്ചു പിന്തുണ കൊടുക്കുവാന്‍ ഖത്തറിലെ എല്ലാ ഇന്‍കാസ് അംഗങ്ങളോടും കോണ്‍ഗ്രസ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. അതോടൊപ്പം വിമതപ്രവര്‍ത്തനവും അച്ചടക്കലംഘനവും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Next Story