ആർ എസ് സി 'തർതീൽ'22; വിശുദ്ധ ഖുർആൻ മത്സരങ്ങൾക്ക് ഖത്തറിൽ തുടക്കം
വ്രതമാസത്തിൽ സംഘടന ആചരിക്കുന്ന 'വിശുദ്ധ റമളാൻ; വിശുദ്ധ ഖുർആൻ' എന്ന ക്യാംപയിനിന്റെ ഭാഗമായാണ് തർതീൽ സംഘടിപ്പിക്കുന്നത്.
10 April 2022 7:57 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: റമദാനിൽ ഗൾഫിലുടനീളം ആർഎസ് സി സംഘടിപ്പിക്കുന്ന 'തർതീൽ-'22' എന്ന ഹോളിഖുർആൻ മത്സരങ്ങൾക്കും അനുബന്ധപരിപാടികൾക്കും തുടക്കമായി. 916 പ്രാദേശിക യൂണിറ്റ് കേന്ദ്രങ്ങളിൽ സമാരംഭിച്ച തർതീൽ സെക്ടർ, സെൻട്രൽ മത്സരങ്ങളുണ്ടാവും. മെയ് ആദ്യവാരം ഓരോ രാജ്യങ്ങളിലും നടക്കുന്ന ഫൈനലോടെ മത്സരങ്ങൾക്ക് പരിസമാപ്തിയാകും. വ്രതമാസത്തിൽ സംഘടന ആചരിക്കുന്ന 'വിശുദ്ധ റമളാൻ; വിശുദ്ധ ഖുർആൻ' എന്ന ക്യാംപയിനിന്റെ ഭാഗമായാണ് തർതീൽ സംഘടിപ്പിക്കുന്നത്.
തർതീലിന്റെ അഞ്ചാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ള് (മനഃപാഠം), രിഹാബുൽ ഖുർആൻ (ഗവേഷണ പ്രബന്ധം), ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങൾ. കൂടാതെ ഖുർആൻ പ്രഭാഷണങ്ങൾ, ഇഫ്താർ എന്നിവയും മത്സരത്തോടനുബന്ധിച്ച് നടക്കും. വിദ്യാർഥികൾക്കും യുവാക്കൾക്കും ഖുർആൻ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാർഷിക പരിപാടി കൂടിയാണിത്.
ഖത്തർ, സൗദി വെസ്റ്റ്, യു എ ഇ, സൗദി ഈസ്റ്റ്, ബഹ്റൈൻ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുക. ഏകദേശം അയ്യായിരം പേർ മത്സരാർഥികളായുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രത്യേകം തയാറാക്കിയ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവർക്കാണ് മത്സരങ്ങൾക്ക് അവസരം നൽകുന്നത്.
STORY HIGHLIGHTS: Holy Quran competitions begin in Qatar