Top

ഇലക്ട്രിക് ബസുകളെ വരവേറ്റ് ഖത്തർ; പരിസ്ഥിതി സൗഹൃദ ഗതാഗതം എന്ന ലക്ഷ്യത്തിലേക്ക് ആദ്യ ചുവട്

2022 അവസാനത്തോടെ നിലവിൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് ബസുകളായി മാറും

29 March 2022 8:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇലക്ട്രിക് ബസുകളെ വരവേറ്റ് ഖത്തർ; പരിസ്ഥിതി സൗഹൃദ ഗതാഗതം  എന്ന ലക്ഷ്യത്തിലേക്ക് ആദ്യ ചുവട്
X

ദോഹ: ആഗോളതാപനത്തിന്റെ സാഹചര്യത്തിൽ പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ ഗതാഗതമെന്ന ലക്ഷ്യത്തിന് തുടക്കമിട്ട് ഖത്തർ. ഇനി മുതൽ അൽഗാനിം-സിറ്റി സെൻറർ റൂട്ടിൽ ഇലക്ട്രിക് ബസുകൾ മാത്രമാണ് ഓടിക്കുകയെന്ന് പബ്ലിക് ട്രാൻസ്പോർട്ടിങ് കമ്പനിയായ മുവാസലാത്ത് അറിയിച്ചു. മാസങ്ങൾക്ക് മുമ്പാണ് കർവ ബസ് സ്റ്റേഷനിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണിപ്പോൾ ഒരു റൂട്ടിൽ പൂർണമായി ഇലക്ട്രിക് ബസുകൾ ഇറക്കുവാൻ തയ്യാറാകുന്നത്.

2022 അവസാനത്തോടെ നിലവിൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് ബസുകളായി മാറും. കൂടാതെ ലോകകപ്പ് സമയത്ത് ഉപയോഗിക്കാനായി വാങ്ങുന്ന ബസുകളിൽ മിക്കതും ഇലക്ട്രിക് ബസുകളാണ്. പത്ത് വർഷം കൊണ്ട് ഖത്തറിലെ പൊതുഗതാഗത്തിനും സർക്കാർ സ്കൂളുകളിലും ഉപയോഗിക്കുന്ന മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളാക്കി മാറ്റുക എന്നതാണ് മുവാസലാത്തിൻറെ പദ്ധതി.

വാഹനങ്ങളിലെ കാർബൺ പുറന്തള്ളൽ പരമാവധി കുറച്ച് സാമ്പത്തിക പുരോഗതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് ഖത്തർ ഇലക്ട്രിക് ബസുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഗതാഗത രംഗത്ത് മാത്രമല്ല ഗ്യാസ് ഉത്പാദന പ്ലാൻറുകളിലും കാർബൺ പുറംതള്ളൽ പരമാവധി കുറക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചിരുന്നു.

Story highlights: From now on only electric buses run on the Alganim-City Center route says Mowasalat

Next Story