'ചരിത്രത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റ്; ലോകകപ്പ് സംഘാടനത്തില്‍ ഖത്തറിന് വീണ്ടും പ്രശംസ
ഖത്തറിന്റെ ആതിഥേയത്വം ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനാണ് വേദിയൊരുക്കിയത്
18 March 2023 8:55 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: ചരിത്രത്തിലെ മികച്ച ടൂര്‍ണമെന്റിന് വേദിയൊരുക്കിയെന്ന് ലോകകപ്പ് നടത്തിപ്പില്‍ ഖത്തറിന് വീണ്ടും പ്രശംസ ചൊരിഞ്ഞ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. റുവാണ്ടയില്‍ നടന്ന എഴുപത്തിയഞ്ചാമത് ഫിഫ കോണ്‍ഗ്രസ് വേദിയിലാണ് ഇന്‍ഫാന്റിനോ ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ വീണ്ടും പ്രകീര്‍ത്തിച്ചത്.
ഖത്തറിന്റെ ആതിഥേയത്വം ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനാണ് വേദിയൊരുക്കിയത്. ഖത്തര്‍ എല്ലാ തലത്തിലും ലോകകപ്പ് മനോഹരമാക്കി മാറ്റിയെന്നാണ് ഇന്‍ഫാന്റിനൊ അഭിപ്രായപ്പെട്ടത്. ഖത്തര്‍ ലോകകപ്പ് സംഘാടനം സംബന്ധിച്ച വാഗ്ദാനം വിജയകരമായി പൂര്‍ത്തിയാക്കി. അഞ്ഞൂറ് കോടി കാണികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഖത്തര്‍ ലോകകപ്പ് ആസ്വദിച്ചത്. സ്റ്റേഡിയങ്ങളിലിരുന്ന് മുപ്പത് കോടിപേരാണ് ലോകകപ്പിന്റെ കാഴ്ച്ചക്കാരായതെന്നും ഇന്‍ഫാന്റിനൊ ഖത്തറിന്റെ സംഘാടന മികവിനെ പ്രശംസിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെ സംഘാടന മികവില്‍ സംശയം പ്രകടിച്ചവര്‍ക്ക് മികച്ച സംഘാടനത്തിലൂടെയാണ് ഖത്തര്‍ മറുപടി നല്‍കിയതെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും സാങ്കേതിക സംവിധാനങ്ങളിലും ഖത്തര്‍ ലോകകപ്പ് ഏറ്റവും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
മറക്കാനാവാത്ത അനുഭവമാണ് ഖത്തര്‍ ലോകകപ്പ് എന്നാണ് റുവാണ്ടന്‍ പ്രസിഡണ്ട് പോള്‍കഗാമെ അഭിപ്രായപ്പെട്ടത്. ഖത്തറിനെ പോലെ മികച്ച സംഘാടകര്‍ക്ക് ലോകകപ്പ് അനുവദിച്ചതിന് ഫിഫയേയും റുവാണ്ടന്‍ പ്രസിഡന്റ് അഭിനന്ദിച്ചു. കളിയുടെ നിലവാരത്തിലും കാണികളുടെ എണ്ണത്തിലും ഖത്തര്‍ ലോകകപ്പ് മികച്ച നിലവാരം പുലര്‍ത്തിയതായും റുവാണ്ടന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: FIFA president praised Qatar for hosting the World Cup
- TAGS:
- FIFA World Cup
- Qatar
- Doha