Top

കൊവിഡ്; ഖത്തറില്‍ നാലാം ഡോസ് വാക്‌സിന് അംഗീകാരം

60 വയസിനു മുകളിലുള്ള വ്യക്തികള്‍ക്കും വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കുമാണ് നാലാമത്തെ ഡോസ് ബാധകമാവുക

30 March 2022 8:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ്; ഖത്തറില്‍ നാലാം ഡോസ് വാക്‌സിന് അംഗീകാരം
X

ദോഹ: ഖത്തറില്‍ കൊവിഡ് 19 വാക്‌സിനുകളുടെ നാലാമത്തെ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. ഫൈസര്‍, മോഡേണ വാക്‌സീനുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കും വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കുമാണ് നാലാമത്തെ ഡോസ് ബാധകമാവുക. ഇത്തരക്കാര്‍ക്ക് അവരുടെ മൂന്നാം ഡോസ് എടുത്ത് നാല് മാസത്തിന് ശേഷം വാക്‌സിന്‍ നല്‍കും.

അറുപത് വയസിനു മുകളിലുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് എടുത്ത് നാല് മാസം കഴിയുന്നതോടെ പ്രതിരോധശേഷി കുറയുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നാലാം ഡോസിന് ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കിയത്. നാലാം ഡോസ് നല്‍കുന്നതോടെ ഇവര്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം പറയുന്നത് പ്രകാരം നാലാം ഡോസിന് അര്‍ഹരായിട്ടുള്ളവര്‍

അറുപത് വയസ്സിന് മുകളിലുള്ളവര്‍, കാന്‍സര്‍ രോഗത്തിന് ചികിത്സ തേടുന്നവര്‍, അവയവമാറ്റം നടത്തിയ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയവര്‍, ജന്മനാ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ (ഡിജോര്‍ജ് സിന്‍ഡ്രോം, വിസ്‌കോട്ട്-ആല്‍ഡ്രിച്ച് സിന്‍ഡ്രോം പോലുള്ളവ), എച്ച്.ഐ.വി ബാധയുള്ളവര്‍, വൃക്കസംബന്ധമായ അസുഖം ബാധിച്ചവര്‍, എന്നിവരാണ്.

നാലാമത്തെ വാക്‌സിന്‍ ഡോസിന് അര്‍ഹരായ വ്യക്തികളെ പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ നേരിട്ട് ബന്ധപ്പെടും. അല്ലെങ്കില്‍ അര്‍ഹരായ വ്യക്തികള്‍ക്ക് പിഎച്ച്‌സിസി വഴിയും വാക്‌സിന്‍ സ്വീകരിക്കാന്‍ ബന്ധപ്പെടാം.

STORY HIGHLIGHTS: Covid; Fourth dose vaccine approved in Qatar

Next Story