Top

ഖത്തറില്‍ 50കാരന് മെര്‍സ് രോഗബാധ സ്ഥിരീകരിച്ചു

കര്‍ശന നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

23 March 2022 11:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തറില്‍ 50കാരന് മെര്‍സ് രോഗബാധ സ്ഥിരീകരിച്ചു
X

ദോഹ: ഖത്തറില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒട്ടകങ്ങളുമായി നേരിട്ട് ഇടപഴകിയ 50 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് ആശുപത്രിയില്‍ മതിയായ പരിചരണം നല്‍കുന്നതായും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കൊന്നും ഇതുവരെ രോഗ ലക്ഷങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍ രോഗം പടരുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ആരോഗ്യ വിഭാഗം വലിയ രീതിയിലുള്ള മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്.കൊവിഡ് വൈറസ് വിഭാഗത്തില്‍പ്പെട്ട രോഗാണുവാണ് മെര്‍സ് രോഗത്തിന് കാരണമാവുന്നത്. എന്നാല്‍, നോവല്‍ കൊറോണ വൈറസുമായി ഈ രോഗത്തിന് ഒരു ബന്ധവുമില്ല.

പൊതുജനങ്ങള്‍ ശുചിത്വവും മുന്‍കരുതലും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ചികിത്സ തേടുക എന്നിവയാണ് പ്രധാന ജാഗ്രത നിര്‍ദേശം.

STORY HIGHLIGHTS: A 50-year-old man in Qatar has been diagnosed with MERS

Next Story