Top

'ലോകകപ്പ് ഒരുക്കത്തിനിടെ 400 - 500 തൊഴിലാളികൾ മരിച്ചിട്ടുണ്ട്'; സ്ഥിരീകരിച്ച് ഖത്തര്‍

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം സ്ഥിരീകരിക്കാന്‍ ഖത്തര്‍ ആദ്യമായാണ് തയാറാവുന്നത്

30 Nov 2022 11:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പ് ഒരുക്കത്തിനിടെ 400 - 500 തൊഴിലാളികൾ മരിച്ചിട്ടുണ്ട്; സ്ഥിരീകരിച്ച് ഖത്തര്‍
X

ദോഹ: ഖത്തർ ലോകകപ്പിനായുളള മുന്നൊരുക്ക പ്രവർത്തനങ്ങള‍ക്കിടയിൽ 400 - 500 തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്ന് ഖത്തർ സ്ഥിരീകരിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം സ്ഥിരീകരിക്കാന്‍ ഖത്തര്‍ ആദ്യമായാണ് തയാറാവുന്നത്. മുമ്പ് സ്ഥിരീകരിച്ചതിലും ഏറെ കുടുതലാണ് മരണസംഖ്യയെന്ന് ദോ​ഹ അം​ഗീകരിച്ചു. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലാണ് ഖത്തര്‍ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസ്സന്‍ അല്‍ തവാദി തൊഴിലാളികളുടെ മരണസംഖ്യ സ്ഥിരീകരിച്ചത്.

ലോകകപ്പിനായുള്ള സ്റ്റേഡിയം, മെട്രോ റെയില്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കായി വന്ന തൊഴിലാളികളാണ് മരണപ്പെട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി വന്ന എത്ര തൊഴിലാളികളാണ് മരിച്ചത് എന്ന പിയേഴ്സ് മോര്‍ഗന്റെ ചോ​ദ്യത്തിലാണ് അല്‍ തവാദി 400നും 500നും ഇടയില്‍ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ കൃത്യമായ കണക്കുകള്‍ തനിക്ക് വ്യക്തമല്ലെന്നും പറഞ്ഞത്.

1,000 ഖത്തർ റിയാലാണ് തൊഴിലാളികൾക്ക് മിനിമം പ്രതിമാസ വേതനമായി ഖത്തർ തീരുമാനിച്ചത്. കൂടാതെ അവർക്കാവശ്യമായ ഭക്ഷണം, താമസ സൗകര്യം എന്നിവ ഖത്തർ അനുവദിച്ചു. മരണങ്ങൾ തടയുന്നതിനായി തൊഴിലാളി സുരക്ഷാ നിയമങ്ങളും അം​ഗീകരിച്ചു.

2014 മുതല്‍ 2021വരെ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കിടയിൽ മരിച്ചവരുടെ കണക്ക് ഖത്തർ പുറത്തുവിട്ടു. 40 കുടിയേറ്റ തൊഴിലാളികളാണ് ഇതുവരെ മരിച്ചതെന്നാണ് ഖത്തര്‍ അംഗീകരിച്ചത്. തൊഴില്‍ സ്ഥലത്തെ അപകടങ്ങൾ മൂലം മൂന്ന് പേരും ഹൃദയാഘാതത്തെ തുടർന്ന് 37പേരും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകളെന്ന് അൽ തവാദി അഭിമുഖത്തിൽ പറഞ്ഞു. കൊറോണ ബാധിച്ചും തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അഭിമുഖത്തില്‍ അല്‍ തവാദി സൂചിപ്പിക്കുന്നത് സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മാത്രം 400-500 പേരാണ് മരിച്ചത്. 2010ലാണ് ഫിഫ ഖത്തറിന് ലോകകപ്പിനായുളള ആതിഥേയത്വം അനുവദിച്ചത്.

STORY HIGHLIGHTS: 400 - 500 workers have died during qatar world cup preparations

Next Story