‘അല്‍ ജസീറ ഞങ്ങളുടെ അഭിമാനം;’ ഉപരോധം പിന്‍വലിച്ചതിന് ചാനല്‍ പൂട്ടില്ലെന്ന് ഖത്തര്‍

ഖത്തറിനു മേലുള്ള ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ അല്‍ ജസീറ മീഡിയ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നത് ചര്‍ച്ചയായിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം.

ഉപരോധം നീക്കണമെങ്കില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നതടക്കമുള്ള 13 നിര്‍ദ്ദേശങ്ങളായിരുന്നു 2017 ല്‍ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വെച്ചത്. എന്നാല്‍ ഇത് ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ് അന്ന് ഖത്തര്‍ ആവശ്യം തള്ളിക്കളയുകയായിരുന്നു.

മൂന്നര വര്‍ഷത്തിനു ശേഷം ഉപരോധം നീക്കിയതിന് പിന്നില്‍ അല്‍ ജസീരയുടെ കാര്യത്തില്‍ ജിസിസി രാജ്യങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ അല്‍ ജസീരയുടെ വിഷയം ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജസ്സിം അല്‍ താനി പറയുന്നു.

‘ അല്‍ ജസീറയുടെ വിഷയം ഉച്ചകോടിയില്‍ ഉന്നയിക്കപ്പെട്ടിട്ടില്ല. ഞങ്ങള്‍ അഭിമാനം കൊള്ളുന്ന സ്ഥാപനമാവും മീഡിയ പ്രവര്‍ത്തകരുമാണത്,’
‘ അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. അല്‍ ജസീറയുടെ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട്,’ ഖത്തര്‍ വിദേശ കാര്യ മന്ത്രി പറഞ്ഞു.

ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ ഗള്‍ഫ് മേഖലയെപറ്റി തെറ്റായ അഭിപ്രായ രൂപീകരണത്തിന് വഴിയൊരുക്കുന്നു എന്നായിരുന്നു യുഎഇയുടെയും സൗദിയുടെയും ഈജിപ്തിന്റെയും പരാതി.

അതേസമയം ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കിലും അല്‍ ജസീരയില്‍ നിലവില്‍ ജിസിസി രാജ്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ വരുന്നില്ല. നേരത്തെ സൗദി, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയം വലിയ രീതിയില്‍ അല്‍ ജസീറ കവര്‍ ചെയ്തിരുന്നു. 2010 ല്‍ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ചും ജിസിസി രാജ്യങ്ങളുടെ അഭ്യന്തര, സൈനിക വിഷയങ്ങളും അല്‍ ജസീര കവര്‍ ചെയ്തിരുന്നു.

മൂന്നര വര്‍ഷത്തിനു ശേഷം ജനുവരി അഞ്ചിനാണ് ഖത്തറുമായുള്ള അകല്‍ച്ച മാറ്റി വെച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ജിസിസി ഉച്ചകോടിയില്‍ ഒത്തുകൂടിയത്. ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ ധാരണയായ ഉച്ചകോടിയില്‍ സോളിഡാരിറ്റി ആന്റ് സ്റ്റബിലിറ്റി കാരാറില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ചു.

ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ വ്യോമപാത, കടല്‍, കര ഗതാഗത വിലക്ക് സൗദി നീക്കിയതിനു ശേഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ച് ജിസിസി ഉച്ചകോടിയില്‍ പങ്കെടുത്തത്. കുവൈറ്റ് അധികാരി ശൈഖ് നവാഫ് ഖത്തറിനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിക്കുകയും ഉപരോധം നീക്കാന്‍ ചര്‍ച്ച നടത്തുകയും ചെയ്തത് പിന്നാലെയാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായ ജാരദ് കുഷ്നറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ശ്രമങ്ങളാണ് ഖത്തര്‍സൗദി അനുനയത്തിലേക്ക് നയിച്ചത്.

2017 ലാണ് യുഎഇ, സൗദി, ഈജിപ്ത്, ബഹ്റിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ മുസ്ലിം ബ്രദര്‍ ഹുഡ് മൂവ്മെന്റിന് പിന്തുണ നല്‍കുന്നെന്നും ഒപ്പം ഇറാനെയും സഹായിക്കുന്നെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു അന്ന് ഖത്തറിനെതിരെ വന്ന ആരോപണം. എന്നാല്‍ ഖത്തര്‍ ഇതിനെ നിഷേധിക്കുകയായിരുന്നു.

Latest News