‘ജിസിസി-ഇറാന്‍ സൗഹൃദം സാധ്യമാവും’; മധ്യസ്ഥതയ്ക്ക് സമയമായെന്ന് ഖത്തര്‍

ഇറാന്‍-ജിസിസി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഖത്തര്‍. സമവായ ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാന്‍ സമയമായി എന്നും അയല്‍ രാജ്യങ്ങള്‍ അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ തുടങ്ങിയെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു. ബ്ലൂംബര്‍ഗ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇറാന്‍-ജിസിസി ഐക്യം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇപ്പോഴും തങ്ങള്‍ ഈ പ്രതീക്ഷയിലാണെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ഉപരോധകാലത്ത് ഖത്തറിനെ സഹായിച്ച പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്‍. ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യോമപാതകള്‍ ഉപരോധിക്കപ്പെട്ടപ്പോള്‍ ഇറാന്റ വ്യോമപാതയാണ് ഖത്തറിന് സഹായമായത്. ഒപ്പം രണ്ടു രാജ്യങ്ങളുടെയും വ്യാപാരക്കരാറുകളും ഉപരോധകാലത്ത് ശക്തമായി. ഖത്തര്‍ ഉപരോധം സൗദിയും യുഎഇയും ഈജിപ്തും ബഹ്‌റിനും പിന്‍വലിച്ചപ്പോള്‍ ഇറാനുമായുള്ള ബന്ധം ഖത്തര്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ ഖത്തര്‍ ഒരുക്കമല്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

മൂന്നര വര്‍ഷത്തിനു ശേഷം ജനുവരി അഞ്ചിനാണ് ഖത്തറുമായുള്ള അകല്‍ച്ച മാറ്റി വെച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ജിസിസി ഉച്ചകോടിയില്‍ ഒത്തുകൂടിയത്. ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ ധാരണയായ ഉച്ചകോടിയില്‍ സോളിഡാരിറ്റി ആന്റ് സ്റ്റബിലിറ്റി കാരാറില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ചു.

ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ വ്യോമപാത, കടല്‍, കര ഗതാഗത വിലക്ക് സൗദി നീക്കിയതിനു ശേഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ച് ജിസിസി ഉച്ചകോടിയില്‍ പങ്കെടുത്തത്. കുവൈറ്റ് അധികാരി ശൈഖ് നവാഫ് ഖത്തറിനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിക്കുകയും ഉപരോധം നീക്കാന്‍ ചര്‍ച്ച നടത്തുകയും ചെയ്തത് പിന്നാലെയാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായ ജാരദ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ശ്രമങ്ങളാണ് ഖത്തര്‍-ജിസിസി അനുനയത്തിലേക്ക് നയിച്ചത്.

2017 ലാണ് യുഎഇ, സൗദി, ഈജിപ്ത്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ മുസ്ലിം ബ്രദര്‍ ഹുഡ് മൂവ്‌മെന്റിന് പിന്തുണ നല്‍കുന്നെന്നും ഒപ്പം ഇറാനെയും സഹായിക്കുന്നെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു അന്ന് ഖത്തറിനെതിരെ വന്ന ആരോപണം. എന്നാല്‍ ഖത്തര്‍ ഇതിനെ നിഷേധിക്കുകയായിരുന്നു.

Latest News