ഖത്തര്‍ അമീര്‍ സൗദിയിലേക്ക് തിരിച്ചു: സുപ്രധാന കരാറുകള്‍ക്ക് ധാരണയാവും

മൂന്നരവര്‍ഷത്തെ ഉപരോധത്തിനു ശേഷം ഖത്തര്‍-സൗദി വ്യോമപാത തുറന്നതിനു പിന്നാലെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സൗദി അറേബ്യയിലേക്ക് തിരിച്ചു. സൗദിയിലെ അല്‍ ഉലയില്‍ വെച്ച് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഖത്തര്‍ അമീര്‍ സൗദിയിലേക്ക് തിരിച്ചിരിക്കുന്നത്. ജിസിസി ഉച്ചകോടിയില്‍ വെച്ച് ഖത്തര്‍ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളില്‍ ധാരണയാവുമെന്നാണ് സൂചന.
ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ വ്യോമപാത, കടല്‍, കര ഗതാഗത വിലക്ക് സൗദി നീക്കിയതിനു ശേഷമാണ് ഇരു രാജ്യങ്ങളും ഒരുമിച്ച് ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. കുവൈറ്റ് അധികാരി ശൈഖ് നവാഫ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുകയും ഉപരോധം നീക്കാന്‍ ചര്‍ച്ച നടത്തുകയും ചെയ്തത് പിന്നാലെയാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായ ജാരദ് കുഷ്നറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ശ്രമങ്ങളാണ് ഖത്തര്‍-സൗദി അനുനയത്തിലേക്ക് നയിച്ചത്.
നിലവില്‍ സൗദിക്കൊപ്പം ഖത്തര്‍ ഉപരോധം പ്രഖ്യാപിച്ചിരുന്ന യുഎഇ, ഈജിപ്ത്, ബഹ്റിന് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി അനുനയത്തിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം യുഎഇ വിദേശകാര്യമന്ത്രാലയം സൗദി-ഖത്തര്‍ അനുനയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വരാന്‍ പോവുന്ന ജിസിസി ഉച്ചകോടി ഗള്‍ഫ് ഐക്യം തിരികെക്കൊണ്ടുവരുമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗേഷ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷാവസാനം തന്നെ ഇരു രാജ്യങ്ങളും അനുനയത്തിലെത്തുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു. ഡിസംബര്‍ മാസത്തില്‍ ഖത്തര്‍ അമീറിനെ ജിസിസി ഉച്ചകോടിക്ക് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് ക്ഷണിച്ചിരുന്നു.
2017 ലാണ് യുഎഇ, സൗദി, ഈജിപ്ത്, ബഹ്റിന് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ മുസ്ലിം ബ്രദര്‍ ഹുഡ് മൂവ്മെന്റിന് പിന്തുണ നല്‍കുന്നെന്നും ഒപ്പം ഇറാനെയും സഹായിക്കുന്നെന്നുള്പ്പെടെയപുള്ള ആരോപണങ്ങളായിരുന്നു അന്ന് ഖത്തറിനെതിരെ വന്ന ആരോപണം. എന്നാല്‍ ഖത്തര്‍ ഇതിനെ നിഷേധിക്കുകയായിരുന്നു.