Top

ഓട്ടോ-ടാക്‌സി മേഖലയിലെ തൊഴില്‍ സ്തംഭനം; ഒരു വര്‍ഷത്തെ വാഹനനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിവി അന്‍വര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ഓട്ടോ-ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിരത്തിലാണെന്നും ചിലര്‍ തന്നോട് നേരിട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു.

27 May 2021 6:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓട്ടോ-ടാക്‌സി മേഖലയിലെ തൊഴില്‍ സ്തംഭനം; ഒരു വര്‍ഷത്തെ വാഹനനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിവി അന്‍വര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
X

കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ സ്തംഭനം നേരിടുന്ന ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്കായി വാഹനനികുതിയില്‍ ഇളവുനല്‍കണമെന്ന് അഭ്യര്‍ഥിച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷത്തെ വാഹന നികുതി പൂര്‍ണ്ണമായി ഒഴിവാക്കി കൊടുക്കണമെന്നും ഇന്‍ഷുറന്‍സ് തുക ഒടുക്കുന്നതിനായി കഴിയുമെങ്കില്‍ സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എംഎല്‍എയുടെ കത്ത്. ഓട്ടോ-ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിരത്തിലാണെന്നും ചിലര്‍ തന്നോട് നേരിട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. വാഹന നികുതി,ഇന്‍ഷുറന്‍സ്,മെയിന്റനന്‍സ് എന്നിവയ്ക്കായി വലിയ തുക കണ്ടെത്തേണ്ട അവസ്ഥയിലായിക്കുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ ഉടന്‍ സഹായം ലഭ്യമാക്കണമെന്നും അന്‍വര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. പിവി അന്‍വര്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോവിഡ്‌ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച ജനവിഭാഗമാണ് കേരളത്തിലെ ഓട്ടോ-ടാക്സി മേഖലയിൽ ജോലി ചെയ്യുന്നവർ.ആയിരക്കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഈ മേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്നുണ്ട്‌.ആദ്യ ലോക്ക്‌ ഡൗൺ കാലഘട്ടം തന്നെ ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയിരുന്നു.മാസങ്ങളോളം തൊഴിലില്ലാതെ കഷ്ടപ്പെട്ട ഇവർ ജീവിതം തിരികെ പിടിക്കുന്നതിനിടയിലാണ് കോവിഡ്‌ രണ്ടാം തരംഗത്തിന്റെ വരവ്‌.ഇതോടെ ഇവർ കൂടുതൽ പ്രതിസന്ധിയിലായിട്ടുണ്ട്‌.

ഈ സാഹചര്യത്തിൽ വാഹന നികുതി,ഇൻഷുറൻസ്‌,മെയിന്റനൻസ്‌ എന്നിവയ്ക്കായി വലിയ തുക കണ്ടെത്തേണ്ട അവസ്ഥയിലാണിവർ.ഈ വിഷയം സൂചിപ്പിച്ച്‌ കൊണ്ട്‌ നിരവധി ഓട്ടോ-ടാക്സി സുഹൃത്തുക്കൾ ബന്ധപ്പെട്ടിരുന്നു.ഒരു വർഷത്തെ വാഹന നികുതി പൂർണ്ണമായി ഒഴിവാക്കി കൊടുക്കണമെന്നും ഇൻഷുറൻസ്‌ തുക ഒടുക്കുന്നതിനായി കഴിയുമെങ്കിൽ സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ കൊണ്ട്‌ ബഹു:കേരള മുഖ്യമന്ത്രിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്‌.

Next Story