ഫേസ്ബുക്കില്‍ ഇപ്പോഴും തിരൂരങ്ങാടി എംഎല്‍എ; വിദ്യാഭ്യാസമന്ത്രിയെന്ന് കൂടി പറയരുതെന്ന് അബ്ദുറബ്ബിനോട് അന്‍വര്‍; സൈബര്‍ പോര് തുടരുന്നു
ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണെന്ന് മറക്കരുതെന്നും അതുകൂടി ഇനി താങ്കള്‍ ഏറ്റെടുക്കരുതെന്നും അന്‍വര്‍ റബ്ബിനെ പരിഹസിച്ചു.
23 May 2021 3:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുന്‍വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും തമ്മില്‍ ഫേസ്ബുക്കില്‍ പോര് തുടരുന്നു. ഇന്നലെ അന്‍വറിനെ ആഫ്രിക്കയില്‍ നിന്നുവന്ന എരുമ എന്ന് പരിഹസിച്ച അബ്ദുറബ്ബിന് നേരെ അതേ നാണയത്തില്‍ പരിഹാസവുമായാണ് ഇപ്പോള്‍ അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇപ്പോഴും തിരൂരങ്ങാടി എംഎല്‍എ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതാണ് ഇത്തവണ അന്‍വര്‍ ആയുധമാക്കിയത്. തിരൂരങ്ങാടി മണ്ഡലത്തില്‍ ഇപ്പോള്‍ രണ്ട് എംഎല്‍എമാരുണ്ട് എന്ന് അന്‍വര്‍ പരിഹസിച്ചു. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണെന്ന് മറക്കരുതെന്നും അതുകൂടി ഇനി താങ്കള്‍ ഏറ്റെടുക്കരുതെന്നും അന്‍വര്‍ റബ്ബിനെ പരിഹസിച്ചു.
പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
തിരൂരങ്ങാടി മണ്ഡലത്തിൽ മാത്രം ഇന്ന് എം.എൽ.എമാർ രണ്ടാണ്.ഒന്ന് ജനങ്ങൾ തിരഞ്ഞെടുത്ത കെ.പി.എ മജീദ് സാഹിബും,രണ്ട്”ഇപ്പോളും ഞാനാണ് എം.എൽ.എ”എന്നും പറഞ്ഞ് കസേരയിൽ അള്ളിപിടിച്ചിരിക്കുന്ന പി.കെ.അബ്ദു റബ്ബും..!!വിദ്യാഭ്യാസ മന്ത്രി ഇന്ന് സഖാവ് വി.ശിവൻകുട്ടിയാണ്.ഇനി പഴയ ഓർമ്മയ്ക്ക് അത് കൂടി ഏറ്റെടുത്ത് കൊണ്ട് ഇറങ്ങിയേക്കരുത്..!!
ദാ..ഇനി..പി.വി.അൻവർ പറയും..റബ്ബ് അനുസരിക്കും..അന്നെ മെരുക്കാൻ കഴിയുമോന്ന് ഞാനും ഒന്ന് നോക്കട്ടേ..”നാണിക്കേണ്ടാ റബ്ബേ..വേഗം മാറ്റിക്കോളീം..ന്നിട്ട് വേണേൽ Ex:എം.എൽ.എ ന്ന് പേജിൽ ഒരു ബോർഡ് വെച്ചോളീ..”
അബ്ദു റബ്ബ് പറഞ്ഞത്:
”ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.”