‘പി വി അന്‍വര്‍ ഉടന്‍ മടങ്ങിയെത്തും’; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമെന്നറിയിച്ചതായി സ്റ്റാഫ് അംഗങ്ങള്‍

നിലമ്പൂര്‍: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന്‌ ഉടന്‍ മടങ്ങിയെത്തും. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയിലേക്ക് പോയ അദ്ദേഹം ഒരാഴ്ച്ചയ്ക്കകം മടങ്ങിയെത്തുമെന്ന് എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും എംഎല്‍എയുടെ മണ്ഡലത്തിലെ അഭാവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എംഎല്‍എയുടെ സ്റ്റാഫ് അംഗങ്ങള്‍ രംഗത്തെത്തിയത്.

എംഎല്‍എയുടെ വിദേശയാത്രയില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി ജില്ലാ നേതൃത്വവും എത്തിയിരുന്നു. അന്‍വര്‍ ഉടന്‍ മടങ്ങിവരുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസും വ്യക്തമാക്കി.

നിലമ്പൂരിലെ ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ വീണ്ടും മത്സരിക്കുമെന്നും അറിയിച്ചതായി എംഎല്‍എ അറിയിച്ചതായും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങള്‍ വ്യക്തമാക്കി. രണ്ട് മാസത്തോളമായി വിദേശത്ത് കഴിയുന്ന അദ്ദേഹം ഉടന്‍ മടങ്ങിവരുമമെന്നും പറഞ്ഞുകൊണ്ട് വീഡിയോ സന്ദേശം അദ്ദേഹം നേരത്തെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേരത്തെ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ, ഘാനയില്‍ അദ്ദേഹം അറസ്റ്റിലാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തിയത്. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലുമാകാത്ത തരം എന്ത് ബിസിനസാണ് പിവി അന്‍വര്‍ നടത്തുന്നതെന്ന് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് താന്‍ ബിസിനസ്സ് ആവശ്യത്തിനായി ആഫ്രിക്കയിലായത് കൊണ്ടാണെന്ന് എംഎല്‍എ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു.

Latest News