Top

‘ഇന്ദ്രനേയും ചന്ദ്രനേയും കുറിച്ചുള്ള രേഖകള്‍ പോലും കയ്യിലുള്ള സുഹൃത്ത് കൂടെയുണ്ടായിട്ടും…’; ഷാജിയെ ട്രോളി മതിയാകാതെ പിവി അന്‍വര്‍

ഷാജിയെ വീണ്ടും വിജിയലന്‍സ് ചോദ്യം ചെയ്യുന്ന വാര്‍ത്തയ്‌ക്കൊപ്പം ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ഞെട്ടിത്തരിച്ചിരിക്കുന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ മീം കൂടി ചേര്‍ന്നതാണ് പിവി അന്‍വറിന്റെ പുതിയ ട്രോള്‍.

15 April 2021 5:51 AM GMT

‘ഇന്ദ്രനേയും ചന്ദ്രനേയും കുറിച്ചുള്ള രേഖകള്‍ പോലും കയ്യിലുള്ള സുഹൃത്ത് കൂടെയുണ്ടായിട്ടും…’; ഷാജിയെ ട്രോളി മതിയാകാതെ പിവി അന്‍വര്‍
X

കെഎം ഷാജിക്കെതിരായ വിജിലന്‍സ് നീക്കം ചൂണ്ടി വീണ്ടും രൂക്ഷ പരിഹാസവുമായി പിവി അന്‍വര്‍ എംഎല്‍എ. ഷാജിയെ വീണ്ടും വിജിയലന്‍സ് ചോദ്യം ചെയ്യുന്ന വാര്‍ത്തയ്‌ക്കൊപ്പം ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ഞെട്ടിത്തരിച്ചിരിക്കുന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ മീം കൂടി ചേര്‍ന്നതാണ് പിവി അന്‍വറിന്റെ പുതിയ ട്രോള്‍. ഇന്ദ്രനേയും ചന്ദ്രനേയും കുറിച്ചുള്ള രേഖകള്‍ പോലും കയ്യിലുള്ള സുഹൃത്ത് കൂടെയുണ്ടായിരുന്നിട്ടും….എന്ന അപൂര്‍ണ്ണമായ വാക്യം കൂടി ചേര്‍ത്ത് ഫേസ്ബുക്കിലൂടെയാണ് അന്‍വറിന്റെ കുറിക്കുകൊള്ളുന്ന പരിഹാസം. ഷാജിക്ക് പൂര്‍ണ്ണപിന്തുണയറിയിച്ച് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലീം ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇന്ദ്രനേയും ചന്ദ്രനേയും കുറിച്ചുള്ള രേഖകൾ പോലും കയ്യിലുള്ള സുഹൃത്ത്‌ കൂടെയുണ്ടായിട്ടും..😓😓

Posted by PV ANVAR on Thursday, 15 April 2021

കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയില്‍ നിന്നെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. നോട്ടുകെട്ടുകളില്‍ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുന്‍പ് തന്നെ സൂക്ഷിച്ചതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത മറ്റ് രേഖകളിന്‍ മേലുള്ള റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

വിദേശയാത്രയുടേതടക്കമുള്ള 72 ഓളം രേഖകളാണ് ഹാജരാക്കിയത്. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 491 ഗ്രാം സ്വര്‍ണം, വിദേശയാത്ര നടത്തിയതിന്റെ 28 പാസ്‌പോര്‍ട്ട് രേഖകള്‍ തുടങ്ങിയവയാണ് കോടതിയില്‍ ഹാജരാക്കിയത്. 50 ലക്ഷം രൂപ കണ്ണൂരിലെ ഷാജിയുടെ വീട്ടില്‍ നിന്നും 39,000 രൂപ കോഴിക്കോട്ടെ വീട്ടില്‍ നിന്നുമാണ് പിടിച്ചെടുത്തത്. പണം തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭാഗമായുള്ളതെന്നാണ്, റെയ്ഡ് സമയത്ത് ഷാജി പറഞ്ഞത്.

പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിക്കും. കേസില്‍ ഹാജരാക്കുന്ന രേഖകള്‍ തിരികെ കിട്ടാനും നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ ഹര്‍ജി നല്‍കും. ഇത് ലഭിച്ചതിന് ശേഷം ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് ഷാജിക്ക് നല്‍കാനാണ് വിജിലന്‍സ് തീരുമാനം. അടുത്ത 23ന് കെഎം ഷാജിയുടെ അനധികൃത സ്വത്തു സമ്പാദന കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഷാജിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള വിജിലന്‍സ് നീക്കം നടക്കുന്നത്.

2011 -2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലന്‍സ് പ്രധാനമായും ഷാജിയില്‍ നിന്നും തേടുക. എന്നാല്‍ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാജി. മുസ്ലീംലീഗിന്റെ പിന്തുണയും ഷാജിക്ക് ഉണ്ട്.

ഇടത് അനുഭാവിയായ അഭിഭാഷനാണ് ഷാജിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് പരാതി നല്‍കിയത്.

Next Story