Top

ചെറിയാന്‍, സുജ, സിന്ധു, ജെയ്ക്ക്… പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോട് ‘പൊരുതാന്‍’ ഇനിയാര് ?

കഴിഞ്ഞ അരനൂറ്റാണ്ടോളം ഉമ്മന്‍ചാണ്ടി മത്സരിച്ച് വിജയിക്കുന്ന മണ്ഡലത്തില്‍ ഇത്തവണയും മറ്റൊരങ്കത്തിന് അദ്ദേഹമിറങ്ങുന്നതോടെ അട്ടിമറി സാധ്യതകള്‍ പൂര്‍ണ്ണമായും അപ്രസക്തമാകുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു

26 Jan 2021 4:57 AM GMT
അനുപമ ശ്രീദേവി

ചെറിയാന്‍, സുജ, സിന്ധു, ജെയ്ക്ക്… പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോട് ‘പൊരുതാന്‍’ ഇനിയാര് ?
X

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി മണ്ഡലത്തില്‍ ഇത്തവണ പ്രധാന ചര്‍ച്ച ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തന്നെയാണ്. തെരഞ്ഞെടുപ്പ് മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ താത്പര്യമെങ്കിലും തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി കൂടി മുന്‍നിര്‍ത്തി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മത്സരിക്കണമെന്ന നിര്‍ബന്ധത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ അരനൂറ്റാണ്ടോളം ഉമ്മന്‍ചാണ്ടി മത്സരിച്ച് വിജയിക്കുന്ന മണ്ഡലത്തില്‍ ഇത്തവണയും മറ്റൊരങ്കത്തിന് അദ്ദേഹമിറങ്ങുന്നതോടെ അട്ടിമറി സാധ്യതകള്‍ പൂര്‍ണ്ണമായും അപ്രസക്തമാകുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. മുതിര്‍ന്ന നേതാക്കളെയും യുവ നേതാക്കളെയും മാറി മാറി പരീക്ഷിച്ചിട്ടും ഇന്നുവരെ മണ്ഡലത്തില്‍ ഫലമുണ്ടാക്കാനാകാതിരുന്ന ഇടതുമുന്നണിക്ക് തദ്ദേശതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി പഞ്ചായത്തിലടക്കം നേടാന്‍ കഴിഞ്ഞ വിജയം ആത്മവിശ്വാസം പകരുന്നതാണ്. എന്നാല്‍ അട്ടിമറി സാധ്യതകളൊന്നും ഭയപ്പെടുത്തുന്നില്ലെങ്കിലും മറ്റൊരു സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ പരീക്ഷിക്കാന്‍ കോണ്‍ഗ്രസും തയ്യാറല്ല.

1970 – ലെ നിയമസഭതെരഞ്ഞെടുപ്പിലൂടെ തന്റെ 27ാം വയസ്സിലാണ് ആദ്യമായി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1957 മുതല്‍ നിലനിലുള്ള പുതുപ്പള്ളി മണ്ഡലത്തില്‍ 1957, 1960 തെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പി സി ചെറിയാനാണ് മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. എന്നാല്‍ 1965- ലെ തെരഞ്ഞെടുപ്പില്‍ പി സി ചെറിയാനെ തോല്‍പ്പിച്ച് മണ്ഡലത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കി. 67-ലും അദ്ദേഹം വിജയമാവര്‍ത്തിച്ചതോടെയാണ് 1970- ല്‍ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ചുമതലയുമായി ഉമ്മന്‍ചാണ്ടി മത്സരത്തിനിറങ്ങിയത്. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല വിജയകരമായി നിറവേറ്റിയ അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചതോടെയാണ് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. അന്ന് 7288 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. എന്നാല്‍ ആ ഭൂരിപക്ഷം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷമായിരുന്നു. 1977- ലെ തെരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും മണ്ഡലത്തില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംഎല്‍എ പി സി ചെറിയാനായിരുന്നു അദ്ദേഹത്തിന് എതിരാളി. ഭാരതീയ ലോക് ദള്‍ പാര്‍ട്ടി ബാനറിലായിരുന്നു അന്ന് പി സി ചെറിയാന്‍ മത്സരിച്ചത്.

ആ വിജയത്തിനുശേഷം ഉമ്മന്‍ചാണ്ടിയുടെ അപ്രമാധിത്വം ഉറപ്പിച്ച മറ്റൊരു തെരഞ്ഞെടുപ്പായിരുന്നു 1980 ലേത്. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ദേവരാജ് ഉര്‍സ്, എ കെ ആന്റണി , ശരദ് പവാര്‍ എന്നീ നേതാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച കോണ്‍ഗ്രസ് (യു)വിന്റെ ഭാഗമായി ആയിരുന്നു ഉമ്മന്‍ചാണ്ടി ആ തെരഞ്ഞെടുപ്പ് നേരിട്ടത്. അന്ന് ഉമ്മന്‍ചാണ്ടി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 449 വോട്ടുകള്‍ മാത്രമാണ്. ആ ചരിത്രത്തെ വെല്ലുവിളിക്കുന്നതായിരുന്നു 1987 – ലെ തെരഞ്ഞെടുപ്പ് നിലവില്‍ സിപിഐഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായ വി എന്‍ വാസവനാണ് അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രധാന എതിരാളിയായി രംഗത്തുണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ പോയ വളരെ അപൂര്‍വ്വം തെരഞ്ഞെടുപ്പുകളിലൊന്നായിരുന്നു അത്. എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ അതേ അര്‍ഥത്തില്‍ വെല്ലുവിളിയുയര്‍ത്താന്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്കായില്ല.

2001-ല്‍ മുന്‍ സഹപ്രവര്‍ത്തകനായ ചെറിയാന്‍ ഫിലിപ്പിനോട് വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഉയരുകയല്ലാതെ മറ്റൊന്നുമുണ്ടായില്ല. 2006 ല്‍ എസ്എഫ്‌ഐ നേതാവായ സിന്ധു ജോയിയിലൂടെ മറ്റൊരു യുവ നേതാവിനെ കളത്തിലിറക്കിയായിരുന്നു ഇടതുപക്ഷത്തിന്റെ പരീക്ഷണം. യുഡിഎഫ് ഭരണകാലത്തെ പൊലീസ് ആക്രമണത്തിന്റെ ഇരയെന്ന നിലയില്‍ സിന്ധു മണ്ഡലത്തില്‍ ചര്‍ച്ചയായെങ്കിലും വിജയം നേടാനായില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ വനിത നേതാവായ സുജ സൂസണ്‍ ജോര്‍ജിനെ സിപിഐഎം രംഗത്തിറക്കിയെങ്കിലും 33255 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിജയം. ഒടുവില്‍ 2016-ല്‍ മണ്ഡലത്തില്‍ നിന്നുതന്നെയുള്ള എസ്എഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസിനെ കളത്തിലിറക്കി സിപിഐഎം. സോളാര്‍ അടക്കമുള്ള നിരവധി ആരോപണങ്ങളെതിരായിരുന്നിട്ടും തന്റെ രണ്ടാമത്തെ വലിയ ഭൂരിപക്ഷമായ 27092 വോട്ടുനേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം.

എന്നാല്‍ ഈ തെരഞ്ഞെടുപ്പുകളിലെല്ലാം തദ്ദേശതെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന ചായ്‌വായിരുന്നു പുതുപള്ളിയുടേത്. ആ രീതിക്ക് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലൂടെ വന്ന മാറ്റം അത്ര ചെറുതല്ലാതെ കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വിജയ ചരിത്രത്തിലുടനീളം യുഡിഎഫിനൊപ്പം നിന്ന പുതുപ്പള്ളി പഞ്ചായത്തടക്കം ഇത്തവണ ഇടതുമുന്നണി പിടിച്ചത് നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിന് പുതുപ്പള്ളി അരങ്ങാകുമെന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ കൂടിയാണ് ചാണ്ടി ഉമ്മന്‍ അടക്കമുള്ളവരുടെ പേരുകള്‍ തള്ളി മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടില്‍ കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്.

അതേസമയം, അങ്ങനെ ഒരട്ടിമറിക്ക് സാധ്യതയുണ്ടെങ്കില്‍ അത് മുഴുവനായി ഉപയോഗപ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കം. അങ്ങനെയൊരു പരീക്ഷണ മത്സരത്തിനായി മണ്ഡലത്തില്‍ വീണ്ടും ജെയ്ക്കിനെ രംഗത്തിറക്കിയേക്കുമെന്നാണ് സൂചനകള്‍. ചരിത്രത്തിലാദ്യമായി മണര്‍കാട്‌ അടക്കമുള്ള പഞ്ചായത്തുകളില്‍ ഒറ്റയ്ക്ക് ഭരണത്തിലേറാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവും നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണകരമാകും.

Next Story