Top

‘അത് മനസിലാക്കാനുള്ള വിവേകമുണ്ടാകണമെങ്കില്‍ ആര്‍എസ്എസുകാരന്‍ പതിനായിരം പ്രാവശ്യം മരിച്ച് ജനിക്കണം’; രക്തസാക്ഷി മണ്ഡപം കാപട്യക്കാര്‍ക്ക് നിരങ്ങാനുള്ളതല്ലെന്ന് സിപിഐഎം

ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പുന്നപ്ര വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതില്‍ കടുത്ത പ്രതിഷേധവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. രക്തസാക്ഷികളെ അവഹേളിച്ച സന്ദീപിന്റെ നീക്കം മനപൂര്‍വ്വം പ്രകോപനമുണ്ടാക്കി ആസൂത്രിത കലാപത്തിനുള്ള ശ്രമമാണെന്ന് സിപിഐഎം ആരോപിച്ചു. സിപിഐയുടേയോ സിപിഐഎമ്മിന്റെയോ പ്രവര്‍ത്തകര്‍ ആ സമയത്ത് രക്തസാക്ഷി മണ്ഡപത്തിന്റെ സമീപത്തുണ്ടായിരുന്നെങ്കില്‍ തടയുമായിരുന്നെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു പറഞ്ഞു. ഏതൊരാള്‍ക്കും കേറി നിരങ്ങാനുള്ള സ്ഥലമല്ല അത്. പ്രത്യേകിച്ച് ആര്‍എസ്എസിന്റെ ഇതുപോലുള്ള കാപട്യക്കാര്‍ക്ക് കേറി നിരങ്ങാനുള്ളതല്ല രക്തസാക്ഷി […]

19 March 2021 7:45 AM GMT

‘അത് മനസിലാക്കാനുള്ള വിവേകമുണ്ടാകണമെങ്കില്‍ ആര്‍എസ്എസുകാരന്‍ പതിനായിരം പ്രാവശ്യം മരിച്ച് ജനിക്കണം’; രക്തസാക്ഷി മണ്ഡപം കാപട്യക്കാര്‍ക്ക് നിരങ്ങാനുള്ളതല്ലെന്ന് സിപിഐഎം
X

ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പുന്നപ്ര വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതില്‍ കടുത്ത പ്രതിഷേധവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. രക്തസാക്ഷികളെ അവഹേളിച്ച സന്ദീപിന്റെ നീക്കം മനപൂര്‍വ്വം പ്രകോപനമുണ്ടാക്കി ആസൂത്രിത കലാപത്തിനുള്ള ശ്രമമാണെന്ന് സിപിഐഎം ആരോപിച്ചു. സിപിഐയുടേയോ സിപിഐഎമ്മിന്റെയോ പ്രവര്‍ത്തകര്‍ ആ സമയത്ത് രക്തസാക്ഷി മണ്ഡപത്തിന്റെ സമീപത്തുണ്ടായിരുന്നെങ്കില്‍ തടയുമായിരുന്നെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു പറഞ്ഞു.

ഏതൊരാള്‍ക്കും കേറി നിരങ്ങാനുള്ള സ്ഥലമല്ല അത്. പ്രത്യേകിച്ച് ആര്‍എസ്എസിന്റെ ഇതുപോലുള്ള കാപട്യക്കാര്‍ക്ക് കേറി നിരങ്ങാനുള്ളതല്ല രക്തസാക്ഷി മണ്ഡപം. അത് മനസിലാക്കാനുള്ള വിവേകമുണ്ടാകണമെങ്കില്‍ ആര്‍എസ്എസുകാരന്‍ പതിനായിരം പ്രാവശ്യം മരിച്ച് ജനിക്കണം.

സി ബി ചന്ദ്രബാബു

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് മുമ്പായാണ് ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിയും എട്ടോളം പ്രവര്‍ത്തകരും വലിയ ചുടുകാട് രക്തസാക്ഷി മണ്ഡത്തിലെത്തിയത്. ആര്‍എസ്എസ് മുദ്രാവാക്യങ്ങള്‍ മുഴക്കി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സന്ദീപ് പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് രക്തസാക്ഷി മണ്ഡപത്തിനുള്ളതെന്ന് പ്രതികരിച്ചു. അതിക്രമത്തിനെതിരെ പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും സിപിഐ പരാതി നല്‍കി.

ചന്ദ്രബാബു പറഞ്ഞത്

“ദിവാന്‍ ഭരണത്തിനും അമേരിക്കന്‍ മോഡലിനും രാജവാഴ്ച്ചയ്ക്കും എതിരായി ധീരോദാത്തം പോരാടിയ രക്തസാക്ഷികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യസമര സേനാനികളും നേതാക്കന്‍മാരും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപം. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള സ്മാരകമാണ്. പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരക ട്രസ്റ്റിനാണ് അതിന്റെ പൂര്‍ണമായ നിയന്ത്രണം. അങ്ങനെയുള്ള ഒരു സ്ഥാപനത്തില്‍ ഞങ്ങളുടെ അനുമതിയില്ലാതെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി അതിക്രമിച്ചുകയറി പുഷ്പാര്‍ച്ചന നടത്തുകയും പുറത്തുവന്ന് രക്തസാക്ഷികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണം നടത്തുകയും ചെയ്തത്. സ്ഥിരമായി ആര്‍എസ്എസ് പറയാറുള്ളതും നാട്ടിലുള്ള ആളുകള്‍ വക വെക്കാത്തതും മുഖവിലക്കെടുക്കാത്തതുമായ പരാമര്‍ശങ്ങള്‍ സന്ദീപ് വചസ്പതി നടത്തി. തരം കിട്ടിയാല്‍ രക്തസാക്ഷികളെ അവഹേളിക്കാന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്എസും സംഘ്പരിവാറും ആസൂത്രിതമായി കലാപമുണ്ടാക്കാന്‍ നീക്കം നടത്തുകയാണ്.

ഏതൊരാള്‍ക്കും കേറി നിരങ്ങാനുള്ള സ്ഥലമല്ല അത്. പ്രത്യേകിച്ച് ആര്‍എസ്എസിന്റെ ഇതുപോലുള്ള കാപട്യക്കാര്‍ക്ക് കേറി നിരങ്ങാനുള്ളതല്ല രക്തസാക്ഷി മണ്ഡപം. അത് മനസിലാക്കാനുള്ള വിവേകമുണ്ടാകണമെങ്കില്‍ ആര്‍എസ്എസുകാരന്‍ പതിനായിരം പ്രാവശ്യം മരിച്ച് ജനിക്കണം. സിപിഐഎമ്മിന്റെ നാല് പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവരെ അകത്ത് കയറി നിരങ്ങാന്‍ അനുവദിക്കുമായിരുന്നില്ല. തടയുക തന്നെ ചെയ്യുമായിരുന്നു. മനപൂര്‍വ്വം പ്രകോപനമുണ്ടാക്കി അതിക്രമത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ വേണ്ടിയാണ് അവര്‍ വന്നത്. സന്ദീപ് വചസ്പതി സ്ഥാനത്തിന് നിരക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നതാണ് നല്ലത്. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിത്.”

ബിജെപി നേതൃത്വത്തിനും സന്ദീപ് വചസ്പതിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആലപ്പുഴയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി ചിത്തരഞ്ജനും രംഗത്തെത്തി. പുന്നപ്ര-വയലാര്‍ സമരം രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് ചിത്തരഞ്ജന്‍ ചൂണ്ടിക്കാട്ടി. നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായുള്ള അതി ശക്തമായ പോരാട്ടമാണ് സ്വന്തം ജീവിതം ബലിയര്‍പ്പിച്ചുകൊണ്ടുള്ള നൂറ് കണക്കിന് പേരുടെ രക്തസാക്ഷിത്വം. അവരുടെ ഉജ്ജ്വലമായ പാരമ്പര്യവും പൈതൃകവുമുള്ള ഒരു സമരത്തെ അധിക്ഷേപിക്കുവാനും രക്തസാക്ഷി മണ്ഡപത്തെ നിന്ദിക്കുവാനുമുള്ള സമീപനം അങ്ങേയറ്റം അപലപനീയമാണ്. സംഘര്‍ഷമുണ്ടാക്കാനും വാര്‍ത്താതാളുകളില്‍ ഇടം പിടിക്കാനുമുള്ള വില കുറഞ്ഞ നിലപാടാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്വീകരിച്ചത്. ഇതിന് മുമ്പ് എത്രയോ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയുടേയും മറ്റ് പാര്‍ട്ടികളുടേയും എത്രയോ നേതാക്കള്‍ മത്സരിച്ചിട്ടുണ്ട്. അവരാരും അത് ചെയ്തിട്ടില്ലല്ലോ. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും നിയന്ത്രണത്തിലുള്ള ഭൂമിയിലാണ് രക്തസാക്ഷി മണ്ഡപം നിലകൊള്ളുന്നത്. ആ രക്തസാക്ഷി മണ്ഡപത്തെ അതിക്രമിച്ച് കടക്കുകയെന്ന് പറഞ്ഞാല്‍ വളരെ ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കുന്നതിന്റെ ഭാഗമാണ്. സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനെത്തെ അട്ടിമറിക്കാനുള്ള നീക്കമാണ്. ബിജെപിയുടെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥി കാണിച്ച ഈ വിവരക്കേടിനേക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണെന്നും ചിത്തരഞ്ജന്‍ കൂട്ടിച്ചേര്‍ത്തു.

Next Story