IPL 2021

വീരനായകനായി കേരളക്കരയുടെ സഞ്ജു സാംസണ്‍; ആവേശപ്പോരില്‍ പഞ്ചാബ് രക്ഷപ്പെട്ടു

ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിന് 4 റണ്‍സ് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 221 റണ്‍സ് ലക്ഷ്യവെച്ച് ഇറങ്ങിയ റോയല്‍സ് ഇന്നിംഗ്‌സ് 217ല്‍ അവസാനിക്കുകയായിരുന്നു. റോയല്‍സിന് വേണ്ടി അവിസ്മരണീയ പ്രകടനമാണ് നായകന്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്. 63 പന്ത് നേരിട്ട സഞ്ജു 119 റണ്‍സെടുത്തു. 7 സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ തലനാരിഴക്കാണ് പഞ്ചാബ് വിജയിച്ചത്.

ആദ്യ ഓവറില്‍ ബെന്‍ സ്‌റ്റോക്‌സിനെ പുറത്താക്കിയ മുഹമ്മദ് ഷമി പഞ്ചാബിന് മികച്ച തുടക്കം നല്‍കി. അധികം വൈകാതെ മനാന്‍ വോഹ്‌റ അര്‍ഷദീപിന് മുന്നില്‍ വീണു. പിന്നീടെത്തിയ ജോസ് ബട്‌ലറുമായി ചേര്‍ന്ന് സഞ്ജു റോയല്‍സ് സ്‌കോര്‍ മുന്നോട്ടുനയിച്ചു. മോശം പന്തുകളെ ശിക്ഷിച്ച് മുന്നേറിയ ഇരുവരും ശ്രദ്ധയോടെ ബാറ്റുവീശി. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 25ല്‍ നില്‍ക്കെ റിച്ചാര്‍ഡ്‌സണ്‍ ബട്‌ലറിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

പിന്നാലെയെത്തിയ ശിവം ദൂംബെയുമായി ചേര്‍ന്ന് സഞ്ജു മികച്ച കൂട്ടുക്കെട്ടുയര്‍ത്താനുള്ള ശ്രമം നടത്തി. ഇടയില്‍ നായകന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. റോയല്‍സ് സ്‌കോര്‍ 123ലെത്തിയതിന് പിന്നാലെ ദുംബെ വീണു. അര്‍ഷദീപിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ ദീപക് ഹുഡയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. അഞ്ചാം വിക്കറ്റില്‍ റയാന്‍ പരാഗിനൊപ്പം സഞ്ജു വീണ്ടും മികച്ച കൂട്ടുക്കെട്ടുയര്‍ത്തി. 11 പന്തില്‍ 25 റണ്‍സെടുത്ത പരാഗ് പുറത്തായതോടെ റോയല്‍സിന്റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവര്‍ മത്സരത്തില്‍ നിര്‍ണായകമായി. ഈ ഓവറില്‍ ഒരു വിക്കറ്റെടുത്ത ഷമി എട്ട് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഇതോടെ റോയല്‍സിന്റെ വിജയിക്കാന്‍ 18 പന്തില്‍ 40 റണ്‍സ് എന്ന നിലയിലായി. റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ 18ാമത്തെ ഓവറില്‍ ആദ്യ മൂന്ന് പന്തില്‍ രണ്ട് ബൗണ്ടറിയും സിക്‌സും പറത്തി സഞ്ജു സാസംണ്‍ സെഞ്ച്വറി തികച്ചു. ഐപിഎല്ലിന്റെ ചരിത്രത്തിലെ നായകന്‍ തന്റെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയടിക്കുന്നത് ആദ്യമായിട്ടാണ്. നായകനെന്ന നിലയില്‍ ഐപിഎല്ലിലെ മികച്ച സ്‌കോര്‍ കൂടിയാണിത്.

അവസാന രണ്ട് ഓവറില്‍ റോയല്‍സിന് വിജയിക്കാന്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ ആദ്യ പന്തില്‍ തെവാട്ടിയ പുറത്തായി. പിന്നീടുള്ള പന്തുകള്‍ കടുപ്പിച്ചെറിഞ്ഞ റിച്ചാര്‍ഡ്‌സന്‍ മികവ് പുലര്‍ത്തി. എന്നാല്‍ ഈ ഓവറില്‍ ഒരു സിക്‌സടിച്ച് സഞ്ജു വിജയത്തിലേക്ക് ടീമിനെ നയിച്ചു. 20-ാം അവസാന ഓവറില്‍ ഒരു സിക്‌സടിച്ച് വിജയ പ്രതീക്ഷ സഞ്ജു നിലനിര്‍ത്തിയെങ്കിലും അവസാന പന്തില്‍ ബൗണ്ടറിക്കരികില്‍ നിന്ന് ക്യാച്ചെടുത്ത ദീപക് ഹുഡ റോയല്‍സിന്റെ ഹൃദയം തകര്‍ത്തു.

ട്വന്റി 20 ഫോർമാറ്റിൽ രാഹുലിന്റെ അവിശ്വസിനീയ തിരിച്ചുവരവ്

222 റൺസിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിന് മുന്നിൽ വെച്ചത്. 50 പന്തില്‍ 91 റണ്‍സെടുത്ത കെ.എല്‍ രാഹുലും 64 റണ്‍സെടുത്ത ദീപക് ഹുഡയുമാണ് സൂപ്പര്‍ കിംഗ്‌സിന് റണ്‍മലയൊരുക്കാന്‍ സഹായിച്ചത്. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയില്‍ 28 പന്തില്‍ 40 റണ്‍സെടുത്തു. രാജസ്ഥാന് വേണ്ടി ചേതന്‍ സകറിയ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അതേസമയം ബാറ്റിംഗ് പിച്ചായ വംഖാഡെയില്‍ കൈയെത്തി പിടിക്കാവുന്ന വിജയലക്ഷ്യമാണ് രാജസ്ഥാ്‌ന് മുന്നിലുള്ളത്.

പവര്‍ പ്ലേയില്‍ മായങ്ക് അഗര്‍വാളിനെ വീഴ്ത്തി സ്‌കറിയ റോയല്‍സിന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ മൂന്നാമതായി എത്തിയ ക്രിസ് ഗെയിലുമായി ചേര്‍ന്ന് കെ.എല്‍ രാഹുല്‍ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചു. സ്പിന്നര്‍മാരെയും ഒരുപോലെ തല്ലിത്തകര്‍ത്ത സഖ്യം സ്‌കോര്‍ അതിവേഗം മുന്നോട്ടുനയിച്ചു.

10-ാം ഓവറില്‍ ക്രിസ് ഗെയില്‍ പുറത്താവുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ 89ലെത്തിയിരുന്നു. 28 പന്ത് നേരിട്ട ഗെയില്‍ 4 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 40 റണ്‍സെടുത്താണ് പുറത്താവുന്നത്. ഗെയിലിന് പിന്നാലെയെത്തിയ ദീപക് ഹുഡ രാഹുലിനൊപ്പം അപകടകാരിയായി മുന്നേറി. ഇതിനിടെ രാഹുല്‍ അര്‍ധസെഞ്ച്വറിയിലെത്തി. മറുവശത്ത് ദീപക് ഹുഡയും അതിവേഗം അര്‍ധസെഞ്ച്വറി നേടിയതോടെ സ്‌കോറിംഗിന് വീണ്ടും വേഗത കൈവന്നു.

101 റണ്‍സ് കൂട്ടുക്കെട്ടുയര്‍ത്തിയാണ് ഹുഡ-രാഹുല്‍ സഖ്യം പിരിയുന്നത്. ഹുഡയെ പുറത്താക്കി 18-ാം ഓവറില്‍ മോറിസ് തിരിച്ചടിച്ചു. ആറ് സിക്‌സും 4 ബൗണ്ടറിയും പറത്തിയ ഹുഡ 64 റണ്‍സെടുത്തു. ഇതേ ഓവറില്‍ ലെഗ് സ്ലിപ്പില്‍ നിക്കോളാസ് പൂരനെ പറന്നുപിടിച്ച് റയാന്‍ പരാഗ് രാജസ്ഥാന് ആത്മവിശ്വാസം നല്‍കി. പിന്നാലെ ചേതന്‍ സകറിയയുടെ പന്തില്‍ രാഹുലും പുറത്തായി. 50 പന്തില്‍ 91 റണ്‍സെടുത്താണ് രാഹുല്‍ പുറത്താവുന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ മോശം ഫോമിലായിരുന്ന രാഹുലിന്റെ അവിശ്വസീനമായ തിരിച്ചുവരവാണിത്. 5 സിക്‌സും 7 ബൗണ്ടറിയും അടിച്ച രാഹുല്‍ തന്നെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

എട്ട് ബൗളര്‍മാരെയാണ് സഞ്ജു വംഖാഡെയില്‍ പരീക്ഷിച്ചത്. റയാന്‍ പരാഗ് ഒഴികെ എല്ലാവരും 8ന് മുകളില്‍ റണ്‍സ് വഴങ്ങി. ഒരു ഓവറില്‍ 20 റണ്‍സ് വഴങ്ങിയ ശിവം ദുംബയാണ് ഏറ്റവും കൂടുതല്‍ ഇക്കണോമി റേറ്റുള്ള ബൗളര്‍. താരതമ്യെന മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച ചേതന്‍ സ്‌കറിയയാണ് ബൗളിംഗ് സ്്ക്വാഡില്‍ മികച്ചു നിന്നത്. 7.15 ഇക്കണോമിയിലാണ് താരത്തിന്റെ ബൗളിംഗ്.

Covid 19 updates

Latest News