
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ തുടര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നടത്തിവന്ന ട്രെയിന്‍ തടയല്‍ സമരം നിര്‍ത്തിവെച്ച് പഞ്ചാബിലെ കര്‍ഷകര്‍. കര്‍ഷക യൂണിയനുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്ന സമരമാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ അപേക്ഷപ്രകാരം പിന്‍വലിക്കുന്നത്. ഇതോടെ രണ്ടുമാസത്തിന് ശേഷം സംസ്ഥാനത്ത് പാസഞ്ചര്‍, ചരക്ക് ട്രെയിനുകള്‍ കടത്തിവിടാന്‍ തീരുമാനമായി.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കര്‍ഷകസംഘടനകള്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാനുള്ള തീരുമാനമായിരിക്കുന്നത്. മുന്‍പ് ചരക്ക് ട്രെയിനുകളുടെ സര്‍വ്വീസ് ആരംഭിക്കണമെന്ന കര്‍ഷകരുടെ ആവശ്യം റെയില്‍വേ തള്ളിയിരുന്നു. ഇതോടെയാണ് പാസഞ്ചര്‍ ട്രെയിനുകള്‍ വീണ്ടും തടഞ്ഞത്. പ്രശ്‌ന പരിഹാരമാകുന്നതോടെ പഞ്ചാബിലേക്കുള്ള സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചിരുന്ന സമരം കര്‍ഷക വിരുദ്ധനിയമങ്ങളില്‍ ചര്‍ച്ച തുടരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന്മേലാണ് പിന്‍വലിക്കുന്നത്. കര്‍ഷകസമരത്തെത്തുടര്‍ന്ന് 22000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായത്. നവംബര്‍ 23 രാത്രി മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും.