Top

പഞ്ചാബില്‍ ബിജെപി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു; രാജി കര്‍ഷകനിയമങ്ങളില്‍ പ്രതിഷേധിച്ച്; പ്രക്ഷോഭത്തിന് പിന്തുണ

പാര്‍ട്ടി നേതാക്കളടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രാജി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിയില്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അതേ സമയം പഞ്ചാബില്‍ സിഖ് മുഖങ്ങള്‍ നഷ്ടപ്പെടുന്നത് ബിജെപിയെ പ്രതികൂലമായി ആയിരിക്കും ബാധിക്കുന്നത്.

17 Oct 2020 11:31 AM GMT

പഞ്ചാബില്‍ ബിജെപി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു; രാജി കര്‍ഷകനിയമങ്ങളില്‍ പ്രതിഷേധിച്ച്; പ്രക്ഷോഭത്തിന് പിന്തുണ
X

കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിങ് കാങ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമടക്കം രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് അശ്വനി ശര്‍മയ്ക്ക് മല്‍വിന്ദര്‍ പ്രതിഷേധം വ്യക്തമാക്കി രാജിക്കത്ത് കൈമാറി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ആഴ്ച്ചകളായി നടത്തിവരുന്ന ജനകീയ പ്രക്ഷോഭത്തിനിടെയാണ് രാജി. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും പ്രശ്നം പരിഹരിക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടും ഫലം ഉണ്ടാകുന്നില്ലെന്ന് മല്‍വിന്ദര്‍ രാജിക്കത്തില്‍ പറഞ്ഞു.

പാര്‍ട്ടി നേതാക്കളടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രാജി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിയില്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അതേ സമയം പഞ്ചാബില്‍ സിഖ് മുഖങ്ങള്‍ നഷ്ടപ്പെടുന്നത് ബിജെപിയെ പ്രതികൂലമായി ആയിരിക്കും ബാധിക്കുന്നത്.

കന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബിലെ നിരവധി ബിജെപി നേതാക്കളാണ് ഇത്തരത്തില്‍ പാര്‍ട്ടി വിടുന്നത്. പുതിയ നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ബിജെപി വിരുദ്ധ രാഷ്ട്രീയ പശ്ചാത്തലം പഞ്ചാബില്‍ രൂപികരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിയമങ്ങളെ പിന്തുണയ്ക്കുന്ന ബിജെപി നേതാക്കളെ കര്‍ഷകര്‍ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കാത്ത അവസ്ഥ വരെ നിലനില്‍ക്കുന്നുണ്ട്. ഒപ്പം ദീര്‍ഘകാല സഖ്യ കക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ തങ്ങളുടെ പ്രതിനിധിയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പിന്‍വലിച്ച് എന്‍ഡിഎ വിട്ടുപോവുകയും ചെയ്തു.

Next Story