
ലക്നൗ: അലഹബാദ് ഹൈക്കോടതിയുടെ പേര് പ്രയാഗ് രാജ് ഹൈക്കോടതിയെന്നോ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെന്നോ മാറ്റണമെന്ന അപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയാണ് അഭിഭാഷകന് അശോക് പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. പൊതുതാല്പര്യ ഹര്‍ജിയായി ആണ് അപേക്ഷ നല്‍കിയത്.
2018 ഒക്ടോബര്‍ 16 ന് സംസ്ഥാന സര്‍ക്കാര്‍ അലഹബാദ് ജില്ലയെ പ്രയാഗ് രാജ് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ പേരുമാറ്റണമെന്ന ആവശ്യം ഹര്ജിക്കാരന് ഉന്നയിച്ചത്.
എന്നാല്‍ കേസ് പരിഗണിച്ച കോടതി ഭരണഘടനാപ്രകാരം പേരുമാറ്റുന്നതിനുള്ള അധികാരം നിയമസഭയ്ക്കാണെന്നും അതില്‍ ഇപെടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടാണ് ഇത്തരമൊരു അനാവശ്യ ഹര്‍ജി സമര്‍പ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കോടതിയില്‍ തന്നെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ ഹര്ജിക്കാരനില് നിന്ന് പിഴ ഈടാക്കുന്നതില്‍ നിന്ന് കോടതി മാറി നിന്നു. ജസ്റ്റിസ് പങ്കജ് കുമാര്‍ ജസ്വാള് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലെ ലഖ്നൗ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
‘വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകള്ക്കായുള്ള ഹൈക്കോടതി’യായി സ്ഥാപിക്കപ്പെട്ട അലഹബാദ് കോടതി 1869-ലാണ് ആഗ്രയില്‍ നിന്ന് അലഹബാദിലേക്ക് മാറ്റുന്നത്. 1919-ല്‍ ‘അലഹബാദ് ഹൈക്കോടതി ജുഡീഷ്യറി’ എന്ന പേരില്‍ പേറ്റന്റോടെ കോടതിയുടെ പേരുമാറ്റി. 1919 മാര്‍ച്ച് 11 മുതലുള്ള ഈ പേര് ഇന്നുവരെ തുടരുന്നു.
- TAGS:
- Allahabad High Court