Top

‘സാബു ജേക്കബിന്റെ 50 കോടി വേണ്ട’; ആരോപണങ്ങളില്‍ ഉറച്ച് മറുപടിയുമായി പിടി തോമസ്

കൊച്ചി: കിറ്റെക്സിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ സാബു ജേക്കബ് നല്‍കുമെന്ന് പ്രഖ്യാപിച്ച 50 കോടി രൂപ വേണ്ടെന്ന് പിടി തോമസ് എംഎല്‍എ. ജീവന്റേയും പരിസ്ഥിതിയുടേയും കുടിവെള്ളത്തിന്റേയും പ്രശ്‌നമാണ്. അതിനെയെല്ലാം കേവലം 50 കോടിയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ല. തെറ്റായ മാര്‍ഗങ്ങളിലൂടെയുള്ള പണമായതിനാല്‍ തനിക്ക് ആ തുക ആവശ്യമില്ലെന്നും പി ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, താന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പി ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് […]

22 Jun 2021 5:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സാബു ജേക്കബിന്റെ 50 കോടി വേണ്ട’; ആരോപണങ്ങളില്‍ ഉറച്ച് മറുപടിയുമായി പിടി തോമസ്
X

കൊച്ചി: കിറ്റെക്സിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ സാബു ജേക്കബ് നല്‍കുമെന്ന് പ്രഖ്യാപിച്ച 50 കോടി രൂപ വേണ്ടെന്ന് പിടി തോമസ് എംഎല്‍എ. ജീവന്റേയും പരിസ്ഥിതിയുടേയും കുടിവെള്ളത്തിന്റേയും പ്രശ്‌നമാണ്. അതിനെയെല്ലാം കേവലം 50 കോടിയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ല. തെറ്റായ മാര്‍ഗങ്ങളിലൂടെയുള്ള പണമായതിനാല്‍ തനിക്ക് ആ തുക ആവശ്യമില്ലെന്നും പി ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, താന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പി ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് കടമ്പ്രയാര്‍ നദി. നദിയിലേക്ക് ഒഴുക്കുന്ന മാലിന്യം ശുദ്ധജല ശ്രോതസിനെ ഗുരുതരമായി ബാധിക്കും. എന്നിരിക്കെ 13 വര്‍ഷം പിന്നിട്ടിട്ടും സുപ്രീംകോടതി നിഷ്‌കര്‍ഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സിസ്റ്റം കിറ്റെക്‌സ് കമ്പനി സ്ഥാപിച്ചിട്ടില്ല. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച മറുപടി ചൂണ്ടിക്കാട്ടിയായിരുന്നു പിടി തോമസിന്റെ പ്രതികരണം.

എല്ലാ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന ഉടമ സാബു ജേക്കബിന്റെ വാദം തെറ്റാണ്. കിറ്റെക്‌സ് കമ്പനിയില്‍ നിന്നുള്ള മാലിന്യം കടമ്പ്രയാര്‍ നദി മലിനപ്പെടുത്തുന്നുണ്ടെന്ന് 2021 ഫെബ്രുവരിയിലെ ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ ഉന്നയിക്കപ്പെട്ടിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പാണ് താന്‍ ഇതുസംബന്ധിച്ച് നടപടികളിലേക്ക് കടന്നതെന്നും ആ കാരണത്താലാണ് തനിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രതികാരം ചെയ്യാന്‍ സാബു ജേക്കബ് ശ്രമിച്ചതെന്നും പി ടി തോമസ് എംഎല്‍എ ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുകൊണ്ട് താന്‍ വിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

250 പേര്‍ മാത്രം ജോലി ചെയ്യുന്ന ഡൈയിംഗ് ആന്‍ഡ് ബ്ലീച്ചിംഗ് കമ്പനി അടച്ചുപൂട്ടുകയല്ല പകരം രാജ്യത്തെ നിയമം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ കമ്പനി പ്രവര്‍ത്തിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടാറുള്ള എറണാകുളത്താണ് ട്വന്റി ട്വന്റി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി ട്വന്റിയെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും പിടി തോമസ് പറഞ്ഞു.

കിറ്റെക്സ് കമ്പനിക്കെതിരായി പി ടി തോമസ് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ 50 കോടി രൂപ നല്‍കാമെന്നായിരുന്നു സാബു എം ജേക്കബിന്റെ പ്രഖ്യാപനം. അഞ്ചു കാര്യങ്ങള്‍ രേഖകള്‍ സഹിതം ഏഴ് ദിവസത്തിനുള്ളില്‍ തെളിയിക്കണമെന്നായിരുന്നു വെല്ലുവിളി. തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ലെങ്കില്‍ ജനങ്ങളോട് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎല്‍എ സ്ഥാനം രാജിവെച്ച് ഇറങ്ങി പോകാന്‍ തയ്യാറാവണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതായി ജൂണ്‍ 16- ന് പ്രഖ്യാപിച്ച എംഎല്‍എ ജൂണ്‍ 22 ന് മറുപടി നല്‍കുമെന്ന് അറിയിച്ചിരുന്നു.

‘കടമ്പ്രയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള വെല്ലുവിളികള്‍ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തതുകൊണ്ടു മാത്രം അതിന് ഈ മാസം 22 ന് മറുപടി നല്‍കുന്നതാണ്. 50 കോടി പോലെ വന്‍ തുക ഇനാം പ്രഖ്യാപിക്കുമ്പോള്‍, അതേക്കുറിച്ച് പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാക്കുന്നതിനായി എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള മാന്യത ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടതാണ്. വസ്തുതാപരമായ മറുപടിക്ക് ശേഷം ഈ തുക ലഭിക്കുമ്പോള്‍ അത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങുന്നതിനായി ഉപയോഗിക്കുന്നതാണ്’- എന്നുമായിരുന്നു അന്നത്തെ മറുപടിയില് പി ടി തോമസ് പറഞ്ഞത്.

കമ്പനി മാലിന്യങ്ങള്‍ കടമ്പ്രയാറില്‍ ഒഴുക്കി കിറ്റക്‌സ് നദി മലിനമാക്കുന്നുവെന്നും തിരുപ്പൂരില്‍ കോടതി ഇടപെട്ട് അടച്ച കമ്പനിയാണ് കിറ്റെക്സ് എന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണം.

Also Read: പ്രഫുല്‍ പട്ടേലിന് വന്‍തിരിച്ചടി; രണ്ട് വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ; സ്റ്റേ ഹര്‍ജികളില്‍ അന്തിമ ഉത്തരവ് വരുംവരെ

Next Story