Top

‘സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ്’;അദ്ദേഹത്തിന് മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാറിയില്ലെന്ന് പിടി തോമസ് എംഎല്‍എ

സഭാ ടിവി തട്ടിപ്പിന്റെ കൂടാരമാണെന്ന് പറഞ്ഞ അദ്ദേഹം സ്പീക്കര്‍ക്ക് സഭയില്‍ മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചു.

21 Jan 2021 1:25 AM GMT

‘സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ്’;അദ്ദേഹത്തിന് മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാറിയില്ലെന്ന് പിടി തോമസ് എംഎല്‍എ
X

അവിശ്വാസ പ്രമേയത്തിനിടെ സ്പീക്കര്‍ക്കെതിരെ ആരോപണവുമായി പിടി തോമസ് എംഎല്‍എ. സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനായാണ് പെരുമാറുന്നതെന്നും അദ്ദേഹം നിഷ്പക്ഷനല്ലെന്നും പിടി തോമസ് പറഞ്ഞു. സഭാ ടിവി തട്ടിപ്പിന്റെ കൂടാരമാണെന്ന് പറഞ്ഞ അദ്ദേഹം സ്പീക്കര്‍ക്ക് സഭയില്‍ മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചു.

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രമേയത്തിനിടെയായിരുന്നു ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്.

ഡോളര്‍ കള്ളക്കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് പി ശ്രീരാമകൃഷ്‌നെതിരെ അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്. സ്വപ്നയുമായി കുടുംബപരമായി ബന്ധമുണ്ടെന്നു നേരത്തെ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം ഉമ്മര്‍ പറഞ്ഞത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളിലൊരാളുടെ വര്‍ക്ക് ഷോപ് ഉദ്ഘാടനത്തിനു സ്പീക്കര്‍ പോയി. വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും സ്വീകരിച്ചില്ല. ഓരോ ദിവസം ഗൗരവകരമായ വാര്‍ത്തയാണ് വരുന്നത്. സ്പീക്കറുടെ പഴ്സനല്‍ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഇവിടെ നിയമസഭയുടെ അന്തസാണ് പ്രശ്നമെന്നായിരുന്നു എം ഉമ്മര്‍ എംഎല്‍എ നിമസഭയില്‍ പറഞ്ഞത്.

അതിനിടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമേയം അനുവദിക്കരുതെന്ന് ഇടത് എംഎല്‍എ എസ് ശര്‍മ തടസവാദം ഉന്നയിച്ചു. വസ്തുതകളുടെ പിന്‍ബലമില്ലാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്ന പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയത്തിന്റെ ഡ്രാഫ്റ്റിങ്ങില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി ജി സുധാകരന്‍ രംഗത്തെത്തി. ഇതിന് ഉമ്മര്‍ നല്‍കിയ മറുപടിയെത്തുടര്‍ന്ന്് അദ്ദേഹവും ജി സുധാകരനും തമ്മില്‍ വാഗ്വാദം മുറുകി. സുധാകരന്‍ കളിയാക്കുകയാണ് ചെയ്തതെന്ന് ആരോപിച്ച ഉമ്മര്‍, ഇങ്ങോട്ട് കളിയാക്കിയാല്‍ തിരിച്ച് കളിയാക്കുമെന്ന് തിരിച്ചടിച്ചു. തുടര്‍ന്ന് സുധാകരന്‍ എപ്പോഴും പ്രതിപക്ഷത്തിന്റെ തലയില്‍ കയറാന്‍ വരേണ്ട എന്ന് ഉമ്മര്‍ പറഞ്ഞു. ഇതില്‍ ഭരണപക്ഷ എംഎല്‍എമാര്‍ ബഹളമുണ്ടാക്കി. ഈ പ്രയോഗം സഭ്യതയ്ക്ക് നിരക്കില്ലെന്നും സഭാ രേഖകളില്‍നിന്നും നീക്കം ചെയ്യണമെന്നും വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്. ഡയസ്സില്‍ നിന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇറങ്ങി. ഡെപ്യൂട്ടി സ്പീക്കറുടെ ചെയറിലേക്ക് അദ്ദേഹം മാറി. സഭയില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എം ഉമ്മറാണ് പ്രമേയം അവതരിപ്പിക്കുന്നത്.

വളരെ അപൂര്‍വ്വമായിട്ടാണ് നിയമസഭയില്‍ സപീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം വരാറുള്ളത്. ഇതിനു മുന്‍പ് വക്കം പുരുഷോത്തമന്‍, എസി ജോസ് എന്നിവരാണ് സ്പീക്കര്‍ സ്ഥാനത്തിരുന്ന് അവിശ്വാസ പ്രമേയങ്ങളെ നേരിട്ടിട്ടുള്ളത്.

Next Story