Top

സാബു ജേക്കബിനെതിരെ ഒരുകോടിയുടെ മാന നഷ്ടക്കേസുമായി പിടി തോമസ്; സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍, നോട്ടീസ് അയച്ചു

കൊച്ചി: കിറ്റെക്‌സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പി ടി തോമസ് എംഎല്‍എ. ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കിഴക്കമ്പലത്തെ കിറ്റെക്‌സ് ബ്ലീച്ചിംഗ് യൂണിറ്റില്‍ നിന്നും പുറന്തള്ളുന്ന വ്യാവസായിക മാലിന്യങ്ങള്‍ കടമ്പ്രയാറിനെ മലിനപ്പെടുത്തുന്നു എന്നും സ്ഥാപനത്തിന് റിവേഴ്‌സ് ഓസ്‌മോസ് പ്ലാന്റില്ല എന്നുമുള്ള തന്റെ ആരോപണങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലായിരുന്നു കമ്പനിക്കെതിരെ താന്‍ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് അവകാശപ്പെട്ട സാബു ജേക്കബിന്റെ പ്രതികരണങ്ങളിലെ പരാമര്‍ശങ്ങള്‍ തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും […]

10 July 2021 10:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാബു ജേക്കബിനെതിരെ ഒരുകോടിയുടെ മാന നഷ്ടക്കേസുമായി പിടി തോമസ്; സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍, നോട്ടീസ് അയച്ചു
X

കൊച്ചി: കിറ്റെക്‌സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പി ടി തോമസ് എംഎല്‍എ. ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കിഴക്കമ്പലത്തെ കിറ്റെക്‌സ് ബ്ലീച്ചിംഗ് യൂണിറ്റില്‍ നിന്നും പുറന്തള്ളുന്ന വ്യാവസായിക മാലിന്യങ്ങള്‍ കടമ്പ്രയാറിനെ മലിനപ്പെടുത്തുന്നു എന്നും സ്ഥാപനത്തിന് റിവേഴ്‌സ് ഓസ്‌മോസ് പ്ലാന്റില്ല എന്നുമുള്ള തന്റെ ആരോപണങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലായിരുന്നു കമ്പനിക്കെതിരെ താന്‍ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് അവകാശപ്പെട്ട സാബു ജേക്കബിന്റെ പ്രതികരണങ്ങളിലെ പരാമര്‍ശങ്ങള്‍ തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുന്‍പ് കിറ്റെക്‌സിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ച് സാബു ജേക്കബ് അയച്ച 100 കോടിയുടെ മാന നഷ്ടക്കേസില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പി ടി തോമസ് അറിയിച്ചു. താന്‍ ഉന്നയിച്ച പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെന്നും നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോഴും ആവശ്യപ്പെടുന്നതെന്നും പി ടി തോമസ് വ്യക്തമാക്കി. സര്‍ക്കാര്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇതുമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിറ്റെക്സ് കമ്പനി എവിടെയെല്ലാം പ്ലാന്റുകള്‍ തുടങ്ങണമെന്ന് തീരുമാനിയ്ക്കേണ്ടത് സാബു എം ജേക്കബാണ്. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ കമ്പനി സ്വന്തം നാട്ടില്‍ നില്‍ക്കണമെന്നില്ലെന്ന് തോന്നിയതിനാലാണ് തെലങ്കാനയിലേയ്ക്ക് പോയത്. എന്നാല്‍ മുന്‍പ് വ്യവസായം തുടങ്ങാന്‍ ശ്രീലങ്കയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിട്ട് പോയില്ലല്ലോ എന്നും പി ടി തോമസ് പറഞ്ഞു.

Also Read: ബേക്കറി യൂണിറ്റ് തുടങ്ങാന്‍ കൈക്കൂലി; തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് എംവി ഗോവിന്ദന്‍

അതേസമയം, കേരളം വ്യവസായ സൗഹൃദമല്ലെന്ന് ആരോപിച്ച സാബു ജേക്കബിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്നും വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6612 കോടി രൂപയുടെ നിക്ഷേപമെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ മറുപടി: കാലഹരണപ്പെട്ടതും വസ്തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നത്. പറഞ്ഞു പഴകിയ ഈ വാദം ഇപ്പോഴും ഉയര്‍ത്തുന്നത് കേരളത്തിനെതിരെ ഉള്ള വാദമാണ്. കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണത്. ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്. സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്.

നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍ നാലാം സ്ഥാനവും കേരളത്തിന് കൈവരിക്കാനായി. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക്സ് റിസര്‍ച്ചിന്റെ 2018ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴില്‍, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണിത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സോഫ്റ്റ് വെയര്‍ അധിഷ്ഠിത പരാതി രഹിത സംവിധാനമുണ്ടാക്കും. നിലവിലുള്ള ത്രിതല സംവിധാനത്തിന് പുറമേ സംസ്ഥാനത്തെ എല്ലാ വ്യവസായ പാര്‍ക്കുകളിലും സംരംഭകര്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിന് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കുകയാണ്.

എംഎസ്എംഇ കള്‍ക്ക് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്. കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ ഡിസംബറില്‍ പൂര്‍ത്തിയാക്കും.

നിയമങ്ങളില്‍ മാറ്റം വരുത്തിയും നടപടികള്‍ ലളിതമാക്കിയും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഒട്ടേറെ നടപടികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍ ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത് കേരള ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി. നിക്ഷേപത്തിനുള്ള ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ആവിഷ്‌കരിച്ചു.

മുപ്പതോളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷാഫോറം ഇതിന്റെ ഭാഗമായി തയ്യാറാക്കി. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഇല്ലെങ്കില്‍ കല്പിത അനുമതി ലഭിച്ചതായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്തു. മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം. മൂന്നുവര്‍ഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസന്‍സും അനുമതികളും നേടിയാല്‍ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം.

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6612 കോടി രൂപയുടെ നിക്ഷേപമെത്തി. 2 ലക്ഷം യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. നൂറുകോടി രൂപ വരെ മുതല്‍മുടക്കുള്ള . വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നു. നിക്ഷേപകര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചക്കകം ആവശ്യമായ അംഗീകാരം നല്‍കും. കെ സ്വിഫ്റ്റ് വഴി അപേക്ഷ നല്‍കാം. എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെ എസ് ഐ ഡി സി എംഡി കണ്‍വീനറായി നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ രൂപീകരിച്ചു. സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടോള്‍ ഫ്രീ സൗകര്യം, സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രൂപീകരിച്ച ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഇന്‍വെസ്റ്റ് കണക്ട് ന്യൂസ് ലെറ്റര്‍, വ്യവസായ ലൈസന്‍സ് കാലാവധി 5 വര്‍ഷമായി വര്‍ധിപ്പിക്കാനുള്ള നടപടി, ലൈസന്‍സ് പുതുക്കുന്നതിന് ഓട്ടോ റിന്യൂവല്‍ സൗകര്യം, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള അനുമതി, അസെന്‍ഡ് നിക്ഷേപക സംഗമം തുടങ്ങിയവ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികളും പദ്ധതികളുമാണ്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് ഈ വര്‍ഷമെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടയില്‍ ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകര്‍ക്കാനുള്ളതായി വിലയിരുത്തപ്പെടും. നിയമവും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും. അത്തരം പരിശോധനകള്‍ സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല. അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാന്‍, നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകും.

Also Read: ‘നോട്ട് നിരോധനത്തേക്കാള്‍ ഗൗരവതരമായ സാഹചര്യം, അമിത് ഷാ ലക്ഷ്യം വെയ്ക്കുന്നത് കേരളത്തെ’; ജൂലൈ 13 ന് പ്രതിഷേധ ധര്‍ണ്ണ

Next Story