Top

ട്വന്റി ട്വന്റിയ്ക്ക് പിന്നില്‍ പിണറായി വിജയനാണെന്ന് പിടി തോമസ്; ‘കിറ്റെക്‌സിന്റേത് ജനാധിപത്യത്തെ രണ്ട് കിലോ അരി കാട്ടി വിലയ്‌ക്കെടുക്കാനുള്ള ശ്രമം’

എന്നാല്‍ പി.ടി.തോമസിന്റെ ആരോപണങ്ങള്‍ ജനം തിരസ്‌കരിക്കുന്ന നേതാക്കളുടെയും പാര്‍ട്ടികളുടേയും കോലാഹലം മാത്രമാണെന്ന് ട്വന്റി ട്വന്റി യൂത്ത് വിങ്ങ് കോഡിനേറ്ററും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകനുമായ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

3 April 2021 10:57 AM GMT

ട്വന്റി ട്വന്റിയ്ക്ക് പിന്നില്‍ പിണറായി വിജയനാണെന്ന് പിടി തോമസ്; ‘കിറ്റെക്‌സിന്റേത് ജനാധിപത്യത്തെ രണ്ട് കിലോ അരി കാട്ടി വിലയ്‌ക്കെടുക്കാനുള്ള ശ്രമം’
X

ജനാധിപത്യത്തെ രണ്ട് കിലോ അരി കാട്ടി വിലക്ക് വാങ്ങാനുള്ള ശ്രമത്തിലാണ് കിഴക്കമ്പലം കിറ്റക്‌സ് കമ്പിനി എന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ്. ട്വന്റി ട്വന്റിക്ക് പിന്നില്‍ പിണറായി വിജയനാനെന്നും പിടി തോമസ് ആരോപിക്കുന്നു. എന്നാല്‍ പി.ടി.യുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫിന്റെ പരാജയഭീതിയാണെന്നാണ് ട്വന്റി ട്വന്റിയുടെ പ്രത്യാരോപണം. വോട്ടെടുപ്പ് അടുത്തതോടെ കടുത്ത പ്രതിരോധത്തിലാണ് കൊച്ചിയില്‍ മുന്നണികള്‍.

തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതോടെ യുഡിഎഫിന്റെ ശക്തി കേന്ദ്രമായ എറണാകുളം ജില്ലയില്‍ ഇത്തവണ മത്സരം കടക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. പരമ്പരാഗതമായി കിട്ടിപ്പോരുന്ന വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ട്വന്റിട്വന്റിക്കായോ എന്ന ആശങ്കയാണ് ഇവിടെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ട്വന്റി ട്വന്റിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പി ടി തോമസ് രംഗത്തെത്തിയത്. എറണാകുളം ജില്ലയില്‍ 2020 ഉം സിപിഐഎമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുവെന്ന് പിടി തോമസ് ആരോപിച്ചു.

പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്കായി പോയപ്പോള്‍ അവിടെ വ്യവസായികളുടെ സമ്മേളനം സംഘടിപ്പിക്കാനും ഫണ്ട് സ്വരൂപിക്കാനും മുന്നില്‍ നിന്നത് കിറ്റക്ക്‌സ് കമ്പിനി എംഡിയാണെന്ന് പിടി തോമസ് ആരോപിച്ചു. കൊച്ചിയിലെ കടമ്പ്രയാറിനെ മാലിന്യം കൊണ്ട് മൂടുന്ന കമ്പനിയെ രക്ഷിക്കുന്നത് പിണറായി വിജയനാണെന്നും പിടി തോമസ് പറഞ്ഞു.കിഴക്കമ്പലം കമ്പനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ മാത്രമുള്ളതാണെന്നും ജനാധിപത്യത്തെ രണ്ട് കിലോ അരി കാട്ടി വിലക്ക് വാങ്ങാനാണ് ട്വന്റി ട്വന്റി ശ്രമിക്കുന്നതെന്നും പിടി തോമസ് ആരോപിച്ചു.

എന്നാല്‍ പി.ടി.തോമസിന്റെ ആരോപണങ്ങള്‍ ജനം തിരസ്‌കരിക്കുന്ന നേതാക്കളുടെയും പാര്‍ട്ടികളുടേയും കോലാഹലം മാത്രമാണെന്ന് ട്വന്റി ട്വന്റി യൂത്ത് വിങ്ങ് കോഡിനേറ്ററും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകനുമായ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം നന്നായി അറിയാവുന്ന ജനസമൂഹം ഉള്ള നാടെന്ന നിലയിലാണ് കിഴക്കമ്പലത്തിന് ചുറ്റുമുള്ള മണ്ഡലങ്ങള്‍ തെരെഞ്ഞെടുത്തതെന്നും ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആരെങ്കിലും നിലവിലെ എംഎല്‍എ മാര്‍ക്ക് എതിരെ വോട്ടു ചെയ്താല്‍ എന്താണ് കുഴപ്പമെന്നും വര്‍ഗീസ് ജോര്‍ജ് ചോദിച്ചു.

കേരളം മുഴുവന്‍ സംഘടനാ ശേഷിയും ശക്തിയുമുള്ള സിപിഐഎംഎന്തിനാണ് ട്വന്റി ട്വന്റി പോലൊരു സംവിധാനത്തെ ബി ടീമായി രംഗത്തിറക്കുന്നതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. മാലിന്യപ്രശ്‌നത്തിന്റെ ആരോപണങ്ങള്‍ വര്‍ഷങ്ങളായുണ്ട്. എന്നാല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡടക്കം സര്‍ക്കാര്‍ സംവിധാനം കയ്യിലുണ്ടായിരുന്ന കാലത്ത് എന്തേ കോണ്‍ഗ്രസ് ഈ പ്രശ്‌നം കണ്ടെത്തി നടപടി എടുക്കാത്തതെന്നും വര്‍ഗീസ് ജോര്‍ജ് ചോദിച്ചു. മികച്ച വിജയം 2020 സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷിക്കുമ്പോള്‍ കടുത്ത വോട്ട് നഷ്ടം വരുമോ എന്ന ആശങ്കയിലാണ് എറണാകുളം ജില്ലയില്‍ യുഡിഎഫ്.

Next Story