Top

‘തലയില്‍ മുണ്ടിട്ട് നടക്കുന്ന ആളല്ല, ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോകും’; പിടി തോമസ്

ഇടപ്പള്ളിയില്‍ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ താന്‍ പോകുമെന്ന് പിടി തോമസ് എംഎല്‍എ. റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലയില്‍ മുണ്ടിട്ട് നടക്കുന്ന ആളല്ല, ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോകുമെന്നാണ് പിടി തോമസ് പറഞ്ഞത്. കള്ളപ്പണ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെതിരെയും പിടി തോമസ് പ്രതികരിച്ചു.പിടി തോമസിന് ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. […]

9 Oct 2020 5:00 AM GMT

‘തലയില്‍ മുണ്ടിട്ട് നടക്കുന്ന ആളല്ല, ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോകും’; പിടി തോമസ്
X

ഇടപ്പള്ളിയില്‍ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ താന്‍ പോകുമെന്ന് പിടി തോമസ് എംഎല്‍എ. റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലയില്‍ മുണ്ടിട്ട് നടക്കുന്ന ആളല്ല, ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോകുമെന്നാണ് പിടി തോമസ് പറഞ്ഞത്. കള്ളപ്പണ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെതിരെയും പിടി തോമസ് പ്രതികരിച്ചു.
പിടി തോമസിന് ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എംഎല്‍എ നേരിട്ട് പങ്കെടുക്കുന്നു. ഖദറില്‍ ഗാന്ധിയുടെ ഓര്‍മയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാന്‍ അഭിമാന ബോധമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും റഹീം പറഞ്ഞിരുന്നു. ഇതിനോടാണ് പിടി തോമസ് പ്രതികരിച്ചത്.

എന്റെ ഖദര്‍ പരിശുദ്ധമാണ്. ആയിരം വര്‍ഷം റഹീം ശ്രമിച്ചാലും എന്റെ കളങ്കമുണ്ടാക്കാന്‍ കഴിയില്ല. റഹീമൊന്നും പിടിയെ തൂക്കി നോക്കാന്‍ വരേണ്ട. മോഹമുക്തരായ ഏതെങ്കിലും ഭരണപക്ഷ ബെഞ്ചിലുണ്ടെങ്കില്‍ രാജാവ് നഗ്നനാണ് എന്ന് പറയണം. അവര്‍ താളം പിടിക്കുക മാത്രമാണ്. ഇയാള്‍ യൂണിവേഴ്‌സിറ്റി കാട്ടികൂട്ടിയ ഞെട്ടിക്കുന്ന അഴിമതിക്കഥകളുണ്ടെന്നാണ് പിടി തോമസിന്റെ പ്രതികരണം.

ഇന്ന് രാവിലെ പിടി തോമസ് മാധ്യമങ്ങളെ കാണുകയും സംഭവത്തില്‍ വിശദീകരണം നടത്തുകയും ചെയ്തിരുന്നു.

പിടി തോമസിന്റെ വിശദീകരണം ഇങ്ങനെ

‘ആക്ഷേപങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നായിരുന്നു ഞാന്‍ ഇന്നലെ കരുതിയത്. എന്നാല്‍, മലയാളത്തില്‍ ഏറ്റവും പ്രമുഖ ചാനലായ ഏഷ്യാനെറ്റ്, ‘പണമിടപാടില്‍ പിസി തോമസിന്റെ ബന്ധം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു, ഉദ്യോഗസ്ഥര്‍ എത്തിയതോടെ പിസി തോമസ് സംഭവ സ്ഥലത്തുനിന്നും പോയി’ എന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്തു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ചില കാര്യങ്ങള്‍ വിശദീകരിക്കണം എന്ന് കരുതിയത്. ഏഷ്യാനെറ്റിന്റെ വാര്‍ത്തയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കും.

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ അക്രമത്തില്‍ കേസില്‍ പ്രതിയായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശന്റെ കുടുംബം കഴിഞ്ഞ 40 വര്‍ഷമായി മൂന്ന് സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കുടികിടപ്പിന്റെ ഉടമയുമായി തര്‍ക്കത്തിലായിരുന്നു. ഇവര്‍ക്ക് കുടികിടപ്പ് കിട്ടിയത് സിഐടിയു നേതാവ് കെഎന്‍ രവീന്ദ്രനാഥിന്റെ സഹോദരിയില്‍നിന്നാണ്. എന്നാല്‍ 1998ലോ മറ്റോ രാമകൃഷ്ണന്‍ എന്നൊരാള്‍ ഈ സ്ഥലം വാങ്ങി. 50 വര്‍ഷത്തോളം കുടികിടപ്പുകാരായിരുന്ന ഇവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. ദിനേശന്‍ മരിച്ചുപോയി. ദിനേശന്റെ ഭാര്യ തങ്കമണിയും മൂന്ന് മക്കളും ഒഴിയാന്‍ തയ്യാറായില്ല. കോര്‍പറേഷനില്‍ കരമടയ്ക്കുന്ന രസീതി അവരുടെ പക്കലുണ്ട്. ഒരു ചെറിയ ഹോട്ടല്‍ നടത്തിവരികയാണ് അവര്‍. ഞാന്‍ എംഎല്‍എയായപ്പോള്‍ ദിനേശന്റെ മകന്‍ ബാബു എന്ന് വിളിക്കുന്ന രാജശേഖരന്‍ ഡ്രൈവറായി എന്നോടൊപ്പം രണ്ടുമൂന്ന് വര്‍ഷം ഉണ്ടായിരുന്നു. ബാബു പിന്നീട് മരിച്ചു. അവന്റെ സഹോദരങ്ങള്‍ രാജീവനും ദിനേശും ഈ കഴിഞ്ഞ മാസം എന്റെയടുത്ത് വന്ന് ഈ പ്രശ്‌നം പറഞ്ഞു. ഞങ്ങള്‍ പരമ്പരാഗത കമ്മ്യൂണിസ്റ്റുകാരാണെന്നും ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണ കേസില്‍ തങ്ങളുടെ പിതാവ് പ്രതിയാണെന്നും തങ്ങള്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും എംഎല്‍എ സഹായിക്കണമെന്നും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞിട്ടാണ് ഇവര്‍ എന്റെയടുത്ത് വന്നത്.

വാര്‍ഡിലെ സിപിഐഎം കൗണ്‍സിലര്‍മാരായ ഗോപി, സിന്ധു, വെണ്ണലയിലെ സിപിഐഎം നേതാക്കളും പ്രശ്‌നം പരിഹരിക്കാന്‍ രാമകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും പരിഹാരമുണ്ടായില്ല. അവസാനം മറ്റ് വഴികളില്ലാതെയാണ് അവര്‍ എന്റെയടുത്ത് വന്നത്. രാമകൃഷ്ണനോട് എന്നെ വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണെന്നും, എംഎല്‍എ മധ്യസ്ഥം വഹിക്കണമെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ വാര്‍ഡ് കൗണ്‍സിലര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി, ഇവരുടെ കുടുംബാംഗങ്ങള്‍, രാമകൃഷ്ണന്‍ എന്നിവരുമായി 2/10/2020ല്‍ ഈ സ്ഥലത്ത് ഞാന്‍ പോവുകയും അവിടെയിരുന്ന് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു.

തര്‍ക്കത്തില്‍ 80 ലക്ഷം രൂപയ്ക്ക് കരാറായെന്നും എംഎല്‍എയുടെ മധ്യസ്ഥതയില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യത്തില്‍ മുദ്രപത്രത്തില്‍ കരാറുണ്ടാക്കാന്‍ പറഞ്ഞു. അന്നത്തെ യോഗം പിരിയുകയും വീണ്ടും 8/10/2020ന് രാവിലെ പത്തുമണിക്ക് ഇവരുടെ വീട്ടില്‍ കൂടാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഞാന്‍ അവിടെ പോകാന്‍ ശ്രമിച്ചപ്പോള്‍ ഇവരെന്നെ വിളിച്ച് 11 മണിക്ക് ശേഷം വന്നാല്‍ മതിയെന്ന് അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവരെല്ലാം അവിടെയുണ്ടായിരുന്നു. കരാര്‍ വായിച്ചു. അങ്ങനെ 80 ലക്ഷം രൂപ കൊടുത്ത് മൂന്ന് സെന്റ് സ്ഥലം കൈമാനായി രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് അവരുടെ കൈയിലേക്ക് കൊടുക്കുകയും ചെയ്തു. ഈ സമയത്ത് ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി.

ഇങ്ങനെയൊരു ചര്‍ച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അഞ്ചുമന ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ ഒരു നിവേദനം തന്നിരുന്നു. അവരുടെ ആവശ്യം റോഡില്‍നിന്ന് ഞാന്‍ രാമകൃഷ്ണനോട് പറഞ്ഞു. ഞാനും അമ്പലക്കമ്മക്കാരും എന്റെ വണ്ടികിടക്കുന്നിടത്തേക്ക് നടക്കുമ്പോള്‍ കുറച്ച് ആളുകള്‍ വരുന്നത് കണ്ടു. ഇന്‍കം ടാക്‌സുകാരാണെന്ന് പറഞ്ഞു. അവര്‍ വീട്ടിലേക്ക് കയറുന്നത് ഞാന്‍ കണ്ടു. ഞാന്‍ ഓഫീസിലേക്ക് പോയി.

പിന്നീട് ഇന്‍കം ടാക്‌സുകാര്‍ പണം പിടിച്ചെടുത്തെന്നും കേസാക്കിയെന്നും അറിഞ്ഞു. ഇത് കള്ളപ്പണമാണ്, കുഴല്‍പ്പണമാണ്, എംഎല്‍എ കൂട്ടുനിന്നെന്നാണ് ദേശാഭിമാനിയും കൈരളി ചാനലും ഡിവൈഎഫ്‌ഐയുമൊക്കെ പറയുന്നത്. ലോകത്ത് ആരെങ്കിലും കള്ളപ്പണം കരാര്‍ ഉണ്ടാക്കിക്കൊടുക്കുവോ? കള്ളപ്പണമാണെങ്കില്‍ പ്രതിയെ പിടികൂടണം. അതിന് ഞാനോ വാര്‍ഡ് കൗണ്‍സിലറോ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയോ ഉത്തരവാദികളല്ല. ഇതാണ് സത്യം.

ക്ലേശമനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ ഇടപെടുന്ന എംഎല്‍എയാണ് ഞാന്‍. ഇനിയും ഇടപെടും. എന്റെ മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നിരാശരായ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ഇടപ്പള്ളി കേസിലെ പ്രതിയായിരുന്നിട്ടും, പല കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വന്നിട്ടും നീതി കിട്ടാത്ത ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന് വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. അത് തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

രാമകൃഷ്ണന്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ രാമകൃഷ്ണനെ കയ്യാമം വെക്കുകയോ തൂക്കിക്കൊല്ലുകയോ തുറങ്കിലടക്കുകയോ എന്ത് ചെയ്താലും എനിക്കൊരു വിരോധവുമില്ല. ഈ പണം ആ പാവങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ അറിഞ്ഞത്. ഞാനവരെ ബന്ധപ്പെട്ട് ഒരു കാരണവശാലും ആ സ്ഥലത്തുനിന്നും മാറരുതെന്നും അവിടെത്തന്നെ താമസിക്കാനും പറഞ്ഞിട്ടുണ്ട്. ആ കമ്മ്യൂണിസ്റ്റ് കുടുംബത്തിന് പണവും നീതിയും കിട്ടുന്നതുവരെ തൃക്കാക്കര എംഎല്‍എ എന്ന നിലയില്‍ പോരാടും. കൈരളിയോ ദേശാഭിമാനിയോ ഡിവൈഎഫ്‌ഐയോ മാതാപിതാക്കളില്ലാത്ത സാമൂഹിക മാധ്യമങ്ങളിലെഴുതുന്നവരോ ആക്ഷേപിച്ചാലും പിന്തിരിയില്ല. തെരുവിലിരിക്കുന്ന ചെണ്ട പോലെയാണ് പൊതുപ്രവര്‍ത്തകന്റെ ജീവിതം. ആര്‍ക്കും അടിക്കാം.

Next Story