പത്ത് വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന 221 താല്‍ക്കാലിക ജോലിക്കാരെ കൂടി സ്ഥിരപ്പെടുത്തി; റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം തുടരുന്നു
വയനാട് മെഡിക്കല്‍ കോളെജ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാനായി 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

പത്തുവര്‍ഷത്തിലേറെയായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന 221 താല്‍ക്കാലിക ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. സ്കോള്‍ കേരളയില്‍ 54 പേരെയും സംസ്ഥാനയുവജനക്ഷേമ ബോര്‍ഡില്‍ 37 പേരെയും കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷനില്‍ 14 പേരെയും കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ 100 പേരെയുമാണ് സ്ഥിരപ്പടുത്തിയത്.
സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വ്വന്റ്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്സിന്റെ ആവശ്യം ഇന്നലത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. വയനാട് മെഡിക്കല്‍ കോളെജ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാനായി 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
കേരള കയര്‍ ബോര്‍ഡില്‍ യുഡിസി, എല്‍ഡിസി ഉള്‍പ്പെടെ 55 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അറിയിപ്പുണ്ട്. അഡ്വക്കേറ്റ് ജനറല്‍ ബോര്‍ഡില്‍ 60 തസ്തികകളും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകളും സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
അതേസമയം പിന്വിവാദ നിയമനവിവാദങ്ങള്‍ ഉയര്‍ത്തി സെക്രട്ടറിയേറ്റിനുമുന്നില്‍ 24 ദിവസമായി തുടരുന്ന റാങ്ക് ഹോള്ഡേഴസിന്റെ സമരം കൂടുതല്‍ ശക്തമാകുന്നു. സമരം നടത്തുന്ന ഉദ്യാഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.