‘താല്‍പര്യം കേന്ദ്രത്തിന്റെ പങ്കു പറ്റാന്‍ മാത്രം’; കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരെ പിഎസ് ശ്രീധരന്‍ പിള്ളയുടെ രഹസ്യ റിപ്പോര്‍ട്ട്
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര വിമര്‍ശനവുമായി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യ പ്രകാരം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനത്തെക്കുറിച്ച് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കേരളത്തിലെ ഭൂരിപക്ഷം ബിജെപി നേതാക്കള്‍ക്കും ചില സംഘപരിവാര്‍ നേതാക്കള്‍ക്കും കേന്ദ്ര ഭരണത്തിന്റെ പങ്കു പറ്റുന്നതിന് മാത്രമാണ് താല്‍പര്യമെന്ന് റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു. ഒപ്പം കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളേക്കാല്‍ എത്ര ശതമാനം വോട്ട് ബിജെപിക്ക് ഇത്തവണ കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ കണക്കുകളോടെ […]
27 May 2021 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര വിമര്‍ശനവുമായി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യ പ്രകാരം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനത്തെക്കുറിച്ച് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
കേരളത്തിലെ ഭൂരിപക്ഷം ബിജെപി നേതാക്കള്‍ക്കും ചില സംഘപരിവാര്‍ നേതാക്കള്‍ക്കും കേന്ദ്ര ഭരണത്തിന്റെ പങ്കു പറ്റുന്നതിന് മാത്രമാണ് താല്‍പര്യമെന്ന് റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു. ഒപ്പം കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളേക്കാല്‍ എത്ര ശതമാനം വോട്ട് ബിജെപിക്ക് ഇത്തവണ കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ കണക്കുകളോടെ ബിജെപി ദേശീയ നേതൃത്വത്തിനു മുന്നില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ,
പതിറ്റാണ്ടിനിടെ ബിജെപിക്ക് സംഭവിച്ച ഏറ്റവും വലിയ പരാജയമാണ് നിയമ സഭാ തെരഞ്ഞെടുപ്പിലേത്. പരാജയം നേരിട്ട കോണ്‍ഗ്രസ് ഇതിനകം തെറ്റു തിരുത്തല്‍ നടപടികള്‍ തുടങ്ങി. പുതുതായി വന്ന പ്രതിപക്ഷ നേതാവുള്‍പ്പെടെ പൊതുവായ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ സത്യം അംഗീകരിക്കാത്ത ബിജെപി നേതാക്കള്‍ മനപൂര്‍വം ഇരുട്ടില്‍ തപ്പുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ജയിക്കാമായിരുന്നു. ബിജെപിയിലെ ചില നേതാക്കളുടെ ഉദാസീനത കാരണം സീറ്റു കിട്ടാതെ പോയി. വ്യക്തിപരമായി ആരുടെയും മേല്‍ പഴിചാരുന്നില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം കുറഞ്ഞില്ലെന്ന വാദം തെറ്റാണ്. എന്‍ഡിഎയ്ക്ക് മൂന്ന് ശതമാനം വോട്ട് കുറഞ്ഞു. അതേസമയം എല്‍ഡിഎഫിന് മൂന്ന് ശതമാനവും യുഡിഎഫിന് ഒരു ശതമാനവും വോട്ട് വര്‍ധനയുണ്ടായി.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 5.7 ലക്ഷം വോട്ടും 2016 നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4.29 ലക്ഷം വോട്ടും ഇക്കുറി ബിജെപിക്ക് നഷ്ടമായി. ഒപ്പം ബിജെപി വോട്ട് മറിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണ്.
പതിനാറ് പേജുള്ള റിപ്പോര്‍ട്ടാണ് ശ്രീധരന്‍ പിള്ള കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. വോട്ട് ശതമാനവും മറ്റും സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തയെ ശ്രീധരന്‍ പിള്ള നിഷേധിച്ചു.