Top

ഒളിമ്പിക്‌സ് വേദിയില്‍ പ്രതിഷേധം ഇതാദ്യമല്ല; അള്‍ജീരിയന്‍ താരത്തിനു മുന്‍ഗാമികളേറെ

പലസ്തീനെതിരേ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ടോക്യോ ഒളിമ്പിക്‌സ് വേദിയില്‍ ഇസ്രയേല്‍ താരത്തിനെതിരേ മത്സരിക്കാന്‍ വിസമ്മതിച്ച അള്‍ജീരിയന്‍ താരം ഫതഹി നൗറീനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. ജൂഡോ താരമായ ഫതഹി ഇസ്രായേല്‍ താരവുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടം ഒഴിവാക്കാന്‍ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറുകയാണ് ചെയ്തത്. താരത്തിന്റെ ഈ നിലപാടിെനതിരേ രാജ്യാന്തര ഒളിമ്പിക് അസോസിയേഷന്‍ സസ്‌പെന്‍ഷനടക്കമുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഫതഹി വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഒളിമ്പിക്‌സ് വേദികളില്‍ ഇതിനു മുമ്പ് ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങള്‍ കൂടിയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. ലോകം ഒന്നിച്ചുകൂടുന്ന ഒരു […]

24 July 2021 8:35 AM GMT
Syam Saseendran

ഒളിമ്പിക്‌സ് വേദിയില്‍ പ്രതിഷേധം ഇതാദ്യമല്ല; അള്‍ജീരിയന്‍ താരത്തിനു മുന്‍ഗാമികളേറെ
X

പലസ്തീനെതിരേ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ടോക്യോ ഒളിമ്പിക്‌സ് വേദിയില്‍ ഇസ്രയേല്‍ താരത്തിനെതിരേ മത്സരിക്കാന്‍ വിസമ്മതിച്ച അള്‍ജീരിയന്‍ താരം ഫതഹി നൗറീനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍.

ജൂഡോ താരമായ ഫതഹി ഇസ്രായേല്‍ താരവുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടം ഒഴിവാക്കാന്‍ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറുകയാണ് ചെയ്തത്. താരത്തിന്റെ ഈ നിലപാടിെനതിരേ രാജ്യാന്തര ഒളിമ്പിക് അസോസിയേഷന്‍ സസ്‌പെന്‍ഷനടക്കമുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

ഫതഹി വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഒളിമ്പിക്‌സ് വേദികളില്‍ ഇതിനു മുമ്പ് ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങള്‍ കൂടിയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. ലോകം ഒന്നിച്ചുകൂടുന്ന ഒരു കായിക മാമാങ്കത്തില്‍ രാഷ്ട്രീയ-വംശീയ- വ്യക്തിപര പ്രതിഷേധങ്ങള്‍ അരങ്ങേറുക സ്വാഭാവികം.

രാഷ്ട്രീയവും വംശീയവുമായ എതിര്‍സ്വരങ്ങള്‍ ഒളിമ്പിക്‌സ് പോലുള്ള വേദികളില്‍ ഉയര്‍ത്തെരുതെന്ന കര്‍ശന നിബന്ധനയാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ അത് ലംഘിച്ചും ലോകത്തെ പിടിച്ചുകുലുക്കിയ ചില പ്രതിഷേധങ്ങളുടെ കഥ ഒന്നുകൂടി വായിക്കാം.

1936 ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ലോങ് ജമ്പില്‍ വിജയിക്കുള്ള സ്വര്‍ണ മെഡല്‍ നേടിയ ശേഷം അമേരിക്കന്‍ താരം ജെസി ഓവന്‍സിന്റെ സല്യൂട്ട്.

1936:- ബെര്‍ലിനിലെ 'നാസി ഒളിമ്പിക്‌സ്'

അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന ഏകാധിപതിയുടെ നാസി പാര്‍ട്ടി പിറവി കൊള്ളുംമുമ്പേ 1931-ലാണ് 1936-ലെ ഒളിമ്പിക്‌സിന്റെ വേദിയായി ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനെ നിശ്ചയിക്കുന്നത്. പിന്നീടുള്ള അഞ്ചു വര്‍ഷങ്ങള്‍ക്കിടെയ ജര്‍മനിയില്‍ നടന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ബെര്‍ലിന്‍ ഒളിമ്പിക്‌സിന്റെ ശോഭ കെടുത്തുംവിധം പല രാജ്യങ്ങളുടെയും പിന്മാറ്റത്തിനു കാരണമായി.

എന്നിട്ടും 49 രാജ്യങ്ങള്‍ പുതിയ വേഗവും ഉയരവും ദൂരവും തേടി ബെര്‍ലിനില്‍ എത്തി. ഇതിനെ തങ്ങളുടെ 'ആര്യന്‍' പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനായാണ് ജര്‍മന്‍ സര്‍ക്കാര്‍ ഉപയോഗിച്ചത്. ഇതു ശ്രദ്ധയില്‍ പെട്ടതോടെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഇടപെടുകയും ഇത്തരത്തിലുള്ള നീക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയുഗ ചെയ്തു. കൂടാതെ ജൂത വംശജരായ അത്‌ലറ്റുകളെ മത്സരിപ്പിക്കില്ലെന്ന ജര്‍മന്‍ നിലപാടിനെതിരേയും ഐ.ഒ.സി. നിലകൊണ്ടു.

ഇതൊക്കെ ഗെയിംസ് തുടങ്ങും മുമ്പുള്ള കോലാഹലങ്ങളായിരുന്നു. ഐ.ഒ.സിയുടെ എതിര്‍പ്പുകള്‍ ജര്‍മനിക്ക് തിരിച്ചടിയായെങ്കില്‍ അവര്‍ക്കുള്ള കനത്ത പ്രഹരം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. മൂന്നു വ്യക്തിഗത സ്വര്‍ണവും ടീമിനിനത്തില്‍ ഒരു സ്വര്‍ണവും കഴുത്തിലണിഞ്ഞു നിന്ന് അമേരിക്കയെ പ്രതിനിധീകരിച്ചിറങ്ങിയ ഇതിഹാസ താരം ജെസി ഓവന്‍സാണ് അന്നു ജര്‍മനിയുടെയും സാക്ഷാല്‍ ഹിറ്റ്‌ലറിന്റെയും മുഖത്തടിച്ചത്.

100 മീറ്റര്‍, 200 മീറ്റര്‍, ലോങ് ജമ്പ് എന്നീ വ്യക്തിഗതി ഇനങ്ങളിലും 4-100 മീറ്റര്‍ റിലേയിലുമായിരുന്നു ഓവന്‍സ് സ്വര്‍ണമണിഞ്ഞത്. ഇതില്‍ ലോങ്ജമ്പില്‍ സ്വര്‍ണമണിഞ്ഞു പോഡിയത്തില്‍ നിന്ന ശേഷം ഓവന്‍സ് നല്‍കിയ സല്യൂട്ട് വംശീയ വിദ്വേഷങ്ങള്‍ക്കെതിരായ എക്കാലത്തെയും മികച്ച പ്രഹരമായിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സ്:- 1948

ജപ്പാന്റെ കീഴടങ്ങലോടെയാണ് രണ്ടാം ലോക മഹായുദ്ധത്തിന് അവസാനമായത്. ലോകത്തെ ദുരിതക്കയത്തിലാക്കിയ ആ മഹായുദ്ധത്തില്‍ മുഖ്യ പങ്കാളികളായ ജപ്പാന്‍, ജര്‍മനി, സോവിയറ്റ് യൂണിയന്‍ എന്നീ പ്രമുഖ രാജ്യങ്ങളുടെ അഭാവമാണ് 48-ലെ ലണ്ടന്‍ ഒളിമ്പിക്‌സിനെ ശ്രദ്ധേയമാക്കുന്നത്.

യുദ്ധക്കെടുതികള്‍ക്കിടയില്‍ നടന്ന ഗെയിംസില്‍ നിന്ന് സോവിയറ്റ് യൂണിയന്‍ ഒളിമ്പിക്‌സില്‍ നിന്നു സ്വമേധയാ പിന്മാറുകയായിരുന്നെങ്കില്‍ ജര്‍മനിയെയും ജപ്പാനെയും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കുകയായിരുന്നു. വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയമായിരുന്നു ആ ഒളിമ്പിക്‌സിന്റെ പ്രധാന സ്‌റ്റേഡിയം. ആ സ്‌റ്റേഡിയത്തിലേക്കുള്ള പ്രധാന പാതകളുടെ നിര്‍മാണം നടത്തിയത് ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സേനയുടെ പിടിയിലായ ജര്‍മന്‍ യുദ്ധക്കുറ്റവാളികളായിരുന്നുവെന്നതും ഓര്‍മയില്‍ സൂക്ഷിക്കണം.

ഇരട്ട പ്രതിഷേധങ്ങളുടെ മെല്‍ബണ്‍; 1956-

67 രാജ്യങ്ങളായി 1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. ഈ മേ്‌ളയെ പക്ഷേ ഇന്നും പലരും ഓര്‍മയില്‍ സൂക്ഷിക്കുന്നത് രണ്ടു പ്രതിഷേധങ്ങളുടെ പേരിലാണ്. വിധ്യാതമായ സൂയസ് കനാലുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലും.

സീനാ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ കടന്നുകയറ്റമായിരുന്നു രൂക്ഷമായ സൂയസ് കനാല്‍ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. ഇതില്‍ പ്രതിഷേധിച്ച് അറബ് രാജ്യങ്ങളായ ഈജിപ്റ്റ്, ലെബനന്‍, ഇറാഖ് എന്നിവര്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ തഏരുമാനിച്ചു. ഇതിന്റെ ആശങ്കകള്‍ നിലനില്‍ക്കെയാണ് സോവിയറ്റ് യൂണിയന്‍ ഹംഗറിയില്‍ കടന്നുകയറ്റം നടത്തുന്നത്. സോവിയറ്റ് ഭരണകൂടത്തിന്റെ ഈ അതിക്രമത്തില്‍ പ്രതിഷേധിച്ചു ഹോളണ്ട്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ബഹിഷ്‌കരണം പ്രഖ്യാപിച്ചു. എന്നാല്‍ ആ ഒളിമ്പിക്‌സില്‍ ഹംഗറി മത്സരിച്ചുവെന്നതാണ് ഏറെ രസാവഹമായ കാര്യം.

1968 മെക്‌സിക്കോ ഒളിമ്പിക്‌സില്‍ 'കറുത്ത മുഷ്ടി' ഉയര്‍ത്തി അമേരിക്കന്‍ താരങ്ങളായ ടോമി സ്മിത്തിന്റെയും ജോണ്‍ കാര്‍ലോസിന്റെയും പ്രതിഷേധം.

കൂട്ടക്കൊലയും കറുത്ത മുഷ്ടിയും കണ്ട മെക്‌സിക്കോ ഗെയിംസ്:- 1968

ഒളിമ്പിക്‌സ് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ രണ്ടാം സ്ഥാനമാണ് 1968-ല്‍ നടന്ന മെക്‌സിക്കോ ഒളിമ്പിക്‌സിനുള്ളത്. വിദ്യാര്‍ഥി സമരത്തെ തോക്കിന്‍ കുഴല്‍കൊണ്ട് അടിച്ചമര്‍ത്തുന്നതിന് ലോകം സാക്ഷിയായ ഗെയിംസ്.

സര്‍ക്കാര്‍ ഫണ്ടുകള്‍ ജനോപകാരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാതെ ഒളിമ്പിക്‌സ് പോലുള്ള വലിയ മേളയ്ക്ക് വകമാറ്റുന്നതിനെതിരേയായിരുന്നു അന്ന് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ടലെറ്റെലോല്‍കോ ചത്വരത്തില്‍ ഒത്തുകൂടിയത്. ഈ പ്രതിഷേധത്തിനെ മെക്‌സിക്കന്‍ ഭരണകൂടം നേരിട്ടത് തോക്കുപയോഗിച്ച്.

സൈനിക നടപടിയില്‍ ജീവന്‍ പൊലിഞ്ഞത് 200 പേര്‍ക്ക്, ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിലേറെയും കറുത്തവര്‍ഗക്കാര്‍. ഇതില്‍ പ്രതിഷേധിച്ച് യു.എസ്. താരങ്ങളായ ടോമി സ്മിത്തും ജോണ്‍ കാര്‍ലോസും നടത്തിയ പ്രതിഷേധം കായികപ്രേമികള്‍ക്ക് ഒരുകാലത്തും മറക്കാനാകില്ല.

പുരുഷന്മാരുടെ 200 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണവും വെങ്കലവും നേടിയ ഇവര്‍ മെഡല്‍ സ്വീകരിക്കാന്‍ പോഡിയത്തില്‍ കയറിയത് നഗ്നപാദരായി. മെഡല്‍ സമ്മാനിക്കുന്നതിനു മുന്നോടിയായി അമേരിക്കയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കറുത്ത ഗ്ലൗസ് അണിഞ്ഞ ഇടതു മുഷ്ടി ചുരുട്ടി തലയ്ക്കു മുകളില്‍ ഉയര്‍ത്തിച്ച പിടിച്ച അവര്‍ വര്‍ണവിവേചനത്തിനെതിരേ പ്രതിഷേധിക്കാന്‍ തങ്ങളുടെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം തന്നെയാണ് ഉപയോഗിച്ചത്.

1972 മ്യൂണിക് ഗെയിംസിനിടെ ഇസ്രയേലി താരങ്ങളെ ബന്ധികളാക്കി സൂക്ഷിച്ച ഗെയിംസ് വില്ലേജിലെ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ കാവല്‍ നില്‍ക്കുന്ന പലസ്തീനി തീവ്രവാദി.

ഒളിമ്പിക്‌സ് ചരിത്രത്തിലെ രക്തക്കറ; 1972, മ്യൂണിക്

പോരാട്ടങ്ങളും വീരേതിഹാസങ്ങളും തോല്‍വികളും കണ്ണീരും പുഞ്ചിരിയുമൊക്കെ കണ്ട ഒളിമ്പിക് വേദി ആദ്യമായി രക്തരൂക്ഷിതമായത് 1972-ലായിരുന്നു. ഇന്നു ലോകത്തിനു തന്നെ ഭീഷണിയായി മാറിയ മതതീവ്രവാദത്തിന്റെ തുടക്കകാലം.

ഇന്ന് ഇസ്രയേല്‍ നടത്തുന്ന അതിക്രമത്തിനെതിരേ പ്രതിഷേധിച്ച് അത്‌ലറ്റ് പിന്മാറുമ്പോള്‍ അന്ന് ഇരയുടെ ഭാഗത്തായിരുന്നു 'സയണിസ്റ്റുകള്‍'. പലസ്തീനെതിരായ ഇസ്രയേല്‍ നിലപാടുകള്‍ക്കെതിരേ പ്രതികരിക്കാന്‍ പലസ്തീനി തീവ്രവാദ ഗ്രൂപ്പുകള്‍ അന്ന് തെരഞ്ഞെടുത്തത് അക്രമത്തിന്റെ വഴിയായിരുന്നു.

ഗെയിംസ് വില്ലേജില്‍ അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ രണ്ട് ഇസ്രയേലി അത്‌ലറ്റുകളെ വധിക്കുകയും ഒമ്പത് താരങ്ങളെ ബന്ധികളാക്കുകയും ചെയ്തു. ഇസ്രയേലിന്റെ പിടിയിലുള്ള 200 പലസ്തീനികളെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ബന്ധികളെ മോചിപ്പിക്കാനുള്ള ജര്‍മന്‍ പോലീസിഴന്റ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഒമ്പതു ബന്ധികളെയും തീവ്രവാദികള്‍ വധിച്ചു. പിന്നീട് അക്രമികളെ പോലീസ് വെടിവച്ചു കൊന്നെങ്കിലും ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഏവരും മറക്കാന്‍ ആഗ്രഹിക്കുന്ന ഗെയിംസായിരിക്കും മ്യൂണിക്കിലേത്.

ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന്റെ ദിനങ്ങള്‍ക്കിടെ ഡര്‍ബനിലെ ബീച്ചില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രവേശനമില്ലെന്ന മുന്നറിയിപ്പോടെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്.

ആഫ്രിക്കയില്ലാത്ത മോണ്‍ട്രിയോല്‍; 1976:-

ഭൂഖണ്ഡങ്ങളുടെ കൂടിച്ചേരലുകളാണ് ഓരോ ഒളിമ്പിക് ഗെയിംസും എന്നാണ് പരക്കെയുള്ള വിശ്വാസം. കിളിക്കൂടുപോലുള്ള ഒരു സ്‌റ്റേഡിയത്തിനുള്ളിലേക്ക് ലോകം ഒരുമിക്കുമ്പോള്‍ ആ ചൊല്ല് അന്വര്‍ഥമാകുകയാണ്. എന്നാല്‍ ഒളിമ്പിക് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം ഈ ചൊല്ല് തെറ്റിപ്പോയി; 1976-ല്‍.

ഏഴു ഭൂഖണ്ഡങ്ങളില്‍ ഒരെണ്ണത്തിന്റെ പ്രാതിനിധ്യം ഏറെക്കുറേ ഇല്ലാതെ ഒരു ഗെയിംസ് നടന്നു. 1976-ല്‍ കനേഡിയന്‍ നഗരമായ മോണ്‍ട്രിയലില്‍ നടന്ന ഒളിമ്പിക്‌സില്‍ ആഫ്രിക്കയില്‍ നിന്ന് 12 രാജ്യങ്ങളാണ് വിട്ടുനിന്നത്. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായിരുന്നു കാരണം.

2016 റിയോ ഒളിമ്പിക്‌സില്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പതാകയ്ക്കു കീഴില്‍ ഇറങ്ങിയ 'അഭയാര്‍ഥി ടീം' വിശ്വപ്രസിദ്ധമായ റെഡീമര്‍ ഓഫ് ക്രൈസ്റ്റ് പ്രതിമയ്ക്കു മുന്നില്‍.

അഭയാര്‍ഥികളുടെ റിയോ ഒളിമ്പിക്‌സ്; 2016:-

ഇന്ത്യക്ക് പി.വി. സിന്ധുവിന് സ്വര്‍ണം നഷ്ടമായ ഗെയിംസാണ് ബ്രസീലിലേതെങ്കില്‍ ഒളിമ്പിക് ചരിത്രത്തിലാദ്യമായി അഭയാര്‍ഥികളുടെ ടീം മത്സരിച്ച ഗെയിംസ് എന്ന പേരിലായിരിക്കും റിയോ ഒളിമ്പിക്‌സ് ലോക കായിക ചരിത്രത്തില്‍ പേരു കുറിച്ചിരിക്കുക.

അഭയാര്‍ഥി ഒളിമ്പിക് ടീം എന്ന പേരില്‍ ഒരു സംഘം താരങ്ങള്‍, നാടും നാട്ടുകൂട്ടവും വിലക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്തവരുടെ ഒരു സംഘം റിയോയില്‍ മത്സരത്തിനിറങ്ങി. അതും സമാധാനത്തിന്റെ നിറമായ വെള്ളയില്‍ കൂട്ടായ്മയുടെ അടയാളമായ വൃത്തങ്ങള്‍ അടയാളപ്പെടുത്തിയ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പതാകയുടെ കീഴില്‍. ലോകത്തെ അഭയാര്‍ഥി പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഐ.ഒ.സി. നടത്തിയ നീക്കമായിരുന്നു അത്.

സിറിയ, ദക്ഷിണ സുഡാന്‍, എത്യോപ്യ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് നാടും വീടും ഉപേക്ഷിക്കേണ്ടി വന്നവരായിരുന്നു ആ ടീമില്‍. ജയിക്കാന്‍ മത്സരിക്കുന്നവര്‍ക്കിടയില്‍ ഞങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നു ലോകത്തിനു മുന്നില്‍ ഉറക്കെ വിളിച്ചുപറയാന്‍ വന്നവരുടെ ഒരു സംഘം, ലോകത്തിന്റെ മനം കവര്‍ന്നായിരിക്കും അവര്‍ റിയോയില്‍ നിന്നു മടങ്ങിയിട്ടുണ്ടാവുക.

Next Story